അഖിലിന്റെ വിജയം അർഹിച്ചതോ? ബിഗ് ബോസ് തന്ന ഫ്ലാറ്റില്‍ ഇതുവരെ താമസിക്കാനായില്ലെന്നും മണിക്കുട്ടന്‍
ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും മണിക്കുട്ടന്‍. ബിഗ് ബോസ് തന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവ് ഉണ്ടാക്കിയ പരിപാടിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അഖില്‍ മാരാരെ നേരത്തെ തന്നെ അറിയാം. ബിഗ് ബോസിലേക്ക് പോവുന്നതിനെക്കുറിച്ച് അഖിലുമായി സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു പദ്ധതിയെ ഇല്ലെന്നായിരുന്നു അന്ന് പറഞ്ഞതെന്നും മണിക്കുട്ടന്‍ പറയുന്നു. ബി4ബ്ലേസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖില്‍ മാരാർ എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ആദ്യമായി പരസ്പരം കാണുന്നത് സെലിബ്രറ്റി ക്രിക്ക്റ്റ് ലീഗ് സമയത്താണ്. അവിടെ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. യഥാർത്ഥത്തില്‍ ബിഗ് ബോസില്‍ പോവാന്‍ അവസരം കിട്ടിയാല്‍ പോവുമോയെന്ന് അന്ന് ഞാന്‍ അഖില്‍ മാരാരോട് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നായിരുന്നു അഖില്‍ മാരാർ നല്‍കിയ മറുപടിയെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുന്നു.

അന്ന് അങ്ങനെ പറഞ്ഞെങ്കിലും അഖില്‍ മാരാർ പിന്നീട് ബിഗ് ബോസിലെത്തി. അതില്‍ വലിയ സന്തോഷം. അഖില്‍ മാത്രമല്ല, ആ ഷോയിലേക്ക് വരുന്ന എല്ലാവരും തന്നെ അവരുടെ വിജയത്തിലേക്കുള്ള പ്രധാന ചുവടാണ് വെക്കുന്നത്. എല്ലാ സീസണും പറ്റുന്നത് പോലെ കാണാറുണ്ട്. ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥിയുടെ പേര് പറയാന്‍ സാധിക്കില്ല. ഒരു മുന്‍ മത്സരാർത്ഥിയെന്ന നിലയില്‍ എല്ലാവരേയും ഇഷ്ടപ്പെട്ടേ മതിയാവുകയുള്ളു.
ബിഗ് ബോസിലേക്ക് ഞാന്‍ പോവുന്ന സമയത്ത് സുഹൃത്തുക്കളും മാതാപിതാക്കളുമൊക്കെ ഒരുപോലെ ചോദിച്ചിരുന്നത് ഇത് വേണമോ എന്നായിരുന്നു. എന്നാല്‍ ഒരു ധൈര്യത്തോടെ ഞാന്‍ ആ ചുവട് എടുത്ത് വെച്ചു. അങ്ങനെ പല എതിർപ്പുകളും നേരിട്ട് വരുന്നവരാണ് എല്ലാ ബിഗ് ബോസ് മത്സരാർത്ഥികളും. അതുകൊണ്ട് തന്നെ എല്ലാവരും പ്രിയപ്പെട്ടവരാണെന്നും മണിക്കുട്ടന്‍ പറയുന്നു.
എല്ലാ ബിഗ് ബോസ് സീസണേയും കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. പലരുടേയും സ്വപ്നമാണ് അത്. ബിഗ് ബോസിലേക്ക് വരുന്ന ആളുകള്‍ക്ക് ഒരുപാട് ഫെയിമും അവസരങ്ങളും ലഭിക്കുന്നു. സിനിമയില്‍ മാത്രമല്ല, അവർ നില്‍ക്കുന്ന മേഖകളിലും ഗുണകരമായി മാറുന്നു. എന്തെങ്കിലും ഷോപ്പും മറ്റും നടത്തുന്നവരാണെങ്കില്‍ അവർ തന്നെ ഒരു ബ്രാന്‍ഡായി മാറുന്നു.

ബിഗ് ബോസിലെ ആദ്യത്തെ രണ്ട് സീസണിലെ പല കാര്യങ്ങളേയും ഞാന്‍ വിമർശിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മത്സരാർത്ഥിയായി വന്നതോടെയാണ് എന്താണ് ബിഗ് ബോസ് എന്ന് ശരിക്കും മനസ്സിലായത്. അതില്‍ വരുന്ന എല്ലാവർക്കും ആശംസകള്‍ നേരുന്നു. ഒരുപാട് സ്ട്രഗിള്‍ ചെയ്ത വ്യക്തിയാണ് ഞാന്‍. ആ സ്ട്രഗിളിനെ കുറച്ച് മാറ്റി തന്നത് ബിഗ് ബോസ് ആണെന്നും മണിക്കുട്ടന്‍ പറയുന്നു.
ബിഗ് ബോസ് വിജയി എന്ന നിലയില്‍ സമ്മാനമായ ഫ്ലാറ്റ് എനിക്ക് കിട്ടി. ഒരു സർക്കാർ സംവിധാനത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതായത് നിശ്ചിത പരിധിക്ക് മുകളിലുള്ള ഒരു സമ്മാനം കിട്ടിക്കഴിഞ്ഞാല്‍ അതിന്റേതായ ടാക്സ് നമ്മള്‍ നല്‍കണം. ആ ടാക്സ് ഞാന്‍ കൊടുത്തു. അതായാത് ഫ്ലാറ്റ് നമ്മള്‍ ഉറപ്പിച്ച് കഴിഞ്ഞു. തിരുവനന്തപുരത്താണ് ഫ്ലാറ്റ്. ഇന്റീരയർ വർക്കും മറ്റു നടന്നുകൊണ്ടിരിക്കുകയാണ്.
ബിഗ് ബോസിന് ശേഷം ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. നമുക്ക് പാഷന്‍ എന്ന് പറയുന്നത് പോലെ വരുമാന സ്രോതസ്സ് എന്ന് പറയുന്നത് സിനിമയാണ്. പെട്ടെന്ന് ഒരു വീട് അങ്ങനെ റെഡിയാക്കാന്‍ സാധിക്കില്ല. അതിന് അതിന്റേതായ സമയം എടുക്കും. ആ സമയത്ത് ചെയ്യുന്ന കാര്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ സൗന്ദര്യവും കൂടുതല്‍ ഉറപ്പും ഉണ്ടാവുകയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ബിഗ് ബോസിലൂടെ ലഭിച്ച ഫ്ലാറ്റിലേക്ക് മാറുന്ന വിവരം തീർച്ചയായും ഞാന്‍ പ്രേക്ഷകരെ അറിയിച്ചിരിക്കും. എന്റെ കഴിവുകൊണ്ടാണ് ഞാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ വിന്നറായതെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. പ്രേക്ഷകരുടെ മനസ്സിന്റെ നന്മകൊണ്ടാണ് ഞാന്‍ വിജയിച്ചത്. രണ്ട് ദിവസം മാറി നിന്നതിന് ശേഷം തിരിച്ച് വന്ന എന്നെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. അത് അവരുടെ നന്മയും കാരുണ്യവുമാണ്. ബിഗ് ബോസ് വീടിന്റെ കാര്യം മാത്രമല്ല, ജീവിതത്തിലെ എല്ലാ നല്ല കാര്യവും പ്രേക്ഷകരെ അറിയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications