ബിഗ് ബോസിന് ശേഷം മണിക്കുട്ടനെ കണ്ടോ? തുറന്ന് പറഞ്ഞ് സൂര്യ ജെ മേനോൻ..'ബിഗ് ബോസ് ഷോ മടുത്ത് പോയി'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡൽ കൂടിയായ സൂര്യ ജെ മേനോൻ. എന്നാൽ കടുത്ത സൈബർ ആക്രമണമായിരുന്നു ഷോ കഴിഞ്ഞപ്പോൾ താരത്തിന് നേരിടേണ്ടി വന്നത്. ബിഗ് ബോസിൽ വെച്ച് സഹമത്സരാർത്ഥിയും നടനുമായ മണിക്കുട്ടനോട് പ്രണയമാണെന്ന് സൂര്യ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു സൂര്യക്കെതിരെ സൈബർ ആക്രമണം കടുത്തത്.
ഇപ്പോഴിതാ ഇത്തരം സൈബർ ആക്രമണങ്ങൾ തനിക്ക് വലിയ ഊർജമായെന്ന് പറയുകയാണ് സൂര്യ. ഹേറ്റേഴ്സിന് മുന്നിൽ ജയിച്ച് കാണിക്കണമെന്ന വാശിയിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും സൂര്യ പറഞ്ഞു. ബിഗ് ബോസിന് ശേഷം മണിക്കുട്ടനുമായി സൗഹൃദം തുടരുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾക്കും സൂര്യ മറുപടി നൽകി. താരത്തിന്റെ പ്രതികരണത്തിലേക്ക്

'ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ പലർക്കും മനസിലായി, യഥാർത്ഥത്തിൽ ഞാൻ ഇങ്ങനെ തന്നെ ആണെന്ന്. പലരും കരുതിയിരുന്നത് ഞാൻ ബിഗ് ബോസിന് വേണ്ടി വേറൊരു മാസ്ക് ഉണ്ടാക്കി നാടൻ പെൺകുട്ടിയായി ഇറങ്ങിയേക്കുകയാണ് എന്ന ചിന്തയായിരുന്നു. വെളിയിൽ ഇറങ്ങിയപ്പോൾ എന്റെ റിയൽ ക്യാരക്ടർ ഇതാണെന്ന് അവർക്ക് മനസിലായി. ഇപ്പോൾ അതുകൊണ്ട് ട്രോൾ ഒക്കെ നിർത്തി. കളിയാക്കവർ ക്ഷമ ചോദിച്ചു', സൂര്യ പറഞ്ഞു.
ബിഗ് ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ആരോടും ദേഷ്യമില്ലെന്നും എല്ലാവരുമായും ഹായ് ബായ് ബന്ധമാണെന്നും സൂര്യ പറഞ്ഞു. 'മണിക്കുട്ടനെ കണ്ടിട്ടില്ല. ഒരു ചാപ്റ്റർ ക്ലോസ് ചെയ്യുമ്പോഴാണല്ലോ അടുത്ത ചാപ്റ്റർ തുടങ്ങുക. മണിക്കുട്ടനെ കാണാത്തത് എന്തേയെന്നതിന് കൂടുതൽ ഒന്നും പറയുന്നില്ല. നമ്മൾ അതിന്റെ ഉള്ളിൽ നിന്ന് ഇറങ്ങിക്കഴിയുമ്പോൾ അതിനോട് ഒരു മടുപ്പ് നമ്മുക്ക് അനുഭവപ്പെടും.
ബിഗ് ബോസ് കണ്ടുകൊണ്ടിരുന്ന ആളാണ് ഞാൻ. പോകും മുൻപ് അതിലെ കാര്യങ്ങളെ കുറിച്ചൊക്കെ ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു. എന്നാൽ 91 ദിവസം അവിടെ നിന്നപ്പോൾ ജീവിതത്തിൽ അനുഭവിക്കേണ്ടതൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്.പരമാവധി ദിവസം അവിടെ നിൽക്കാൻ പറ്റി. പക്ഷേ ഇപ്പോൾ എനിക്ക് ആ ഷോയോട് ഇഷ്ടക്കുറവ് വന്നു.
ഞാൻ ചെയ്ത പല കാര്യങ്ങളും പുറത്തുവന്നില്ല, എന്തുകൊണ്ട് അങ്ങനെ ഞാൻ ചെയ്തുവെന്നൊന്നും കാണിച്ചില്ല. എന്റെ നെഗറ്റീവ് സൈഡ് ആണ് കാണിച്ചത്. പക്ഷേ ഇപ്പോഴും ബിഗ് ബോസിനോട് എനിക്ക് നന്ദിയുണ്ട്. കാരണം ആളുകളിലേക്ക് എത്താൻ എനിക്ക് സാധിച്ചത് ആ പ്ലാറ്റ്ഫോം വഴിയല്ലേ.
വലിയ രീതിയിൽ ട്രോളുകൾ വന്നിരുന്നു. അതൊക്കെ നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു. ഞാൻ ഡിപ്രഷിനലേക്ക് പോയി. പിന്നെ പിന്നെ എനിക്ക് ആ ഷോയോട് മടുപ്പായി പോയി.മണിക്കുട്ടന്റെ പേരിൽ മാത്രമായിരുന്നില്ല ട്രോൾ, കരയുന്നതിനും പ്രാർത്ഥിക്കുന്നതിനുമൊക്കെ ട്രോൾ വന്നു. ഇനി ട്രോൾ കേൾക്കാത്തതായി ഒന്നുമില്ല. പക്ഷേ സത്യത്തിൽ അതെനിക്ക് ഊർജം തന്നു. എനിക്ക് വേണമെങ്കിൽ ഒതുങ്ങി നിൽക്കാമായിരുന്നു. എന്നാൽ ഹേറ്റേഴ്സിനോടുള്ള വാശിയാണ് എന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മത്സരാർത്ഥികളിൽ പലരുമായും കണക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയാലും അന്ന് അവൾ അല്ലെങ്കിൽ അവൻ അങ്ങനെ പറഞ്ഞതല്ലേ എന്ന ചിന്ത പലർക്കും ഉണ്ട്. എനിക്ക് പക്ഷേ ആരോടും പ്രശ്നമില്ല. എന്നോട് ഇഷ്ടമുള്ളവർ ഉണ്ട്. ബിഗ് ബോസ് എത്ര സീസൺ വന്നാലും ഇനി കാണില്ല', സൂര്യ ജെ മേനോൻ പറഞ്ഞു.












Click it and Unblock the Notifications