റോബിൻ രാധാകൃഷ്ണനെ തേച്ചൊട്ടിച്ച് അഖിൽ മാരാർ..'മുച്ചൂടും മുടിഞ്ഞ് തലയിൽ വീഴുമെന്ന് പറയുമോ?,ഞാൻ പറയില്ല'
അടുത്തിടെ നടന്ന ഒരു പൊതുപരിപാടിക്കിടെ മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ബിഗ് ബോസ് താരം റോബിൻ ആശങ്കപങ്കിട്ടിരുന്നു.റോബിന്റെ പ്രതിശ്രുത വധു ആരതി പൊടിക്ക് യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാഗസിന്റെ പുരസ്‌കാരം നൽകുന്ന വേദിയിൽ വെച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനോടായാിരുന്നു ഡാമിനെ കുറിച്ച് റോബിൻ പറഞ്ഞത്.
'ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്‌ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഒരു പ്രശ്‌നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു',എന്നാണ് റോബിന്‍ പറഞ്ഞത്. എന്നാൽ യാതൊരു ആശങ്കയും വേണ്ട മുല്ലപ്പെരിയാർ സുരക്ഷിതമാണെന്നായിരുന്നു ഇപിയുടെ മറുപടി.

ഇപ്പോഴിതാ ഇതേ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാർ. വിഷയത്തിൽ റോബിന്റെ പേര് പറയാതെ രൂക്ഷപരിഹാസവും വിമർശനവുമാണ് അഖിൽ ഉയർത്തുന്നത്. ഫേസ്ബുക്കിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അഖിൽ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടി ഇങ്ങനെ-'മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെ കുറിച്ച് എനിക്ക് യാതൊരു അറിവും ഇല്ലെന്നതാണ് യാഥാർഥ്യം.ഞാൻ ഒന്ന് ചോദിക്കാം, നിങ്ങൾ മനോഹരമായൊരു വീട് വെച്ച് ആ വീട്ടിലെ പാല് കാച്ചലിന് നിങ്ങൾ എന്നെ വിളിക്കുകയാണ്. ഞാൻ ആ വീട്ടിലേക്ക് വന്ന് വീടിനെ കുറിച്ച് നിങ്ങൾ അഭിപ്രായം ചോദിച്ചാൽ, അത് കാണാൻ കൊള്ളാം ഇല്ലെങ്കിൽ കൊള്ളില്ല എന്ന് മാത്രമാണ് എനിക്ക് പറയാൻ പറ്റുക.
അല്ലാതെ ഞാൻ അവിടെ വന്നിട്ട് ചേട്ടൻ ആ ഭാഗത്തെ പില്ലർ അങ്ങ് പൊളിച്ച് കളയണം, ഈ വീടിന് യാതൊരു ബലവും ഇല്ലെന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്താണ് തോന്നുക? ഈ വീട് ബലമുള്ള വീടാണെന്ന് നിങ്ങളുടെ എഞ്ചിനിയർ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് തന്നതാണ്. എന്നിട്ട് സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തുന്ന ആളാണ് എന്നെ കേൾക്കാൻ ആളുണ്ടെന്ന് കരുതി ഈ വീട് കൊള്ളില്ല ,പൊളിച്ച് കളയണമെന്നും പാതിരാത്രിക്ക് കിടന്നുറങ്ങുമ്പോൾ ഇത് മുച്ചൂടും മുടിഞ്ഞ് നിങ്ങളുടെ തലയിൽ വീഴുമെന്നും ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ ഞാൻ പറയുന്നതാണോ കേൾക്കുക അല്ല ആ വീട് വെച്ച എഞ്ചിനയർ പറയുന്നതോ?
മുല്ലപ്പെരിയാർ ഡാം പൊളിച്ച് പണിയണോ എന്ന് തീരുമാനിക്കുന്നത് ഡാം മാനേജ്മെന്റ് സമിതിയാണ്. ആ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നിരിക്കെ എവിടെയെങ്കിലും കിടക്കുന്ന ചില വക്കീലൻമാർ പറഞ്ഞെന്നും പറഞ്ഞ് ബഹളം വെക്കുമ്പോൾ ഈ ഡാമിന്റെ ചുറ്റുമുള്ള ഒരു വലിയ ജനത പ്രത്യേകിച്ച് ഇടുക്കിക്കാർ എങ്ങനെ കിടന്നുറങ്ങും? ദാ മുല്ലപ്പെരിയാർ പൊളിയുന്നേയെന്ന് അഖിൽ മാരാർക്ക് വേണമെങ്കിൽ വിളിച്ച് പറയാം. പക്ഷേ അത് ജനത്തെ എങ്ങനെ ബാധിക്കുമെന്ന് ഓർക്കണം. അതുകൊണ്ട് അറിവില്ലാത്ത വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഇത് ജനത്തെ എങ്ങനെ ബാധിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടത് എന്റെ കടമയാണ്.
ഭീതി പരത്തി ആളുകളെ ആശങ്കപ്പെടുത്തുകയല്ല വേണ്ടത്. അനാവശ്യമായി ആരേയും ഭയപ്പെടുത്താൻ എനിക്ക് താത്പര്യമില്ല. അതേസമയം തന്നെ ജനങ്ങളുടെ ആശങ്ക അകറ്റണം. ആശങ്ക അകറ്റാൻ ഡാം മാനേജ്മെന്റ് അതോറിറ്റി വീണ്ടും പഠനം നടത്തട്ടെ. ഇനി ഡാമിന് ബലമില്ലെന്നാണ് അവർ പറയുന്നതെങ്കിൽ ജനങ്ങൾക്കൊപ്പം മുന്നിൽ നിൽക്കാൻ ഞാനും ഉണ്ടാകും. അതല്ല ബലമുണ്ടെന്നാണ് പറയുന്നതെങ്കിൽ അവരെ ഞാൻ വിശ്വസിക്കും. അല്ലാതെ സോഷ്യൽ മീഡിയ ബഹളങ്ങളെ വിശ്വസിച്ച് അതിന് പിന്നിൽ പോകുന്ന ആളല്ല ഞാൻ.അതിന്റെ പേരിൽ ആര് എന്നെ എതിർത്താലും',അഖിൽ പറഞ്ഞു.












Click it and Unblock the Notifications