'റോബിന്റെ ഈ തീരുമാനത്തില്‍ ഇരട്ടി സന്തോഷം '; സർപ്രൈസ് പൊട്ടിച്ച് താരം: കൂടെ വിവാഹവും
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യത നേടിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. വിമർശകരുമുണ്ടെങ്കിലും ബിഗ് ബോസ് കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷവും താരത്തെ സ്നേഹിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി പ്രേക്ഷകരാണ് റോബിനുള്ളത്. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാന്‍ ഇവർ വലിയ താല്‍പര്യം കാണിക്കുന്നു. പുതുവർഷത്തിലേക്ക് കടക്കുമ്പോള്‍ ആരതി പൊടിയുമായുള്ള വിവാഹം നടക്കാന്‍ പോകുന്നു എന്നതാണ് റോബിന്റെ ഏറ്റവും വലിയ വിശേഷം.
വിവാഹത്തോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട മാറ്റവും ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നുവെന്നാണ് റോബിന്‍ വ്യക്തമാക്കുന്നു. തന്റെ മെഡിക്കല്‍ പ്രൊഫഷണിലേക്ക് ഞാന്‍ തിരിച്ച് വരികയാണെന്നാണ് റോബിന്‍ പറയുന്നത്. ഡോക്ടറായ റോബിന്‍ ബിഗ് ബോസിനെ തുടർന്ന് പ്രൊഫഷണല്‍ രംഗത്ത് നിന്നും ചെറിയ ഇടവേളെ എടുത്തിരുന്നു. ആ ഇടവേളെ ഈ വർഷത്തോടെ അവസാനിപ്പിക്കുകയാണ് റോബിന്‍.

'ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം എന്റെ പ്രൊഫഷണിലേക്ക് ഞാന്‍ അധികം വന്നിട്ടുണ്ടായിരുന്നില്ല. മടങ്ങി വരുമ്പോള്‍ ഒരു മികച്ച തീരുമാനം എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണെങ്കില്‍ അത്രയും പേരിലേക്ക് മാത്രമെ എന്റെ സർവ്വീസ് ചെല്ലുകയുള്ളു. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവർക്ക് എല്ലാവർക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അത്തരം ഒരു തീരുമാനത്തിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.' റോബിന്‍ പറയുന്നു.
ഞാന്‍ ഒരു ഇന്റർനാഷണല്‍ മെഡിക്കല്‍ ഹെല്‍ത്ത് കെയർ ആന്‍ഡ് വെല്‍നെസ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി കരാറൊപ്പിട്ട് കഴിഞ്ഞു. എന്നെ ഇഷ്ടപ്പെടുന്ന, എന്നെ ഇഷ്ടപ്പെടാത്ത, എന്നെ അറിയുന്ന, എന്നെ അറിയാത്ത എല്ലാവർക്കും ഗുണം വരുന്ന കാര്യമാണ് അത്. അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജനുവരി 20 ന് അകം അറിയിക്കുന്നതായിരിക്കും. നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ തിരികെ ചെയ്യണം. അങ്ങനെയാണ് പ്രൊഫഷണലിലേക്ക് വീണ്ടും വരാന്‍ തീരുമാനിച്ചത്.
പലരും പറയാറുണ്ട് ഞാന്‍ പ്രൊഫഷന് അധികം പരിഗണന കൊടുക്കാറില്ലെന്ന്. വളരെ ആഗ്രഹിച്ച് ആ പ്രൊഫഷണിലേക്ക് എത്തിയ ഒരു വ്യക്തിയാണ് ഞാന്‍. എട്ട് വർഷത്തോളം ജനിച്ച ആശുപത്രിയില്‍ തന്നെ വർക്ക് ചെയ്ത വ്യക്തിയാണ്. നമ്മുടെ ലൈഫ് എപ്പോഴും നേരെയല്ല, കുറച്ച് ഒന്ന് ഉയർന്ന് പോകണമെങ്കില്‍ അല്‍പം കാത്തിരുന്ന് മികച്ച അവസരം വരുമ്പോള്‍ അതിലേക്ക് ഇറങ്ങണം. എനിക്ക് വേണമെങ്കില്‍ ഏത് ആശുപത്രിയിലും ജോയിന്‍ ചെയ്യാം. എന്നാല്‍ അതിനൊന്നും നില്‍ക്കാതിരുന്നത്. യഥാർത്ഥ ഒരു തീരുമാനം എടുക്കാന്‍ വേണ്ടിയായിരുന്നു. ആ തീരുമാനം എടുത്തു, അതില്‍ വലിയ സന്തോഷമുണ്ടെന്നും റോബിന്‍ പറഞ്ഞു.
റോബിന്‍ പ്രൊഫഷണല്‍ രംഗത്തേക്ക് തിരിച്ച് വരുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് താരത്തിന്റെ ആരാധകരും വ്യക്തമാക്കുന്നു. 'റോബിന്‍ മെഡിക്കൽ ഫീൽഡിലേക്ക് തിരിച്ചു വരുന്നത് വളരെ അധികം സന്തോഷം തരുന്ന കാര്യം ആണ്. പൊടിയുടെ കോസ്റ്റും അടിപൊളി ആയിട്ടുണ്ട്. വിവാഹം മംഗളമായി നടക്കട്ടെ', എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
'റോബിൻ, നിങ്ങളെ തളർത്തിയവരുടെ മുന്നിൽ ഇതു പോലെ നിവർന്നു നിൽക്കും എന്ന് എല്ലാവർക്കും മനസിലാക്കി കൊടുക്കുന്നതിൽ ഒരുപാട് നന്ദി. എപ്പോഴും നിങ്ങളെ ചേർത്തു പിടിക്കാൻ ഒരുപാട് മനുഷ്യർ ഇവിടെ ഉണ്ട്. ഒരു കാര്യം കൂടി, ഇനി എല്ലാം നടന്നിട്ട് പുറത്ത് പറഞ്ഞാൽ മതി. താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ആരതിയെ പോലൊരു മിടുക്കിയെ ലൈഫ് പാർട്ണർ ആയി കിട്ടിയത്. തെറ്റുകൾ സാഹചര്യം കൊണ്ട് ഉണ്ടാവും. അതെല്ലാം മറി കടന്നു ശക്തമായി എന്തിനും സപ്പോർട്ട് ചെയുന്ന ലൈഫ് പാർട്ണറെ കിട്ടാൻ ഭാഗ്യം ചെയ്യണം', എന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications