'നമ്മൾ കരുതും പോലെയല്ല, നല്ല ഉഡായിപ്പാണ് അവിടെ...അന്ന് ലാലേട്ടൻ പോലും ദേഷ്യപ്പെട്ടു';കിടിലം ഫിറോസ്
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുകയാണ്. മാർച്ച് 10 നാണ് ഷോ ആരംഭിക്കുന്നത്. അതിനിടയിൽ ഇപ്പോഴിതാ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ കിടിലം ഫിറോസ് ഷോയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തൻറെ സീസണിലെ ചില മത്സരാർത്ഥികൾ ശ്രമിച്ചുവെന്ന് ഫിറോസ് പറയുന്നു. ഷോയുടെ ഫ്ലോ അനുസരിച്ച് മാത്രമേ അവതാരകനായ മോഹൻലാലിന് ഉൾപ്പെടെ പെരുമാറാൻ സാധിക്കൂവെന്നും ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ഫിറോസ് പറഞ്ഞു.
'നമ്മൾ കരുതും പോലെയല്ല, അവിടെ ഭയങ്കര ഉഡായിപ്പാണ്, ബിഗ് ബോസ് അല്ല കേട്ടോ. ബിഗ് ബോസ് എന്നത് നമ്മൾ തെറ്റിധരിച്ചിരിക്കും പോലെ അതൊരു നല്ല മനുഷ്യനെ കണ്ടെത്താനുള്ള പരിപാടിയല്ല. പരിപാടിയുടെ കാമ്പ് എന്താണെന്ന് വെച്ചാൽ 20 മനുഷ്യരിൽ നിന്ന് 19 പേരെ മാനസികമായും ശാരീരിക ശേഷി കൊണ്ടും തോൽപ്പിക്കുന്നവനാണോ അവനാണ് വിജയി. ഈ പരിപാടിയുടെ മത്സരാർത്ഥികളായി തിരഞ്ഞെടുക്കുന്നവർ പല ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസം ഒരാൾ ചോദിച്ചു ബിഗ് ബോസിലേക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന്. ജയിലിൽ പോയ അനുഭവം, ജോലി പോയ അനുഭവം അങ്ങനെ ജീവിതത്തിലെ പല കാര്യങ്ങളുമാണ് എനിക്ക് വിളി വരാൻ കാരണമായത്. അതുപോലെ എന്തെങ്കിലും രീതിക്ക് എസ്റ്റാബ്ലിഷ്ഡ് ആയവരെയാണ് ഇവർ വിളിക്കുന്നത്. അങ്ങനെ ആയാലേ ബിഗ് ബോസിലേക്ക് വിളി വരൂ. അല്ലെങ്കിൽ കോമണറായി പോകണം.
മത്സരാർത്ഥികളായ 20 പേരും ജയിക്കാനായി എന്തും ചെയ്യും. ഞാൻ അവിടെ പോകുമ്പോൾ എനിക്ക് ആ കോൺസപ്റ്റ് കിട്ടിയില്ല. സംഗതി ഉഡായിപ്പാണ്. ബിഗ് ബോസ് ഷോ നല്ലൊരു ഷോ ആണ്. ഷോയുടെ ഫോർമാറ്റ് എന്ന് പറയുന്നത് മറ്റ് 19 പേരെ ശാരീരികമായി ഉപദ്രവിക്കാതെ എങ്ങനെയും തോൽപ്പിക്കാമെന്നതാണ്. അതാണ് നിയമം. അതിലെവിടേയും കുതന്ത്രം ഉപയോഗിച്ചൂട എന്നൊന്നും പറയുന്നില്ല.
പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എൻറെ സീസണിലെ ചില മത്സരാർത്ഥികൾ ശ്രമിച്ചു. ഇല്ലാത്ത അസുഖം ഉണ്ടെന്ന് പറഞ്ഞ ചിലരുണ്ടായിരുന്നു. അത് തെറ്റാണ്. മൂന്നരക്കോടി ജനങ്ങളെ പറ്റിക്കലാണ്. കാൻസർ ഇല്ലാത്ത ആൾ കാനസർ ഉണ്ടെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റില്ല. അതിനെക്കുറച്ചൊക്കെ ഞാൻ തുറന്ന് പ്രതികരിച്ചപ്പോൾ എനിക്കെതിരെ പലരും രംഗത്തെത്തി. ലാലേട്ടൻ പോലും.
എനിക്ക് ഇപ്പോൾ മനസിലാകുന്നുണ്ട്, ആ ഗെയിമിന്റെ ഫ്ലോ അനുസരിച്ചേ ലാലേട്ടനൊക്കെ നിൽക്കാൻ പറ്റു. അതെന്താണ് ലാലേട്ടനെന്നെ വഴക്ക് പറയുന്നു, ഞാൻ പറയുന്നത് ന്യായമാണെന്ന് ലാലേട്ടന് അറിയാമല്ലോ എന്തിനാണ് എന്നെ ചീത്ത പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് മനസിലാകും. കാരണം ആ ഷോയുടെ ഫ്ലോ അനുസരിച്ച ഞാനൊരു വില്ലൻ പരിവേഷത്തിലേക്ക് വന്നിരുന്നു. അപ്പോൾ ലാലേട്ടന് അത് പ്രെമോട്ട് ചെയ്തേ പറ്റൂ. പൊളി ഫിറോസ് പോകുന്നത് വരെ അവനായിരുന്നു വില്ലൻ. പിന്നെ ഞാൻ ആയി. പുതിയ സീസണിലും വില്ലൻ വരും നായകനുണ്ടാകും.
എന്തായാലും ഈ നായകനും വില്ലനുമൊക്കെ രക്ഷപ്പെടും. കാരണം ഒരുപാട് പണം കൈയ്യിൽ വരും. ഈ സ്ഥാപനം (കാൻസർ രോഗികൾക്ക് വേണ്ടിയുള്ള സനാഥാലയം) തുടങ്ങാൻ തനിക്ക് 14 ലക്ഷം ആവശ്യമായി വന്നു. അത് എങ്ങും തൊടാതെ എന്റെ കൈയ്യിലെത്തി. ബിഗ് ബോസിൽ നിന്നും വന്ന പൈസയാണ്.












Click it and Unblock the Notifications