'സന പ്രണയകഥ പറയിപ്പിച്ചത് ഏഷ്യാനെറ്റോ?; ആരോപണങ്ങൾക്ക് മറുപടിയുമായി അനിയൻ മിഥുൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ 90 ദിവസമായിരുന്നു വുഷു താരമായ അനിയൻ മിഥുൻ തുടർന്നത്. തുടക്കത്തിൽ വലിയ ജനപിന്തുണ നേടിയെടുക്കാൻ കഴിഞ്ഞ താരം കൂടിയായിരുന്നു മിഥുൻ. എന്നാൽ ബിഗ് ബോസിൽ വെച്ച് മിഥുൻ പറഞ്ഞ ചില കാര്യങ്ങളോടെ ആരാധകർ മിഥുനെതിരെ തിരിയാൻ കാരണമായി.
'ജീവിത കഥ' ടാസ്കിനിടയിൽ മിഥുൻ പറഞ്ഞ 'പ്രണയകഥ' ആയിരുന്നു തിരിച്ചടിച്ചത്. സൈന്യത്തിലെ ഉദ്യോഗസ്ഥയായ സന എന്ന പെൺകുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും അവർ തീവ്രവാദി ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു അനിയൻ പറഞ്ഞത്. എന്നാൽ കഥയിലെ കള്ളത്തരം പൊളിച്ചടുക്കി മേജർ രവി അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. ഷോയുടെ അവതാരകനായ മോഹൻലാലും അനിയനെ വിഷയത്തിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ തന്റെ കഥ സത്യമാണെന്ന നിലപാടിൽ തുടരുകയായിരുന്നു മിഥുൻ.

പുറത്തിറങ്ങിയതോടെയാണ് 'കഥ' തിരിച്ചടിച്ചെന്ന് മിഥുൻ മനസിലാക്കിയത്. തുടർന്ന് ഫിനാലെ വീക്കിൽ ഹൗസിൽ മടങ്ങിയെത്തിയപ്പോൾ ഇക്കാര്യത്തിൽ മിഥുൻ വ്യക്തത വരുത്തി. താൻ പറഞ്ഞൊരു കഥ മാത്രമായിരുന്നു അതെന്നും അതിൽ യാതൊരു സത്യമില്ലെന്നുമായിരുന്നു മിഥുൻ വിശദീകരിച്ചത്.അതേസമയം മിഥുൻ ഇക്കാര്യം വിശദീകരിച്ചെങ്കിലും പുറത്ത് 'സന കഥയിൽ'ചർച്ച അവസാനിച്ചിരുന്നില്ല. ഷോയിൽ മിഥുൻറെ പ്രകടനം മോശമായപ്പോൾ ഏഷ്യാനെറ്റ് തന്നെ മിഥുനെക്കൊണ്ട് ഇത്തരമൊരു കഥ പറയിപ്പിച്ചുവെന്ന തരത്തിലടക്കമുള്ള ആക്ഷേപങ്ങളായിരുന്നു ചിലർ ഉയർത്തിയത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് അനിയൻ മിഥുൻ. 'ഇന്ത്യൻ സിനിമ ഗാലറി' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിയന്റെ പ്രതികരണം. ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും അനിയൻ മിഥുൻ സംസാരിച്ചു. മിഥുന്റെ വാക്കുകളിലേക്ക്-'ബിഗ് ബോസിന്റെ അകത്ത് ഉള്ളപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. പുതിയൊരു അനുഭവമായിരുന്നു. ഞാൻ വളരെ അധികം ആസ്വദിച്ചിരുന്നു.പുറത്തിറങ്ങിയപ്പോഴും സന്തോഷം. കൂട്ടുകാരേയും നാട്ടുകാരേയും ഒക്കെ കണ്ടു. കുറെ അധികം പാഠങ്ങൾ പഠിച്ചിട്ടാണ് ഞാൻ ഇറങ്ങിയത്.
പുറത്തിറങ്ങിയപ്പോൾ വേറൊരു കുടുംബം തന്നെ കിട്ടിയപോലെയാണ്. സ്വീകരിക്കാനായി വുഷു അസോസിയേഷൻ സെക്രട്ടറിയും വുഷു താരങ്ങളുമൊക്കെ ഉണ്ടായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്കാണ് വന്നത്. പല ട്രോളുകളും നേരിടേണ്ടി വന്നു. ചിലതൊക്കെ ആസ്വദിച്ചു. ചിലത് വിഷമിച്ചിരുന്നു. പക്ഷേ ആരോടും വിരോധമില്ല. പക്ഷേ എനിക്കും അമ്മയും അച്ഛനും കുടുംബവുമൊക്കെയുണ്ട്. സന കഥയൊക്കെ ബിഗ് ബോസിൽ വെച്ച് തീർന്നു.
സന കഥ ഏഷ്യാനെറ്റ് പറയിപ്പിച്ചതൊന്നുമല്ല. ഏഷ്യാനെറ്റും ബിഗ് ബോസുമൊക്കെ വളരെ അധികം മൂല്യമുള്ള ചാനലും ഷോയുമൊക്കെയാണ്. ബിഗ് ബോസ് വലിയൊരു പ്ലാറ്റ്ഫോമാണ്. അല്ലെങ്കിൽ അവിടേയ്ക്ക് ലാലേട്ടനെ പോലെ ഒരാളെയൊന്നും കൊണ്ടുവരാൻ പറ്റില്ല. ഭയങ്കര പൈസ മുടക്കി ചെയ്യുന്ന പരിപാടിയാണ്.
സന എന്നൊരു പെൺകുട്ടിയൊന്നും ഇല്ല. പക്ഷേ എന്റെ ജീവിതത്തിൽ ഒരു ലവ് സ്റ്റോറിയുണ്ടായിരുന്നു.ഇങ്ങനെത്തെ കഥയൊന്നും അല്ല. ചില സമയത്ത് നമ്മൾ ബിഗ് ബോസിലെ ക്യാമറയൊക്കെ മറന്ന് പോകും. അങ്ങനെ ഞാൻ കഥ പറയുന്നത് നമ്മുടെ പിള്ളേരുടെ മുന്നിലാണ്. ആ സമയത്ത് മറ്റേ സാധനം കൂടി കയറി വന്നു. അതുകഴിഞ്ഞപ്പോൾ പോലും പുറത്ത് ഇത് ഇത്രയും വലിയ പ്രശ്നമാകും എന്ന് ഞാൻ ചിന്തിച്ചില്ല. എനിക്ക് അറിയില്ലായിരുന്നു. അത് അവിടെ കഴിഞ്ഞു. ഒരു സമൂഹത്തിനെ പറ്റിക്കാം എന്നൊന്നും ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല.
ഞാനിപ്പോൾ നാട്ടിലൊക്കെ പറയുന്നത് പോലെ പറഞ്ഞതാണ്. ലാലേട്ടൻ വന്ന് ചോദിച്ചപ്പോൾ ശരിക്കും ഞാൻ പേടിച്ച് പോയി. ലാലേട്ടനെ പോലൊരു വ്യക്തി എന്നോട് ചൂടാവുകയാണ്. പേടിച്ച് തലകറങ്ങി വീണതാണ്. അടുത്ത എപ്പിസോഡിൽ ഞാൻ ക്ഷമ പറഞ്ഞു. എനിക്ക് ഇതൊന്നും ആലോചിക്കാനുള്ള കഴിവില്ല. എന്റെ ജോലി നാക്ക് കൊണ്ട് ഉള്ളതല്ല. എനിക്ക് സംസാരിക്കാൻ അറിയില്ലെന്ന് എനിക്ക് തന്നെ അറിയാം.
വീണ്ടും മറ്റൊരു എപ്പിസോഡിലും ഞാൻ ക്ഷമ ചോദിച്ചു. എനിക്ക് സംസാരിക്കാൻ അറിയാത്തത് കൊണ്ടാണ് അഖിലേട്ടനെ വിളിച്ചത്. അഖിലേട്ടൻ എന്നെ നല്ല രീതിയിൽ സഹായിച്ചു. അത് അവിടെ വെച്ച് തന്നെ തീർന്നതാണ്',അനിയൻ മിഥുൻ പറഞ്ഞു.












Click it and Unblock the Notifications