Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് ഒരു എപിസോഡ് പോലും കാണില്ലായിരുന്നു, വരും തലമുറ അവരെ എടുത്തു തോട്ടിൽ ഇട്ടോളും', കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7നിലെ ഈ വീക്കെൻഡ് എപിസോഡ് വലിയ കയ്യടികളാണ് നേടുന്നത്. ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയേയും നൂറയേയും അധിക്ഷേപിച്ച് സംസാരിച്ച വേദ് ലക്ഷ്മിയെ മോഹൻലാൽ രൂക്ഷമായി വിമർശിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. മോഹൻലാലിന്റ പ്രവർത്തിയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിരവധി പേരാണ് ആദില-നൂറയ്ക്ക് പിന്തുണയുമായി രംഗത്ത് വരുന്നതും ലൈംഗിക സ്വത്വം സംബന്ധിച്ചുളള ആളുകളുടെ ചോയ്സിനെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്നതും. ഷാഹിറ എടക്കാട് എന്ന യുവതി പങ്കുവെച്ച കുറിപ്പ് വായിക്കാം:

''ഞാൻ ബിഗ്ബോസിന്റെ ഒരു എപ്പിസോഡ് പോലും കാണാത്ത ഒരാളാണ്. എന്നാൽ എന്റെ ഒരു കൂട്ടുകാരി ഉണ്ട്. അവൾ ആകെ ടീവി കാണുന്നത് തന്നെ ബിഗ് ബോസ് കാണാൻ ആണ്. അതിന്റെ മഹിമ വർണ്ണിച്ചു വർണ്ണിച്ചു എന്നെയും ഒരിക്കൽ കാണാൻ നിർബന്ധിച്ചു. എന്നാൽ ഒരു 10 മിനുട്ട് കൊണ്ട് ഞാൻ മതിയാക്കി. എനിക്ക് ഇഷ്ടമല്ലെങ്കിലും എല്ലാ വൈകുന്നേരങ്ങളിലും നടത്തത്തിനിടെ അവൾ ബിഗ്ബോസ് വിശേഷങ്ങൾ പങ്കുവെക്കും. പുള്ളികാരിയുടെ ആവേശം കളയണ്ട എന്ന് കരുതി ഞാൻ അത്ര ശ്രദ്ധയോടെ അല്ലെങ്കിലും കേട്ടോണ്ട് നടക്കും.. അങ്ങിനെയാണ് അറിഞ്ഞത് ഈ സീസണിൽ ആദില-നൂറ ദമ്പതികൾ പങ്കെടുക്കുന്നുണ്ട് എന്ന വിവരം.

അവരെ അറിയുമോ? ആരാണ് ആദില-നൂറ? എന്നൊക്കെ ഒരു ദിവസം ചോദിച്ചപ്പോൾ അവരെ കുറിച്ചു ഞാൻ പറഞ്ഞു കൊടുത്തു. അവരുടെ ജീവിതവാർത്തകൾ ഒന്നും, അറ്റ്ലീസ്റ്റ് അവരൊരു ലെസ്ബിയൻ കപ്പിൾ ആണെന്ന് പോലും, അവൾക്കറിയില്ലായിരുന്നു. ഒക്കെ കേട്ടപ്പോൾ ഉള്ള പ്രതികരണം ഞാൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. 'ഇവർക്കൊക്കെ എന്തിന്റെ കേടാണ്, വീട്ടുകാരുടെ വിഷമം മനസ്സിലാക്കണ്ടേ, അവർക്ക് "മറ്റുള്ളവരുടെ" മുഖത്ത് നോക്കണ്ടേ, നല്ല രണ്ടു പെൺകുട്ടികൾ. സാമ്പത്തിക ശേഷിയും ഉണ്ട്. വീട്ടുകാർ പറയുമ്പോലെ നല്ല രണ്ട് ചെറുപ്പക്കാരെ കെട്ടി "നല്ല ജീവിതം" ജീവിച്ചൂടെ... ' എന്നൊക്കെ ആയിരുന്നു.

mohanlal

വിദ്യാസമ്പന്നരായവർക്കിടയിൽ പോലും സമൂഹം അത്രയൊന്നും മാറിയിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടു തന്നെ എനിക്കതിൽ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാൽ ബിഗ്ബോസ് തുടങ്ങി കുറച്ചു നാൾ കഴിയവേ ഞാൻ ശ്രദ്ധിച്ചു തുടങ്ങി, അവളുടെ മനോഭാവത്തിൽ നല്ല മാറ്റം ഉണ്ടായി തുടങ്ങി. ആദില-നൂറയെ മനസ്സിലാക്കാനും അവരുടെ സൈഡ് ചേർന്ന് സംസാരിക്കാനും, 'സമൂഹത്തിന് അവരുടെ പ്രശ്നം മനസ്സിലാക്കിയാൽ എന്താ?' എന്നുവരെ ചോദിക്കുന്നയിടത്തേക്ക് എത്തിതുടങ്ങിയത് കണ്ടപ്പോൾ ഉള്ളിൽ ബിഗ്ബോസ് എന്ന പരിപാടികൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ എന്ന് ആശ്വാസം കൊണ്ടു.

അവളെ പോലെ ചിലരുടെയെങ്കിലും ക്വീർ കമ്മ്യൂണിറ്റിയോടുള്ള മനോഭാവത്തിൽ മാറ്റം വന്നുതുടങ്ങികാണും. ഈ പിന്തിരിപ്പൻ സമൂഹത്തിൽ അതൊരു നിസാര കാര്യമല്ല.. എല്ലാ മനുഷ്യർക്കും അവരവരുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും അവരെ "വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ" എന്ന നിങ്ങളുടെ ചിന്തകളെയാണ് മാറ്റേണ്ടത്, ഞാൻ ഇവരെ എന്റെ വീട്ടിൽ കയറ്റുമല്ലോ എന്നൊക്കെ പറയുന്നത് ഒട്ടും പ്രോഗ്രെസ്സീവ് അല്ലാത്തൊരു സമൂഹത്തിൽ ജീവിച്ചു വളർന്ന 65 കഴിഞ്ഞ മനുഷ്യനാണ്. ആ ഉൾകൊള്ളലിനു അതുകൊണ്ടുതന്നെ ഏറെ ആഴവും പരപ്പുമുണ്ട്, ഒപ്പം ആ ചേർത്തുനിർത്തലിനു മനോഹാരിതയും ഏറെ ഉണ്ട്.. ലാലേട്ടനെപോലെ തന്നെ അതൊരു സൗന്ദര്യമുള്ളൊരു സ്റ്റേറ്റ്മെന്റായി തോന്നിയതും അതുകൊണ്ടാണ്..

അവരും മറ്റുള്ളവരെ പോലെ സന്തോഷത്തോടെ, അവരാഗ്രഹിക്കും പോലെ അവരുടെ ജീവിതം ജീവിക്കട്ടെന്നേ. എന്തിന് അവരുടെ ജീവിതത്തിൽ കടന്നു കയറി അവരുടെ സന്തോഷങ്ങളെ ഇല്ലാതാക്കണം? ചേർത്തു പിടിക്കാൻ പറ്റാത്തവർ മുറിവേൽപ്പിക്കാതെ മാറി നിന്നേക്കുക.. കാലം നിങ്ങളുടെ മനോഭാവങ്ങളെ മാറ്റിമറിക്കുക തന്നെ ചെയ്യും. അവരെ കൂടി കയറ്റാൻ പറ്റുന്ന വിശാലതയിലേക്ക് നിങ്ങളുടെ മനസ്സുകളെയും വീടുകളെയും പാകപ്പെടുത്തുക തന്നെ ചെയ്യും..

മാറ്റങ്ങൾ ഉണ്ടാകും. എല്ലാ മനുഷ്യരെയും ഉൾകൊള്ളാൻ പാകത്തിൽ സമൂഹം മാറുന്ന കാലം വിദൂരമല്ല. മതപൗരോഹിത്യങ്ങൾ വിലങ്ങു തടി ആയേക്കാം. വരുംതലമുറ അവരെ എടുത്തു തോട്ടിൽ ഇട്ടോളും. ലെസ്ബിയൻ, ഗെ, ട്രാൻസ് ജെൻഡർ തുടങ്ങി എല്ലാ മനുഷ്യർക്കും തുല്യ പരിഗണന കിട്ടുന്ന, വേർതിരിവില്ലാതെ ചേർത്തുനിർത്തുന്ന സമൂഹമായി മാറാൻ നമുക്ക് സാധിക്കും. ബിഗ്ബോസ് അങ്ങിനെ ഒരു ചർച്ചക്ക് കൂടി വഴിയൊരുക്കി എന്നത് കൊണ്ട് പ്രത്യേകം ആശംസകൾ.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+