'ബിഗ് ബോസിൽ വെച്ച് പ്രണയം ഉണ്ടായിരുന്നെങ്കിൽ ആരെ പ്രണയിക്കും?' അഖിൽ മാരാരുടെ മറുപടി ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയാണ് സംവിധായകൻ അഖിൽ മാരാർ. തുടക്കം മുതൽ തന്നെ ശക്തമായ ഗെയിമുകളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ അഖിലിന് കഴിഞ്ഞിരുന്നു. വിജയത്തിന് പിന്നാലെ ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മൂവ് വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് തന്റെ ഗെയിം രീതികളെ കുറിച്ച് അഖിൽ സംസാരിച്ചത്. ബിഗ് ബോസിലേക്ക് വീണ്ടും വിളിച്ചാൽ പോകുമോയെന്ന ചോദ്യങ്ങൾക്ക് ഉൾപ്പെടെ അഖിൽ മറുപടി നൽകുന്നുണ്ട്. അഖിൽ മാരാരുടെ വാക്കുകളിലേക്ക്
'ബിഗ് ബോസ് ഷോ വിജയിക്കാൻ എന്തെങ്കിലും സ്ട്രാറ്റജിയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഓരോ സമയത്തിന് അനുസരിച്ച് പ്രവർത്തിക്കുകയെന്നാണ് ഷോയിൽ ഏറ്റവും അടിസ്ഥാനമായി വേണ്ട്. ഏറ്റവും വേഗത്തിൽ ചിന്തിച്ച് പ്രവർത്തിക്കണം, ഷാർപ്പും ആയിരിക്കണം. ബിഗ് ബോസിലേക്ക് വിളിച്ചാൽ ഇനി വീണ്ടും പോകില്ല. കാരണം ഈ അഖിൽ മാരാരെ അല്ലേ വീണ്ടും കാണിക്കാൻ പറ്റുകയുള്ളൂ. അഭിനയമല്ലല്ലോ, ആളുകൾക്ക് വേഗത്തിൽ ബോറടിക്കും.

മടുപ്പ് പ്രശ്നമൊന്നുമില്ല. ചില അവസരങ്ങളിൽ ബിഗ് ബോസ് ഹൗസ് ഞാൻ ഭീകരമായി മിസ് ചെയ്യാറുണ്ട്. എന്നിരുന്നാലും വീണ്ടും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ബിഗ് ബോസിൽ പോകുന്നവരോട് പറയാനുള്ളത് മനുഷ്യനെ മനസിലാക്കുകയെന്നതാണ്. പക്ഷേ അതൊട്ടും എളുപ്പമല്ല. എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയ ജീവിതാനുഭവങ്ങളാണ് എന്റെ സക്സസ്. ഞാൻ എല്ലാ സാഹചര്യങ്ങളിലൂടെയും കടന്ന് വന്നയാളാണ്. പിന്നെ നമ്മൾ ഒരു കാര്യം പറയുമ്പോൾ മൂന്നാമതൊരാൾ ഇത് കാണുന്നുണ്ടെന്നും അവർക്കും ഒരു ചിന്തയുണ്ടെന്ന് ആലോചിക്കുക.
ഹൗസിൽ വെച്ച് ലാലേട്ടൻ എത്തുന്ന എപ്പിസോഡിൽ എന്നെ ലാലേട്ടൻ ചീത്ത പറയുമ്പോഴൊക്കെ ഞാൻ മനസിലാക്കി തുടങ്ങിയിരുന്നു ഈ ഷോയുടെ വളയം എന്റെ കൈയ്യിൽ തന്നെയാണെന്ന്. ഷിജു ചേട്ടനോടൊക്കെ ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ആളുകൾക്കിടയിൽ വലിയൊരു സ്വീകാര്യതയുണ്ട്. ആ ഷോയോടുള്ള ഇഷ്ടമാണ് പ്രേക്ഷകർക്ക് എന്നോട് ഉള്ളത്. അടുത്ത സീസൺ വരുമ്പോൾ മറ്റൊരാളെ അവർ സ്നേഹിച്ച് തുടങ്ങും. ഈ ഒരു അംഗീകാരം മറ്റൊരു പരിപാടിയിൽ പോയാലും ലഭിക്കില്ല.
ബിഗ് ബോസിൽ മുണ്ടുപൊക്കിയ സംഭവമൊക്കെ ഞാൻ തമാശ കളിച്ചാണ്. പക്ഷേ അത് മോശമാക്കാനുള്ള ഒരു ശ്രമം നടന്നു. ആ ആക്ട് തെറ്റാണ്. ബിഗ് ബോസിൽ ഒന്നും പ്ലാൻ ചെയ്ത് മുന്നോട്ട് പോകാനാകില്ല. ഓരോന്നും നടന്ന് കഴിഞ്ഞതിന് ശേഷമാണ് ഓരോ കാര്യവും ആലോചിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്യുന്നൊരു കാര്യം ഒരാളെ ട്രിഗർ ചെയ്യാൻ ഒരു കാര്യം പറയുമ്പോൾ അതെങ്ങനെ കത്തിക്കത്തിപോകും എന്ന് എനിക്ക് അറിയാം.
ബിഗ് ബോസിൽ എനിക്ക് പ്രണയമൊന്നും തോന്നില്ല. തമാശകളി ഉണ്ടെനിക്ക്.പ്രണയമൊന്നും എനിക്ക് തോന്നത്തില്ലെന്നേ. ഭാര്യയോട് തന്നെ പ്രണയം തോന്നിയിട്ടുണ്ടോയെന്ന് എനിക്ക് സംശയമാണ്. പ്രണയമെന്ന വികാരമൊക്കെ മനസിൽ നിന്ന് മുറിച്ച് കഴിഞ്ഞിട്ട് കാലം കുറെ ആയി. ആകെയുള്ളൊരു കാര്യം എന്റെ ഭാര്യയോട് തോന്നുന്നൊരു വികാരം എനിക്ക് മറ്റൊരു സ്ത്രീയോടും തോന്നുന്നില്ലെന്നതാണ്.
തമാശയ്ക്ക് ശോഭയോടൊക്കെ സംസാരിക്കാറുണ്ട്. കാർത്തുമ്പി-മാണിക്യൻ കഥാപാത്രങ്ങൾ തല്ലുപിടിച്ചതിന് ശേഷം അവർ തമ്മിൽ പ്രണയമാകുന്നൊരു പരിപാടി ഉണ്ടല്ലോ. ആ രണ്ട് കഥാപാത്രങ്ങൾ പോലെ ഞങ്ങൾക്കിടയിൽ കണ്ടാൽ ആ ശോഭയോട് വേണമെങ്കിൽ ഒരു ലവ് യു പറയാം. പക്ഷേ കുഴപ്പമാണ്. എന്നെ എടുത്തിട്ട് പുകയ്ക്കും', തമാശ രൂപേണ അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications