'ഇതാണ് ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്ന പ്രതിഫലം, ഇതുവരെ 8 എണ്ണം ചെയ്തു'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ആ ഷോയിലേക്ക് പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഷോയിലെത്തിയാൽ ജീവിതം പാടെ മാറി മറിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
എന്നാൽ ബിഗ് ബോസിലേക്ക് എങ്ങനെ എത്തിപ്പെടണം എന്നത് സംബന്ധിച്ച് പലർക്കും അറിയില്ല. ഇപ്പോൾ ഇതാ എങ്ങനെ താൻ ബിഗ് ബോസിലേക്ക് എത്തിയെന്നും എങ്ങനെയായിരുന്നു അഭിമുഖമെന്നുമെല്ലാം പറയുകയാണ് സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയുമായ അഖിൽ മാരാർ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. ബിഗ് ബോസ് വിജയത്തിന് ശേഷം ഉദ്ഘാടനങ്ങൾക്ക് വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ചും അഭിമുഖത്തിൽ അഖിൽ വെളിപ്പെടുത്തി. വായിക്കാം

'ബിഗ് ബോസിൽ പങ്കെടുക്കണമെന്ന ആഗ്രഹവുമായി ഒരുപാട് പേർ പുറത്തുണ്ട്. എന്നാൽ എങ്ങനെ എത്തണം, ആര് വഴി എത്തണം എന്നൊന്നും അറിയില്ല. നല്ല പ്രൊഫൈലുകൾ എന്റെ മുൻപിൽ എത്തിയാൽ ഇവരേം കൂടി പരിഗണിക്കാമോയെന്ന് ചോദിക്കാൻ എനിക്ക് സാധിക്കും. എന്നാൽ അഭിമുഖത്തിൽ സെലക്ട് ആവണം എന്ന് പറയാനാകില്ല.
ഒന്നേമുക്കാൽ മണിക്കൂർ ഓഡിഷനാണ് ഞാൻ പങ്കെടുത്തത്. അവർ ഇങ്ങോട്ട് പറയാൻ ഒന്നും സംസാരിക്കാതെ ഒന്നര മണിക്കൂറോളം ഞാൻ സംസാരിച്ചിരുന്നു. ആ ഓഡിഷനാണ് എന്നെ തെരഞ്ഞെടുക്കാൻ കാരണം. കണ്ടന്റ് ഉണ്ടാകുമെന്നും ഞാനൊരു വില്ലൻ ആകുമെന്നും അവർ പ്രതീക്ഷിച്ച് കാണും.
ബിഗ് ബോസ് ഇനി മുതൽ ഭയങ്കര ടൈറ്റായിരിക്കും. അവിടെ പോയി അഭിനയിച്ചാൽ ജനങ്ങൾക്ക് അത് മനസിലാകും. ഇത്തവണയാണ് ഏഷ്യാനെറ്റിന് ബിഗ് ബോസ് ലാഭമാകുന്നത്. ഇനിയുള്ള സീസണുകളിൽ ഇതുവരെ ആളുകൾ എടുത്ത എഫേർട്ടിനെക്കാൾ എഫേർട്ട് ഇടേണ്ടി വരും. ഓരോ സീസണുകളിലേയും വിജയികളെ പോലെ പൊട്ടൻഷ്യൽ ഉള്ളവരായിരിക്കും ഒരുപക്ഷേ ഇനി വരാനിരിക്കുന്ന 18 പേരും.
നിലവിൽ 5 ലക്ഷം രൂപയാണ് ഉദ്ഘാടനങ്ങൾക്കായി ഞാൻ വാങ്ങുന്നത്. ഒരു കാലത്ത് ആരും എനിക്ക് ഒരു വിലയും തന്നിട്ടില്ല. വണ്ടി പിടിച്ച് കൊല്ലത്തോളം പോയിട്ട് ഉദ്ഘാടനം ചെയ്തിട്ട് ഡീസൽ അടിക്കാനുള്ള കാശ് പോലും തന്നിട്ടില്ല. എല്ലാ കാലവും വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ?
എന്നെ ഒരു പരിപാടിക്ക് വിളിച്ചാൽ ഒരുപാട് സ്പോൺസർമാരെ ലഭിക്കും. ഞാൻ മണ്ടനാകാൻ ഇല്ല. എന്നെ പറ്റിക്കാൻ ഞാൻ ആരേയും അനുവദിക്കില്ല. എന്നെ സൃഷ്ടിക്കേണ്ടത് ഞാനാണ്. 8 ഉദ്ഘാടനം ഇതുവരെ ചെയ്തിട്ടുണ്ട്. നമ്മളെ വിമർശിക്കുന്നവരെ കേട്ടാലേ മുൻപോട്ട് പോകൻ സാധിക്കൂ. കൈയ്യടിയിലൂടെ മുന്നോട്ട് പോകാനാകില്ല, കുറച്ച് ആത്മവിശ്വാസം ഉയരാൻ അത് സഹായിച്ചേക്കുമായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ച് വിമർശനങ്ങളാണ് മുന്നോട്ട് പോകാൻ സഹായിക്കുന്നത്. എന്നെ അവഗണിക്കുകയും എതിർത്ത് കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ എന്നെ കൊണ്ട് അത് പറ്റില്ലെന്ന് പറയുമ്പോൾ അത് ചെയ്ത് കാണിക്കാനാണ് എനിക്ക് ഇഷ്ടം.












Click it and Unblock the Notifications