'തുടങ്ങിയപ്പോള്‍ തന്നെ അടിയോടടി... ഞാനുണ്ടായിരുന്നപ്പോള്‍..'; ബിഗ് ബോസിലേക്ക് ഇനിയും പോകുമെന്ന് നോബി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിട്ട് അധികനാളുകളായിട്ടില്ല. ഇതിനോടകം നിരവധി തവണ ബിഗ് ബോസ് ഹൗസിനുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതോടെ ബിഗ് ബോസ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം എന്നും വഴക്കുള്ള സീസണായി ഇത് മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 6 നെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നോബി മാര്‍ക്കോസ്.
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായിരുന്നു നോബി മാര്‍ക്കോസ്. ഈ സീസണില്‍ ഒരു എപ്പിസോഡ് ഒഴിച്ച് ബാക്കിയെല്ലാം കണ്ടുവെന്നും എപ്പോഴും അടിയാണ് എന്നും നോബി പറയുന്നു. എങ്കിലും അത് കണ്ടിരിക്കാന്‍ രസമാണ് എന്ന് കൂടി താരം കൂട്ടിച്ചേര്‍ത്തു. ' ബിഗ് ബോസ് ഞാന്‍ കാണുന്നുണ്ട്. അടിയോടടി. കൊള്ളാം രസമുണ്ട്. കണ്ട് കൊണ്ടിരിക്കുകയാണ്. നമ്മള്‍ അതിനകത്ത് നിന്നത് കൊണ്ട് കാണുമ്പോള്‍ അറിയാം,' നോബി പറഞ്ഞു.

താന്‍ ബിഗ് ബോസില്‍ ആരോടും അടിയുണ്ടാക്കിയിരുന്നില്ല എന്നും താരം പറഞ്ഞു. ഒരു മനുഷ്യനോടും അടിയുണ്ടാക്കിയിരുന്നില്ല. പക്ഷെ അടിയുണ്ടാക്കത്തത് കൊണ്ട് എന്നെ കൊന്ന ആള്‍ക്കാരാണ് എല്ലാവരും എന്നും ചിരിയോടെ നോബി കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഒരു എപ്പിസോഡ് ഒഴിച്ച് ബാക്കിയെല്ലാം കണ്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ മത്സരിക്കുന്ന പലരേയും അറിയാം എന്നും താരം പറഞ്ഞു.
അപ്‌സര, യമുന ചേച്ചി, ശരണ്യ എന്നിവരെയെല്ലാം അറിയാം. തന്നെ വിൡച്ചാല്‍ ഇനിയും ബിഗ് ബോസിലേക്ക് പോകും എന്ന് കൂടി നോബി പറഞ്ഞു. ' വിളിച്ചാല്‍ ഇനിയും പോകും. പക്ഷെ എന്നെയൊന്നും ഇനി വിളിക്കില്ല. നല്ല രസമാണ് അവിടെ. ബിഗ് ബോസ് ഹൗസിനുള്ളില്‍ വേറെ ഒരു എക്‌സ്പീരിയന്‍സാണ്. അവിടെ പോയി നിന്നാലെ അതൊക്കെ മനസിലാകൂ,' നോബി വിശദീകരിച്ചു.
ടി വി ചാനലുകളിലെ കോമഡി സ്‌കിറ്റുകളിലൂടെയാണ് നോബി ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ആയിരുന്നു നോബിയുടെ തലവര മാറ്റിയത്. പിന്നീട് സിനിമകളിലും മറ്റ് ചാനലുകളിലെ പരിപാടികളിലും അവസരം ലഭിച്ചു. വിദേശത്തും രാജ്യത്തുമായി നിരവധി സ്റ്റേ ഷോകളിലും നോബി ഭാഗമായിരുന്നു. സിനിമകള്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിമിലും വെബ്‌സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications