'അഖിൽ മാരാരുടെ ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് ടിക്കറ്റ്'; താരത്തിന്റെ മറുപടി ഇങ്ങനെ
ബിഗ് ബോസ് മലയാളത്തിൽ വരുന്നതിന് മുൻപും പൊതുവിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിരുന്ന വ്യക്തിയാണ് അഖിൽ മാരാർ. എന്നാൽ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾ താരം നേടിട്ടുണ്ട്. ബിഗ് ബോസ് വിജയത്തിന് പിന്നാലെയും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ യാതൊരു മടിയും അഖിൽ മാരാർ കാണിച്ചിട്ടില്ല. ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ അഖിൽ വിമർശിച്ചിട്ടുണ്ട്.
ഇതോടെ അഖിൽ കോൺഗ്രസുകാരനായതിനാലാണ് ഇത്തരത്തിൽ പിണറായി സർക്കാരിനെതിരെ രംഗത്തെത്തുന്നതെന്നായിരുന്നു ഒരു വിഭാഗം വിമർശനം ഉയർത്തിയത്. സർക്കാരിനെതിരെ പറയുന്നതിലൂടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനാണ് അഖിൽ ശ്രമിക്കുന്നതെന്നും ചിലർ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഖിൽ. ഫേസ്ബുക്ക് ലൈവിൽ ആരാധകരുടെ ചോദ്യത്തോടായിരുന്നു അഖിലിന്റെ പ്രതികരണം. വായിക്കാം

'എനിക്കൊരു തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം എൽ എയാകുകയാണ് ലക്ഷ്യമെങ്കിൽ എനിക്ക് മിണ്ടാതിരുന്നാൽ പോരെ? ഏതെങ്കിലും സിനിമാ നടൻമാരോ കലാകാരൻമാരോ പൊതുമധ്യത്തിൽ വന്നിട്ട് ഇങ്ങനെ അഭിപ്രായം പറയുന്നത് കണ്ടിട്ടണ്ടോ? മമ്മൂക്കയുടേത് ഇടതുപക്ഷ രാഷ്ട്രീയമാണ്. അദ്ദേഹം പക്ഷേ എന്നെങ്കിലും രാഷ്ട്രീയ പ്രസ്താവന നടത്തിയിട്ടുണ്ടോ? ഒരു സീറ്റാണ് ലക്ഷ്യമെങ്കിൽ ഞാൻ ഇങ്ങനെ അഭിപ്രായം പറയുമോ?
ബിഗ് ബോസിൽ നിന്നും ഇറങ്ങി അത്യാവശ്യം സാമ്പത്തികവും അത്യാവശ്യത്തിലധികം ജനപ്രീതിയും ലഭിക്കുന്ന ചെറിപ്പക്കാരനെന്ന നിലക്ക് എനിക്ക് ഓളത്തിന് അനുസരിച്ച് സംസാരിച്ചാൽ പോരെ? ഇതല്ലേ എനിക്ക് ഏറ്റവും സേഫ്. സേഫ് അല്ലാത്ത രീതിയിൽ സംസാരിച്ച് കൊണ്ട് തെറ്റ് എന്ന് തോന്നുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് . ശരികൾക്ക് വേണ്ടിയുള്ള സംസാരം മാത്രമായി അതിനെ കാണാനുള്ള ബോധം എന്നെ ഇഷ്ടപ്പെടുന്നവർക്ക് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.
മത്സരിക്കണമെങ്കിൽ ജനങ്ങൾ എന്‌റെ ഒപ്പമുണ്ടെങ്കിൽ ഞാൻ ഒറ്റയ്ക്ക് മത്സരിച്ചോളം. ജനങ്ങളല്ലേ എല്ലാവരുടേയും ധൈര്യം. മോദിയായാലും പിണറായിയാലും ജനങ്ങളെ മണ്ടരാക്കാതിരുന്നാൽ മതി.
ഞാൻ മുൻപ് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. അന്നെനിക്ക് 10,000ത്തോളം വോട്ട് കിട്ടി. ഇടതുപക്ഷത്തിന്റെ കോട്ടയിലായിരുന്നു ഇത്. ഇപ്പോഴും വേണമെങ്കിൽ എനിക്ക് മത്സരിക്കാം. ഞാൻ പ്രതിപക്ഷ ശബ്ദമായി സംസാരിക്കുന്നത് കൊണ്ടാണ് ചിലർക്ക് ഞാൻ കോൺഗ്രസ് പ്രവർത്തകനായി തോന്നുന്നത്. എനിക്ക് കോൺഗ്രസിനോട് യാതൊരു വിരോധവുമില്ലതാനും', അഖിൽ പറഞ്ഞു.












Click it and Unblock the Notifications