ബിഗ് ബോസില്‍ നിന്നും ഇറങ്ങും വരെ രഞ്ജിനി അത് വിശ്വസിച്ചു; ഒടുവില്‍ ഞാന്‍ ആ സത്യം വെളിപ്പെടുത്തി: സാബു മോന്‍
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും താരനിബിഢമായ സീസണ്‍ ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പറയുക ബിഗ് ബോസ് സീസണ്‍ 1 എന്നായിരിക്കും. മത്സരാർത്ഥികളുടെ നിലവാരത്തിന്റേയും കണ്ടന്റേയും കാര്യത്തിലുമൊക്കെ സീസണ്‍ 1 മായിട്ടാണ് മറ്റെല്ലാം സീസണുകളേയും താരതമ്യം ചെയ്യുന്നത്.
സാബുമോന്‍ ആയിരുന്നു സീസണ്‍ 1 ലെ വിജയി. ബിഗ് ബോസിന് മുമ്പ് തന്നെ പല തരത്തിലുള്ള വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിയുമായിരുന്നു സാബുമോന്‍. രഞ്ജിനി ഹരിദാസിനെ തെറിവിളിച്ചതും അത്തരത്തിലൊരു വിവാദത്തിന്റെ ഭാഗമായിരുന്നു. ആ വിവാദം കത്തി നില്‍ക്കേയാണ് സാബുമോനും രഞ്ജിനും ഒരുമിച്ച് ബിഗ് ബോസിലേക്ക് എത്തുന്നത്.

ഇരുവരും തമ്മില്‍ ഷോയില്‍ വന്‍ അതിയായിരിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായ കാര്യമാണ് ഷോയില്‍ കണ്ടത്. ഇതേക്കുറിച്ച് ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടെ വ്യക്തമാക്കുകയാണ് സാബുമോന്‍. ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ നേരിട്ട് കിട്ടുമ്പോള്‍ ഒരു വലിയ ബഹളമായിരുന്നു അവർ പ്രതീക്ഷിച്ചത്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ വലിയ കൂട്ടുമായി. അങ്ങനെയിരിക്കെയാണ് ഒരു ചാത്തന്‍ കഥ ബിഗ് ബോസില്‍ വെച്ച് ഞാന്‍ രഞ്ജിനിയുടെ അടുത്ത് ഇറക്കുന്നത്. അതായത് എന്റെ കുടുംബത്തിന് പാരമ്പര്യമായി ഒരു ചാത്തനെ കിട്ടിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ എന്റെ കയ്യിലാണ്, വിളിച്ചാല്‍ വരുമെന്നും അടിച്ചിറക്കി.
സാബു ചേട്ടന്‍ ഈ പ്രശ്നങ്ങളില്‍ നിന്നെല്ലാം എങ്ങനെയാണ് ഇങ്ങനെ രക്ഷപ്പെട്ട് പോകുന്നതെന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ ഈ കഥ ഇറക്കുന്നത്. കഥ പറഞ്ഞുകൊണ്ടിരിക്കെ ഞാന്‍ അവിടെയൊക്കെ നോക്കുന്നുണ്ട്. അപ്പോഴാണ് ഒരു ചിത്രശലഭം പറന്ന് വന്ന് ഗ്ലാസില്‍ ഇരിക്കുന്നത്. ഇതോടെ ഞാന്‍ പറഞ്ഞു 'പതുക്കെ തിരിഞ്ഞ് നോക്കണം, സാധനം വന്നിട്ടുണ്ടെന്ന്'. ആ കഥ രഞ്ജിനി ശരിക്കും വിശ്വസിച്ചു. ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള വ്യക്തിയാണ് അവള്‍.
കഥ വിശ്വസിച്ചു എന്നായതോടെ ഞാന്‍ അവിടെ ഇരുന്ന ഒരു മുട്ട എടുത്ത് അതിന് പുറത്ത് എന്തൊക്കെയോ എഴുതി ഒരു പാത്രത്തിലെ വെള്ളത്തില്‍ എടുത്തിട്ടു. കുറച്ച് കഴിയുമ്പോള്‍ ചാത്തന്‍ വന്നിട്ട് പോകും. അപ്പോള്‍ ഈ എഴുത്ത് മാഞ്ഞുപോകുമെന്നും പറഞ്ഞു. അതോടൊപ്പം തന്നെ ചാത്തന്‍ വരുന്ന സമയത്തിന് മുമ്പ് നമ്മള്‍ കുളിക്കണം ഇല്ലെങ്കില്‍ പ്രശ്നമാണെന്നും വ്യക്തമാക്കി.
ഇതോടെ രഞ്ജിനി പോയി നിന്ന നില്‍പ്പില്‍ ബക്കറ്റില്‍ വെള്ളമെടുത്ത് തലയില്‍ കൂടി ഒഴിച്ചു. ഞാനും കുളിക്കാനായി പോയി. കാരണം നമ്മള്‍ ഒരു പ്രാങ്ക് ചെയ്യുമ്പോള്‍ വിശ്വസനീയത ഉണ്ടാക്കണമല്ലോ. എന്നാല്‍ ഇതിന് ഇടയില്‍ ഞാന്‍ ഓടി കിച്ചണില്‍ പോയി മുട്ടയിലെ എഴുത്ത് മായ്ച്ച് കളഞ്ഞു. പിന്നീട് ബാത്ത് റൂമില്‍ കയറിയ ഞാന്‍ രഞ്ജിന് ഇറങ്ങിയതിന് ശേഷമാണ് ഇറങ്ങുന്നത്.
ഞാന്‍ ഓടിപ്പോയി വന്ന കാര്യം രഞ്ജിനി അറിഞ്ഞിട്ടില്ല. എന്തായാലും വന്ന് നോക്കുമ്പോള്‍ എഴുത്ത് കാണാനില്ല. അതോടെ ശരിക്കും രഞ്ജിനി അക്കാര്യം വിശ്വസിച്ചു. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു കാര്യം ഇല്ലെന്ന് രഞ്ജിനിക്ക് വിശ്വാസമായതെന്നും സാബുമോന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications