'നോ എന്നോ യെസ് എന്നോ പറയേണ്ട ആ വലിയ ചോദ്യം എന്റെ മുന്നിലും ഉണ്ടായിരുന്നു, ഞാനും ചെയ്തത് അത് മാത്രമാണ്'; ദിൽഷ
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ വനിതാ വിജയിയായിരുന്നു സീസൺ 4 ൽ കിരീടം ചൂടിയ ദിൽഷ പ്രസന്നൻ. ഷോയിലെ വിജയത്തോടെ വലിയ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന് ലഭിച്ചത്. ഇപ്പോൾ സിനിമ അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ദിൽഷ. അനൂപ് മേനോൻ ചിത്രമായ സിൻഡ്രേലയിൽ നായികയായിട്ടാണ് ദിൽഷ അഭിനയിക്കുന്നത്.
അതിനിടെ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് താരം. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിൽഷ മനസ് തുറന്നത്. ഒരു ബന്ധത്തിൽ യെസ് പറയാൻ നിർബന്ധിതരാവുന്ന പെൺകുട്ടികളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോടും ദിൽഷ അഭിമുഖത്തിൽ പ്രതികരിച്ചു.വായിക്കാം

' യെസ് എന്നാണെങ്കിലും നോ എന്നാണെങ്കിലും അവസാനം അത് ബാധിക്കുക നമ്മളെ തന്നെയാണ്. ഞാൻ ബിഗ് ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ എന്റെ മുൻപിലും ഇങ്ങനെ വലിയൊരു ചോദ്യം ഉണ്ടായിരുന്നു. യെസ് പറഞ്ഞാൽ എന്നോടുള്ള പ്രേക്ഷക സ്നേഹം കൂടുതൽ കിട്ടും. നോ പറഞ്ഞാൽ സ്നേഹിക്കുന്ന പ്രേക്ഷകർ എനിക്ക് എതിരെ തിരിയും എന്നായിരുന്നു അവസ്ഥ.
എന്നാൽ ഈ സ്നേഹിക്കുന്നവരാണെങ്കിലും വെറുക്കുന്നവരാണെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അവർ നമ്മുടെ ജീവിതത്തിൽ നിന്ന് പോകും. അതുകൊണ്ട് നമ്മൾ തന്നെ സ്വയം ചോദിക്കണം. ആ ജീവിതം ജീവിക്കാൻ ഞാൻ റെഡിയാണോ അല്ലെങ്കിൽ അതാണോ എനിക്ക് വേണ്ട ജീവിതം എന്ന്. അവിടെ ഞാനും അതേ ചെയ്തിട്ടുള്ളൂ.
എന്റെ ജീവിതത്തിൽ ഞാൻ സ്വപ്നം കണ്ട ചില കാര്യങ്ങൾ ഉണ്ട്. ആ സ്വപ്നത്തിലേക്കാണ് ഞാൻ പോകാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ബാക്കിയുള്ളവരുടെ സമ്മർദ്ദം കാരണം എന്റെ ജീവിതമോ സ്വപ്നങ്ങളോ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാം ഞാൻ നോ പറഞ്ഞാൽ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരുമെന്ന്. എന്നാൽ അത് കഴിഞ്ഞാൽ ഞാൻ എനിക്ക് ഇഷ്ടമുള്ള ജീവിതമാണ് ജീവിക്കാൻ പോകുന്നത്. അതോണ്ട് എല്ലാ പെൺകുട്ടികളോടും പറയാനുള്ളത് നിങ്ങളുടെ ജീവിതമാണ്. അത് നിങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുക.
ജീവിതത്തിൽ എന്റെ മാതാപിതാക്കൾ ഇതുവരെ എനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. എന്നാലും ജീവിതത്തിൽ ഞാൻ തനിച്ചായി പോകുമോയെന്ന ഭയം അവർക്കുണ്ട്. എന്റെ കുഞ്ഞിനെ കണ്ടിട്ട് മരിക്കണമെന്നൊക്കെ അവർ പറയാറുണ്ട്. പക്ഷേ ആരെങ്കിലും ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയുള്ളൂവെന്നുണ്ടോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്', ദിൽഷ പറഞ്ഞു.












Click it and Unblock the Notifications