'ബിഗ് ബോസിൽ പങ്കെടുത്താൽ പണം വരുന്നത് ഇങ്ങനെ, ചോദിക്കാതെ തന്നെ കാശ് കിട്ടും'.. കിടിലം ഫിറോസ് പറയുന്നു
ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതോടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്, പ്രത്യേകിച്ച് സാമ്പത്തികമായി. ഷോയിൽ പങ്കെടുക്കുന്നവർക്ക് വലിയ ശമ്പളമാണ് ദിവസവും കിട്ടാറുള്ളതെന്ന് മത്സരാർത്ഥികൾ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് എന്ന ഷോ എങ്ങനെയാണ് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ മത്സരാർത്ഥികളെ സഹായിക്കുന്നതെന്ന് തുറന്ന് പറയുകയാണ് സീസൺ 3യിലെ മത്സരാർത്ഥിയായിരുന്ന കിടിലം ഫിറോസ്. ബിഗ് ബോസ് കഴിഞ്ഞപ്പോൾ താൻ പോലും അറിയാതെ കുറെ പണം വന്ന് ചേർന്നുവെന്നാണ് ഫിറോസ് പറയുന്നത്.
' ബിഗ് ബോസിൽ പങ്കെടുത്തത് കൊണ്ട് എനിക്കുണ്ടായ മാറ്റം സനാഥാലയം തുടങ്ങാൻ സാധിച്ചുവെന്നതാണ്. കാൻസർ രോഗികൾക്കായൊരിടം എന്നതാണ് സനാഥാലയം കൊണ്ട് ഉദ്ദേശിച്ചത്. ബിഗ് ബോസിൽ പോകും മുൻപ് എനിക്കൊരു വീടില്ലായിരുന്നു. 20 കൊല്ലത്തോളം വാടക വീട്ടിലാണ് ഞാൻ കഴിഞ്ഞിരുന്നത്. ഷോയിൽ നിന്നും തിരിച്ചുവന്നപ്പോൾ എനിക്ക് വീട് വെക്കാൻ പറ്റി. മക്കളുടെ പഠനത്തെ കുറിച്ച് പേടിയുണ്ടായിരുന്നു. അവരുടെ പഠനത്തിനും ഒരു പോളിസി സെറ്റ് ചെയ്ത് ഇടാൻ പറ്റി. ഇത്തരത്തിലുള്ള സാമ്പത്തിക മെച്ചമല്ലാതെ എന്റെ പേഴ്സ്ണാലിറ്റിയിലോ പേഴ്സോണയിലോ വലിയ മാറ്റം ഉണ്ടായിട്ടില്ല.

ബിഗ് ബോസിന് മുൻപ് ഞാൻ ഒരു മോട്ടിവേഷ്ണൽ സ്പീക്കർ എന്ന നിലയിലാണ് ആളുകൾ കണ്ടത്. എന്നാൽ ഷോയ്ക്ക് ശേഷം എന്റെ നെഗറ്റീവും പോസിറ്റീവും ആളുകൾ മനസിലാക്കി. അത് വേണമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന നെഗറ്റീവ് എനർജി ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം എനിക്ക് തോന്നിയിട്ടില്ല. ഷോയ്ക്ക് ശേഷം കുറെ സുഹൃത്തുക്കൾ പിരിഞ്ഞ് പോയിരുന്നു. കുറെ വേണ്ടപ്പെട്ടവർ വന്ന് ചേർന്നു. പിരിഞ്ഞ് പോയവരുടെ എണ്ണെത്തെക്കാൾ വന്ന് ചേർന്നവരുടെ എണ്ണമാണ് കൂടിയത്. അങ്ങനെയൊക്കെ വെച്ച് നോക്കുമ്പോൾ ബിഗ് ബോസിന് ശേഷം മെച്ചമേ ഉണ്ടായിട്ടുള്ളൂ. സാമ്പത്തിക മെച്ചം ഉണ്ടായി, സൗഹൃദങ്ങളുടെ എണ്ണം കൂടി , കുറെ അടുത്ത ബന്ധങ്ങൾ കിട്ടി, കുറച്ചുകൂടി നിലയുറപ്പിക്കാൻ പറ്റി.
മുൻപൊക്കെ രാത്രി കിടക്കുമ്പോൾ എങ്ങനെയാണ് ഒരു നല്ല വീട് വെയ്ക്കാൻ പറ്റുകയെന്ന തോന്നൽ ഉണ്ടായിരുന്നു. ലോൺ എന്ന സംവിധാനത്തോടൊക്കെ എനിക്ക് പേടിയായിരുന്നു. നമ്മൾ ജീവിക്കുന്നത് സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാണ്. ലോൺ ഇതൊക്കെ കളയും. അതുകൊണ്ട് വീടൊക്കെ വെയ്ക്കാൻ സാധിക്കുനോയെന്നതൊക്കെ ആശങ്കയായിരുന്നു. വീടൊക്ക വെയ്ക്കാനുള്ള പണമൊക്കെ കിട്ടുന്ന സ്ഥിതിക്ക് ബിഗ് ബോസ് മെച്ചം തന്നെയാണ്. ബിഗ് ബോസിലേക്ക് പോകാൻ ഒരു അവസരം വന്ന് കഴിഞ്ഞാൽ തീർച്ചയായും പോകണം. സാധാരണക്കാരുടെ ജീവിതത്തിൽ തീർച്ചയായും ബിഗ് ബോസ് മാറ്റങ്ങൾ കൊണ്ടുവരും.
സാമ്പത്തികമെച്ചം എന്ന് പറയുന്നത് ബിഗ് ബോസ് പൈസ തരുന്നതല്ല. ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിലേക്ക് പോകുമ്പോൾ ശമ്പളം ഉണ്ടാകും അതല്ലാതെ നമ്മൾ കുറച്ചുകൂടി ജനകീയമാകും. നമ്മൾക്ക് പ്രചാരം കിട്ടുമ്പോൾ നമ്മളുമായി ബന്ധപ്പെട്ട് കിടക്കുന്ന ബിസിനസുകളുടെ പ്രചാരം കൂടും. അപ്പോൾ നമ്മുക്ക് അതിന്റെ ബ്രാൻഡ് അംബാസിഡർഷിപ്പ് കിട്ടും, പ്രമോഷൻ കിട്ടും, ഉദ്ഘാടനങ്ങൾ കിട്ടും. നമ്മൾ ചോദിക്കാതെ തന്നെ നമ്മുടെ കൈയ്യിലേക്ക് പണം വരും. അതുകൊണ്ട് ബിഗ് ബോസിൽ നിന്നും വിളി വന്നാൽ നെഗറ്റീവ് വരുമെന്ന് പേടിച്ചിരിക്കാതെ അപ്പോൾ തന്നെ പോയി പങ്കെടുക്കണം', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications