'ദിലീപേട്ടന്‍... ജീവിതത്തില്‍ കരുത്തായി ഒരാള്‍ കൂടി വരുന്നു'; വിവാഹവാര്‍ത്ത പങ്കിട്ട് ശാലിനി നായര്‍
മലയാളം ടെലിവിഷന്‍ അവതരണ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അശ്വതി എന്ന ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ ശാലിനി നായരെ അറിയപ്പെടാനും തുടങ്ങി. എന്നാല്‍ ആ സീസണില്‍ അധികകാലം ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടരാന്‍ ശാലിനി നായര്‍ക്ക് സാധിച്ചിരുന്നില്ല. ഇമോഷണലി വീക്കായ മത്സരാര്‍ത്ഥി എന്ന് ശാലിനി നായരെ പലരും വിശേഷിപ്പിച്ചിരുന്നു.
സീസണ്‍ 4 ആരംഭിച്ച് മൂന്നാം ആഴ്ചയോടെ തന്നെ ബിഗ് ബോസ് ഹൗസില്‍ നിന്ന് ശാലിനി നായര്‍ പുറത്താകുകയും ചെയ്തിരുന്നു. എന്നാല്‍ അതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാന്‍ ശാലിനി നായര്‍ക്ക് സാധിച്ചിരുന്നു. അതിന് ശേഷം സ്വന്തം യൂട്യൂബ് ചാനലുമായി സജീവമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാലിനി നായര്‍.

താന്‍ വിവാഹിതയായി എന്ന് പറഞ്ഞ് കൊണ്ട് വിവാഹചിത്രം പങ്ക് വെച്ചിരിക്കുകയാണ് ശാലിനി നായര്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിവാഹക്കാര്യം പങ്ക് വെച്ചത്. ശാലിനിയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. ദിലീപ് എന്നയാളെയാണ് ശാലിനി വിവാഹം കഴിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം എന്നാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശാലിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കൊണ്ട് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശാലിനിയുടെ സഹമത്സരാര്‍ത്ഥികളായിരുന്ന ജാസ്മിന്‍ മൂസ, സൂരജ് തേലക്കാട്, മല്ലു കപ്പിള്‍സ് എന്നിവര്‍ ശാലിനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് താഴെ ആശംസകളുമായി കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശാലിനിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയാണ്...
എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം. വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്. സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക്, അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്.
ദിലീപേട്ടന്‍. ഞാന്‍ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ്. സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications