ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രേണു സുധിയും അനുമോളും; മത്സരാർത്ഥികളുടെ പ്രതിഫലം ഇതാ
എന്തുകൊണ്ടാണ് ബിഗ് ബോസ് പോലൊരു ഷോയിലേക്ക് പോകാൻ ആളുകൾ മത്സരിക്കുന്നത്? മറ്റൊന്നുമല്ല ഷോയുടെ പോപ്പുലാരിറ്റി തന്നെയാണ് പ്രധാനം. പ്രേക്ഷകരുടെ മനസിലേക്ക് എളുപ്പം കയറിച്ചെല്ലാൻ ബിഗ് ബോസ് ഷോയിലൂടെ സാധിക്കുമെന്നതാണ് ചരിത്രം. ഷോയിൽ പങ്കെടുത്തതോടെ ജീവിതം തന്നെ മാറിമറിഞ്ഞ നിരവധിപേരുണ്ട്. മലയാളത്തിൽ അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, ദിൽഷ പ്രസന്നൻ, പേളി മാണി, സാബുമോൻ തുടങ്ങി നിരവധി പേർ ഈ പട്ടികയിൽ പെടുന്നു.
പ്രശസ്തിക്കൊപ്പം മികച്ച പ്രതിഫലവും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ദിവസ നിരക്കിലാണ് പ്രതിഫലം. പ്രശസ്തിക്കനുസരിച്ച് തങ്ങൾ ചോദിക്കുന്ന പ്രതിഫലം നൽകാൻ ബിഗ് ബോസ് തയ്യാറാണെന്ന് മത്സരാർത്ഥികൾ തന്നെ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം കൊണ്ടുമാത്രം വീട് വെച്ചവരും കടങ്ങൾ വീട്ടിയവരുമൊക്കെയുണ്ട്.

ഹൗസിൽ എത്ര ദിവസമാണോ നിൽക്കുന്നത് അത്രയും ദിവസത്തെ പ്രതിഫലമാണ് ലഭിക്കുക. ദിവസേന ഇത്ര തുക എന്ന രീതിയിലാണ് കരാറിലെത്തുക. എന്നാൽ തങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന് പുറത്ത് പറയരുതെന്നാണ് ബിഗ് ബോസ് വെയ്ക്കുന്ന കരാർ. അതുകൊണ്ട് തന്നെ പലരും ഈ തുക വെളിപ്പെടുത്താറില്ല. എന്നിരുന്നാലും പല മത്സരാർത്ഥികൾക്കും ലഭിച്ച പ്രതിഫലത്തുക സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായിതാ സീസൺ 7-ലെ മത്സരാർത്ഥികളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശദമായി തന്നെ നോക്കാം
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത് ആർക്കായിരിക്കും? തീർച്ചയായും അവതാരകൻ മോഹൻലാലിന് തന്നെ. ആദ്യ സീസണിൽ 12 കോടിയായിരുന്നു മോഹൻലാലിന്റെ പ്രതിഫലം. സീസൺ 6 ആയപ്പോഴേക്കും പ്രതിഫലം 18 കോടിയിലെത്തി. സീസൺ 7 ലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നത് 24 കോടിയാണെന്നാണ് റിപ്പോർട്ട്. മറ്റ് ഭാഷകളിലെ അവതാരകരുമായി താരതമ്യപ്പെടുത്തുമ്പോൾ പക്ഷെ മോഹൻലാലിന്റെ വരുമാനം വളരെ കുറവാണ്. ഹിന്ദി ബിഗ് ബോസിൽ അവതാരകനായ സൽമാൻ ഖാന് പുതിയ സീസണിന് ലഭിക്കുന്ന പ്രതിഫലം 100 കോടിയാണ്. കഴിഞ്ഞ സീസണിൽ 150 കോടിയായിരുന്നു ലഭിച്ചത്.
ഇനി മലയാളത്തിലെ മത്സരാർത്ഥികളുടെ പ്രതിഫലം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രതിഫലം നടി അനുമോൾക്കാണ്. തനിക്ക് വലിയ പ്രതിഫലം തന്നാണ് ഷോയിലേക്ക് എത്തിച്ചതെന്ന് ഷോയ്ക്കിടെ അനുമോൾ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. സീരിയൽ താരമാണ് അനുവിന് ഒരു ദിവസം നൽകുന്നത് 50,000 രൂപയാണെന്നാണ് റിപ്പോർട്ട്. അനുമോളെ കൂടാതെ സമാനമായ പ്രതിഫലം വാങ്ങുന്നത് രേണു സുധിയാണ്. സീരിയലുകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്ന സമയത്താണ് രേണുവിനെ ബിഗ് ബോസ് ഷോയിലേക്ക് കൊണ്ടുവരുന്നത്.
അതേസമയം ഇത്രയും മികച്ച ശമ്പളം നൽകി കൊണ്ടുവന്നിട്ടും രേണു സുധി ബിഗ് ബോസ് ഷോയ്ക്ക് ആവശ്യമായതൊന്നും നൽകുന്നില്ലെന്ന വിമർശനം ചിലർ ഉയർത്തുന്നുണ്ട്. രേണു ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്നും മാനസികമായും ശാരീരികമായും തളർന്നതിനാലാണ് ഇടയ്ക്കിടെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നതെന്ന് ഹൗസിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ പലരും പറഞ്ഞിരുന്നു. പ്രതിഫലം ഓർക്കുന്നത് കൊണ്ട് മാത്രമായിരിക്കും അവർ പിടിച്ച് നിൽക്കുന്നതെന്നാണ് നടി സരിഗ പറഞ്ഞത്.
സിനിമ നടനായിട്ടും അപ്പാനി ശരതിന് പ്രതിദിനം ലഭിക്കുന്നത് 35,000 രൂപയാണ്. സീരിയൽ താരമായ ഷാനവാസ് ഷാനുവിനും 35,000 തന്നെയാണ് പ്രതിഫലം. മോഡലും സംരംഭകയുമായ ജിസേലിന്റെ ബിഗ് ബോസ് പ്രതിഫലം 30,000 രൂപയാണ്. നടി ബിന്നി സെബാസ്റ്റ്യന് 25,000, പുറത്തായ മുൻഷി രഞ്ജിത്തിന് 15,000, സോഷ്യൽ മീഡിയ താരം 10,000 എന്നിങ്ങനെയാണ് പ്രതിഫലം.












Click it and Unblock the Notifications