ബിഗ് ബോസിൽ റെസ്മിന് പ്രതിദിനം ലഭിച്ച പ്രതിഫലം 50,000 രൂപ? കിട്ടിയ തുക കൊണ്ട് ചെയ്തത് വെളിപ്പെടുത്തി താരം
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സാമ്പത്തികമായി വളരെ ഉയർച്ച സംഭവിച്ച പല താരങ്ങളും ഉണ്ട്. ഷോയിലൂടെ ലഭിക്കുന്ന പ്രശസ്തിയും അതുവഴി ലഭിക്കുന്ന അവസരങ്ങളും ഇതിന് താരങ്ങളെ സഹായിക്കും. അതോടൊപ്പം തന്നെ ഷോയിൽ പങ്കെടുക്കുന്നത് വഴി വലിയ പ്രതിഫലവും താരങ്ങൾക്ക് ലഭിക്കും. ഷോയിൽ നിന്നും ലഭിച്ച പ്രതിഫലം കൊണ്ട് വീട് വെച്ച താരങ്ങൾ പോലും ബിഗ് ബോസിൽ ഉണ്ട്.
അതുകൊണ്ട് തന്നെ മത്സരാർത്ഥികൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന് അറിയാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ പ്രതിഫല ചോദ്യങ്ങളോട് ആദ്യമായി പ്രതികരിക്കുകയാണ് കഴിഞ്ഞ ബിഗ് ബോസ് സീസണിലെ കോമണർ മത്സരാർത്ഥിയായ റെസ്മിൻ ഭായ്. ഫൺ വിത്ത് സ്റ്റാർസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഗ് ബോസിൽ കയറിയത് മുതലുള്ള അനുഭവങ്ങളും അഭിമുഖത്തിൽ റെസ്മിൻ പങ്കുവെച്ചു. റെസ്മിന്റെ വാക്കുകൾ ഇങ്ങനെ

'ബിഗ് ബോസിൽ വെച്ച് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ എല്ലാ ക്യാരക്ടറും പുറത്തുവരുന്ന ഒരു പ്ലാറ്റ്ഫോമാണത്. നമ്മൾ പോലും അറിയാതെ നമ്മളുടെ ഉള്ളിലുള്ള ക്യാരക്ടർ പുറത്തുവരും. കാരണം നമ്മൾ അത്രയും പ്രഷറിലാണ്. അതിനകത്ത് ഉള്ളവർക്ക് മാത്രമേ നമ്മൾ എത്ര പ്രഷറിൽ ആണെന്ന് മനസിലാകൂം. പുറത്തിരിക്കുന്നവർക്ക് ഇവളെന്ത് കാണിക്കുന്നു എന്നൊക്കെ തോന്നും. പക്ഷെ അങ്ങനെയല്ല അത്.
കോമണറായിട്ടാണ് ഞാൻ ഷോയിൽ എത്തുന്നത്. എന്റെ മുത്തച്ഛൻ മരിച്ച സമയമായിരുന്നു അത്. പിന്നെ വീട്ടിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താണ്. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണമെന്ന് ചിന്തിച്ചിരിക്കുകയാണ്. അപ്പോഴാണ് ഫ്രണ്ട് ബിഗ് ബോസ് ഓഡിഷനെ കുറിച്ച് അയക്കുന്നത്. അങ്ങനെ ചുമ്മാ ഒരു വീഡിയോ എടുത്ത് അയച്ചു. നാലാഴ്ച കഴിഞ്ഞപ്പോൾ തന്നെ അഭിമുഖത്തിന് വിളിച്ചു. പല ഘട്ടങ്ങൾ കഴിഞ്ഞാണ് അവസരം കിട്ടിയത്.
കോമണേഴ്സ് കോൾ വരുമ്പോൾ നമ്മുക്ക് ബിഗ് ബോസിലേക്ക് അപേക്ഷിക്കാം. എന്നാൽ പേരും വീടും വിലാസവുമൊക്കെ പറയുന്നതിന് പകരം അവർക്കും കൂടി താത്പര്യം തോന്നുന്നത് പറയണം. ഈ ഒരു പ്ലാറ്റ്ഫോമിലൂടെ എന്താണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതാണ് ഞാൻ അവരോട് പറഞ്ഞത്. ഒരു മുസ്ലീം ബാഗ്രൗണ്ടിൽ നിന്ന് വരുന്നൊരാളാണ് ഞാൻ. തട്ടമിടാതേയും വിവാഹം കഴിക്കാതെയുമൊക്കെ നടക്കുന്ന ആൾ എന്ന ചോദ്യം പലയിടത്തുനിന്ന് വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ എന്നതാണ് അവരോട് ഇൻട്രോ വീഡിയോയിൽ ഞാൻ പറഞ്ഞത്. ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനുണ്ട്. അങ്ങനെയുള്ള കാര്യങ്ങളാണ് വീഡയോയിൽ പറഞ്ഞത്. നമ്മളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവർ ഇന്റർവ്യൂ സമയത്ത് ചോദിക്കും. നമ്മൾ സംസാരിക്കുന്ന ആളാണോ എന്ന് നോക്കാൻ നമ്മളെ വളരെ അധികം ഡിസ്കംഫേർട്ട് ആക്കുന്ന ചോദ്യങ്ങളാണ് അവർ ചോദിക്കുക.
അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാനാണ്. അതിന് അനുസരിച്ച് നമ്മൾ മറുപടി നൽകുക. ഒരു സീസൺ എങ്ങനെ പോകണം എന്ന് അവർക്കൊരു സ്ക്രിപ്റ്റ് ഉണ്ടാകും. നമ്മൾ സ്ക്രിപ്റ്റഡ് ആയിരിക്കില്ല, പക്ഷെ എല്ലാ സ്വഭാവക്കാരും അവിടെ വേണമെന്നൊക്കെ അവർക്കൊരു ധാരണ കാണും. ബിഗ് ബോസിൽ പോയാൽ പോസിറ്റീവും നെഗറ്റീവും ഉണ്ട്. ഷോയിൽ എന്ത് സംഭവിച്ചാലും അതിനെ പോസിറ്റീവായേ കാണൂ എന്നുറപ്പുള്ളോര് മാത്രേ പോകാവൂ. നമ്മുടെ പോസിറ്റീവ് മാത്രമേ കാണാവൂ എന്ന് വിചാരിച്ച് പോയാൽ പെടും. പുറത്തുള്ളവർക്ക് അടിയും ഇടിയും കുത്തുമൊക്കെ കാണാനും കേൾക്കാനുമാണ് താത്പര്യം.
ആദ്യമൊക്കെ ക്യാമറയെ കുറിച്ച് ഭയങ്കര കോൺഷ്യസ് ആയിരിക്കും. എന്നാൽ പിന്നീട് അങ്ങോട്ട് അങ്ങനെയായിരിക്കില്ല. ആദ്യമൊക്കെ മേക്കപ്പൊക്കെ ചെയ്തായിരിക്കും ഇരിക്കുന്നത്. പിന്നെ ടോട്ടലി കാമറ ഉള്ളതൊക്കെ മറന്ന് പോകും. ടോട്ടലി പാക്ക്ഡ് ആയിരിക്കും. ബിഗ് ബോസിൽ സമയം അറിയുന്നേ ഇല്ല. സൂര്യന്റെ ലെവൽ അനുസരിച്ച് സായിയൊക്കെ സമയം പറയും.
ബിഗ് ബോസിൽ കയറും മുൻപ് നമ്മുടെ ബാഗ് വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഹൗസിലേക്ക് കടത്തിവിടൂ. സിഗരറ്റ് വലിക്കുന്നവർക്ക് പോലും അത് അവരുടെ ആവശ്യത്തിന് കൊടുക്കുകയേ ഉള്ളൂ. ഫോണൊന്നും ഇല്ല ,സമയം അറിയില്ല. വഴക്കിടുന്നവരെയൊക്കെ തന്നെ നമ്മൾ പിറ്റേന്നും കാണണം. ജിന്റോയുമായി ഹൗസിൽ നല്ല വഴക്കായിരുന്നു ഞാൻ. വലിയ കോൺടാക്ട് പുള്ളിയുമായി ഇല്ല. പക്ഷേ എന്റെ സഹോദരന്റെ വിവാഹത്തിന് ജിന്റോ വന്നിരുന്നു.
ബിഗ് ബോസിൽ നമ്മൾ തല്ല് പിടിക്കുന്നതൊക്കെ വരും. പക്ഷേ അത് കഴിഞ്ഞ് പരിഹരിക്കുന്നതൊന്നും പുറത്തുവരില്ല. അത് അവർക്ക് വേണ്ടതില്ല. അതൊരു റിയാലിറ്റി ഷോയാണ്. നമ്മൾ അതൊക്കെ വിട്ടു, പുറത്തുള്ളവർ ഇപ്പോഴും ഗെയിം കളിച്ചോണ്ടിരിക്കുകയാണ്. ഷോയിൽ തല്ലി പിടിച്ച് പിന്നീട് പുറത്ത് ഇപ്പോഴും മിണ്ടാതിരിക്കുന്നവരുണ്ട്. അതൊക്കെ അവരെ അത്രയും ബാധിച്ചത് കൊണ്ടായിരിക്കാം. പക്ഷെ എല്ലാവരോടും പറയാനുള്ളത് അതൊരു റിയാലിറ്റി ഷോ മാത്രമാണ്', താരം പറഞ്ഞു.
പ്രതിഫലമായി 50,000 രൂപ പ്രതിദിനം ലഭിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'50,000 രൂപയോ? പെറ്റ തള്ള സഹിക്കില്ലല്ലോ ഈ ചോദ്യമൊക്കെ കേട്ടാൽ. അത്രയൊക്കെ കിട്ടിയിരുന്നെങ്കിൽ ഞാൻ ആരായേനെ. പ്രതിദിനം കൃത്യമായൊരു തുക ലഭിക്കും. ഞാൻ കോമണർ ആയിരുന്നല്ലോ. 20,000 ത്തിനടുത്തൊന്നും കിട്ടില്ല, ആ സംഖ്യ പുറത്തുപറയരുതെന്നാണ്. കോമണേഴ്സിനായിരിക്കും വളരെ കുറഞ്ഞ പ്രതിഫലം ലഭിക്കുക. ബിഗ് ബോസിൽ നിന്ന് കിട്ടിയ പ്രതിഫലം പ്രതിഫലം വെച്ച് ഗോൾഡ് ലോൺ ഒക്കെ അടച്ച് തീർത്തു. ഞാൻ എന്റെ കുടുംബവുമായി ഡൽഹി -കാശ്മീർ യാത്ര പോയി. അത്യാവശ്യം നല്ല പൈസ പൊടിഞ്ഞിരുന്നു. കുടുംബത്തിന് വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം അതായിരുന്നു. എന്റെ ഉമ്മി കേരളത്തിന് പുറത്ത് പോയിട്ടില്ല. വളരെ അധികം അങ്ങനെയൊക്കെ ജീവിക്കണം എന്ന് ആഗ്രഹിച്ച ആളാണ്. പക്ഷെ വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയി ആ ജീവിതം അങ്ങനെ പോയി. ജോലി , കുട്ടികൾ അതൊക്കെ ഒരു ബാധ്യത തന്നെയായിരുന്നു. ഉമ്മിക്ക് കാശ്മീർ പോകണമെന്നതൊക്കെ വലിയ ആഗ്രഹമായിരുന്നു. അവർ ആദ്യമായാണ് ഫ്ലൈറ്റ് പോകുന്നതൊക്കെ.
ചില സുഹൃത്തുക്കളൊക്കെ ചോദിക്കും 50,000 കടം തരുമോയെന്നൊക്കെ , പത്തിന്റെ പൈസ അക്കൗണ്ടിലുണ്ടാവില്ല. അന്നേരമാണ് ഈ ചോദ്യമൊക്കെ. എല്ലാവരും കരുതുന്നത് ഒരുപാട് പൈസ ഉണ്ടാകും എന്നൊക്കെയാണ് എന്നാൽ അങ്ങനെയല്ല. ബിഗ് ബോസിന് ശേഷം ലീസിനൊരു വീടെടുത്തിരുന്നു. അപ്പോൾ ഷോയിൽ നിന്നും കിട്ടിയ കുറച്ചു പൈസ അങ്ങനെ കൊടുത്തു. അല്ലാതെ ഒന്നും നടന്നില്ല, എനിക്കൊരു കാറ് വാങ്ങണമെന്നൊക്കെ ഉണ്ടായിരുന്നു, എന്തായാലും നടന്നിട്ടില്ല. നടക്കുമായിരിക്കും. ബിഗ് ബോസിനകത്ത് ഇരിക്കുമ്പോൾ ഐ ഫോണെടുക്കണം, കാർ എടുക്കണം എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ പുറത്തിറങ്ങി കഴിയുമ്പോൾ മറ്റ് പല ആവശ്യങ്ങളും കാണും.
പ്രതിഫലം അതത് ദിവസം അക്കൗണ്ടിലേക്ക് വരില്ല. ആദ്യ പ്രതിഫലം രണ്ടാഴ്ച കഴിയുമ്പോഴാണ് വരിക. ആ പൈസ കൊണ്ടാണ് ഡ്രസ് ഒക്കെ വാങ്ങി വീട്ടുകാർ ഷോയിലേക്ക് അയച്ചത്. റോക്കി 100 ദിവസത്തെ വസ്ത്രവും കൊണ്ടാണ് വന്നത്. ഞാൻ ഇടക്ക് ഗബ്രിയുടേയും അർജുന്റേയുമൊക്കെ ഷർട്ട് എടുത്തിടും. അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോയി. നിക്കറൊക്കെ ഇട്ടായിരുന്നു ഞാൻ നടന്നത്', താരം പറഞ്ഞു.












Click it and Unblock the Notifications