സിനിമാ താരത്തിന് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത എന്തുകൊണ്ട്: അഖില്‍ മാരാർ വെളിപ്പെടുത്തുന്നു
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ ആ ഷോയില്‍ വന്ന് തന്നെ തിരുത്തിയ വ്യക്തിയാണ് സംവിധായകന്‍ അഖില്‍ മാരാർ. ബിഗ് ബോസിനെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത വ്യക്തിയില്‍ നിന്നും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ഷോയില്‍ പങ്കെടുത്ത് വിജയ കിരീടം ചൂടാനും അദ്ദേഹത്തിന് സാധിച്ചു.
വലിയ ജനപ്രീതിയുണ്ടായിട്ടും ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അധികം പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്ത വ്യക്തി കൂടിയാണ് അഖില്‍ മാരാർ. ചുരുക്കം അഭിമുഖങ്ങളിലും ഉദ്ഘാടനങ്ങളിലുമൊക്കെയാണ് താരത്തെ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഈ പരിപാടികളിലൂടെയൊക്കെ അരാധകരുമായി പരമാവധി സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുകയും ചെയ്യുന്നു. അത്തരത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ആരാധകരുമായി അഖില്‍ മാരാർ നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ബിഗ് ബോസില്‍ എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. നന്ദിയില്‍ ഒതുക്കാന്‍ കഴിയാത്ത സ്നേഹവും സന്തോഷവുമുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് പോകുമ്പോള്‍ ബിഗ് ബോസ് എന്താണെന്നോ അവിടുത്ത രീതികള്‍ എന്താണെന്നോ എന്നൊന്നും അറിയാതെ അങ്ങോട്ട് കയറിപ്പോയ ഒരു വ്യക്തിയാണ് ഞാന്‍. എന്തായാലും തിരിച്ച് വന്നപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും കാണിക്കുന്ന സ്നേഹം എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയാണ്.
ഇവിടെ വരാന്‍ വൈകിയതില്‍ ആദ്യം തന്നെ എല്ലാവരോടും ഒരു ക്ഷമ ചോദിക്കുന്നു. സത്യത്തില്‍ നേരത്തെ തന്നെ വരാന്‍ തീരുമാനിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ സംഘാടകർ തന്നെയാണ് വെയിലൊക്കെ താണ് എല്ലാവർക്കും കൂടിനില്‍ക്കാന്‍ കഴിയുന്ന സമയത്ത് എത്തിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്. എങ്കിലും എന്നെ കാണാനായി ഇവിടെ എത്തിച്ചേർന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.
ബിഗ് ബോസിലൂടെ എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരുപാട് ആളുകളുണ്ട്. നേരത്തെ വളരെ കുറച്ച് പേർ മാത്രമായിരുന്നു എന്നെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങോളും ഇങ്ങോളമുള്ള ഒരുപാട് ആളുകള്‍ എന്നെ സ്നേഹിക്കുന്നു, തിരിച്ചറിയുന്നു. അതിലെല്ലാം ഒരുപാട് സന്തോഷമുണ്ട്.
ബിഗ് ബോസില്‍ അഖില്‍ മാരാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്ത് വന്ന വ്യക്തിയല്ല ഞാന്‍. അഖില്‍ മാരാറായി തന്നെ ജീവിച്ച് പുറത്ത് വന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടായിരിക്കാം, ഒരു സിനിമാ താരത്തിന് ലഭിക്കാത്ത രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്നത്. ഒരു സിനിമയില്‍ ഒരു നായകന്‍ രണ്ടര മണിക്കൂർ അഭിനയിക്കുമ്പോള്‍ ഒന്നര മണിക്കൂർ ഒക്കെയായിരിക്കും അയാളുടെ ഫേസ് നിങ്ങള്‍ കാണുന്നത്.
ബിഗ് ബോസില്‍ ഒരു നൂറ് ദിവസം , ദിവസം ഒരു പതിനഞ്ച് മണിക്കൂർ വെച്ച് ഏകദേശം ഒരു 1500 മണിക്കൂർ നിങ്ങള്‍ എന്നെയിങ്ങനെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കൊക്കെ ഞാനൊരു മകനാണ്, ഏട്ടനാണ്, അനിയനാണ്, സഹോദരനാണ്. എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും അഖില്‍ മാരാർ പറയുന്നു.
തുടർന്ന് ആരാധകരുടെ ചോദ്യത്തിനുള്ള മറുപടികളും താരം നല്‍കുന്നു. മാസ്സ് ആണോയെന്ന ചോദ്യത്തിന് മരണമാസ്സാണ് ഞാന്‍ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അഖില്‍ മാരാരുടെ മറുപടി. ബിഗ് ബോസില്‍ പോയപ്പോള്‍ പേടി തോന്നിയോ എന്നായിരുന്നു അടുത്ത ചോദ്യം. പേടിക്കേണ്ട കാര്യം എന്താണ്. 'നമ്മളേയല്ലേ അവരൊക്കെ പേടിച്ചത് എന്നായിരുന്നു ' ഇതോടുള്ള താരത്തിന്റെ പ്രതികരണം.












Click it and Unblock the Notifications