മേജർ രവിയെ കണ്ടെന്ന് മിഥുൻ..'അദ്ദേഹത്തിന് ആദ്യം മനസ്സിലായില്ല'; റോബിനൊപ്പം പുതിയ വീഡിയോ
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ട്രോള് കിട്ടിയ മത്സരാർത്ഥി അനിയൻ മിഥുൻ ആയിരിക്കും. ആദ്യം ബിഗ്‌ബോസ് വീട്ടിൽ ആക്റ്റീവ് ആവാത്തതിന്റെ പേരിൽ ആയിരുന്നു ട്രോളുകൾ ലഭിച്ചത് എങ്കിൽ പിന്നീട് സോഷ്യൽമീഡിയ മൊത്തം ട്രോളിയത് മിഥുന്റെ ഒരു അനുഭവകഥ കാരണമായിരുന്നു.
ട്രോളുകൾക്ക് പുറമെ വലിയ രീതിയിൽ അക്കാര്യം ചർച്ച ചെയ്യപ്പെടുകയും ഒടുവിൽ മോഹൻലാൽ തന്നെ മിഥുനോട് സംഭവം ചോദിക്കുകയും ചെയ്തു.സൈന്യത്തിലെ ഓഫീസർ റാങ്കിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് തന്നോട് പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ താൻ അത് സമ്മതിച്ചില്ലെന്നും പിന്നീട് താൻ പ്രണയം പറയാൻ പോയപ്പോൾ അവൾ നെറ്റിയിൽ വെടി കൊണ്ട് മരിച്ച കാര്യമാണ് താൻ അറിഞ്ഞതെന്നും ആണ് മിഥുൻ പറഞ്ഞത്.

പക്ഷേ അങ്ങനൊരു സംഭവം നടന്നിരുന്നില്ല. സംഭവത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോഴും സത്യം ആണെന്ന് തന്നെയാണ് മിഥുൻ മറുപടി പറഞ്ഞത്. എന്നാൽ മിഥുന്റെ കഥ കള്ളമാണെന്ന് മോഹൻലാൽ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ബിഗ്‌ബോസിന് പുറത്തായി തിരിച്ചുവന്നപ്പോൾ താൻ പറഞ്ഞത് വെറും കഥ മാത്രമാണെന്ന് മിഥുൻ സമ്മതിച്ചിരുന്നു.
ബിഗ്‌ബോസിന് അകത്ത് മാത്രമായിരുന്നില്ല മിഥുന്റെ കഥ ചർച്ചയായത്. പുറത്തും രൂക്ഷമായ വിമർശനമാണ് മിഥുനെതിരെ ഉയർന്നിരുന്നത്. മിഥുനെ രൂക്ഷമായി വിമർശിച്ച് വന്ന ആളായിരുന്നു മേജർ രവി ."നടപടി എടുക്കുക ആണെങ്കിൽ ആർമി ഇയാൾക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആർമി കേന്ദ്രത്തിന് പരാതി നൽകും. പിന്നെ എൻ ഐ എ ഏറ്റെടുക്കും.
എൻ ഐ എ ഇയാളെ ചോദ്യം ചെയ്യും. താങ്ങാൻ പറ്റില്ല കേട്ടോ ആ പയ്യന്, എന്നാണ് മേജർ രവി പറഞ്ഞത്. ഇവിടെ നിങ്ങൾ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം, ചോദ്യം ചെയ്യലിൽ മാപ്പ് പറഞ്ഞാൽ രക്ഷപ്പെട്ട് പോയേക്കാം.. ലാലേട്ടൻ അതിനുള്ള ചടാൻസ് കൊടുത്തു, പക്ഷേ, അവനത് എടുത്തില്ല" എന്നായിരുന്നു മേജർ പറഞ്ഞത്.
ഇപ്പോൾ താൻ മേജർ രവിയെ കണ്ടതായി പറഞ്ഞിരിക്കുകയാണ് മിഥുൻ. ബി ബി 4 ലെ മത്സരാർത്ഥിയായിരുന്ന റോബിനൊപ്പം ഉള്ള വീഡിയോയിലാണ് മിഥുൻ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോട്ടൽ ആര്യാസിൽ വെച്ചാണ് മേജർ രവിയെ താൻ കണ്ടത് എന്നാണ് മിഥുൻ പറയുന്നത് .
'മേജർ രവി സാറിനെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി എല്ലാത്തിനും താങ്ക്യു എന്ന് പറഞ്ഞു. എന്നെ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞു. ഇത് ഞാൻ അനിയൻ മിഥുൻ ആണ് എന്ന് പറഞ്ഞു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് അദ്ദേഹത്തോട് താങ്ക്യുവും സ്നേഹമുണ്ട്, എന്നാണ് വീഡിയോയിൽ മിഥുൻ പറഞ്ഞത്.












Click it and Unblock the Notifications