ശോഭയുടേയും ജുനൈസിന്റെയുമൊക്കെ ആ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് സ്വയം പുച്ഛം തോന്നി: അഖില്‍ മാരാർ
ആരാധകരുടെ കമന്റിനേക്കാള്‍ അധികമായി ഞാന്‍ വായിക്കാറുള്ളത് എതിർക്കുന്നവരെ കമന്റുകളാണെന്ന് ബിഗ് ബോസ് മലായാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. അതില്ലെങ്കില്‍ ഞാന്‍ വലിയ അഹങ്കരിയായിപ്പോവും. സ്വന്തം സർക്കിളില്‍ നിന്ന് മാത്രം ലഭിക്കുന്ന വിവരം വെച്ചാണ് നാം മുന്നോട്ട് പോവുന്നതെങ്കില്‍ അത് നമ്മെ മോശമായി ബാധിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.
എല്ലാവരും നല്ലത് പറയുകയും ജയ് വിളിക്കുകയും ചെയ്യുമ്പോള്‍ ഇതാണ് ലോകമെന്ന് ചിലർ തെറ്റിദ്ധരിക്കും. ചില താരങ്ങള്‍ക്കും നേരത്തെ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയവർക്ക് പറ്റിയ തെറ്റ് ഇതാണ്. ഇതെല്ലാം കാണുമ്പോള്‍ ഞാനിപ്പോള്‍ ഈ ലോകം തന്നെ കീഴ്മേല്‍ എടുത്ത് മറിച്ച് കളയും എന്ന ചിന്തയായിരിക്കും അവർക്കെന്നും താരം പറയുന്നു. റേഡിയോ കേരളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ഇപ്പോഴും ഇതിന് അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ശത്രുക്കള്‍ എന്താണ് നമ്മളെക്കുറിച്ച് പറയുന്നതെന്ന് ശ്രദ്ധിക്കും. അതാണ് മുന്നോട്ട് പോവാനുള്ള ഊർജ്ജം. നമ്മളെ എതിർക്കുന്നവരെക്കൊണ്ട് കയ്യടപ്പിക്കുകയെന്നാണ് എന്റെ ലക്ഷ്യം. എന്നെക്കൊണ്ട് പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം ചെയ്ത് കാണിക്കാനുള്ള ഒരു വാശി എനിക്കുണ്ട്.
എന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ 99 ശതമാനം കലാകാരന്മാർക്കും വിമർശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഒരു അഞ്ച് കമന്റെങ്കിലും എതിരായി വന്നാല്‍ ഭീകരമായ രീതിയില്‍ തളർന്ന് പോകുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. മറുവശത്ത് നൂറ് കമന്റുകള്‍ നല്ലത് കിടക്കുന്നത് അവർ നോക്കില്ലെന്നും അഖില്‍ മാരാർ പറയുന്നു.
കലാകാരന്മാരുടെ ഈ വിഷമം കൂടി മനസ്സിലാക്കിക്കൊണ്ടാണ് സിനിമയ്ക്കെതിരെ മോശം പറയുന്ന ചില യൂട്യൂബർമാർക്കെതിരെ ഞാന്‍ സംസാരിച്ചത്. ഇത്തരം പരിഹാസങ്ങള്‍ കേട്ട് മഹാന്മാരായ ഒരുപാട് ആളുകള്‍ വിഷമിക്കുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസിലെ ആദ്യത്തെ 40 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് പോകണമെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. 45-ാം ദിവസത്തെ എവിക്ഷനെ ശോഭയും ജുനൈസുമൊക്കെ നേരിട്ടത് വലിയ ടെന്‍ഷനോടെയായിരുന്നു. അവരുടെ ആ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ ഇത് ആരോടാണാണ് മത്സരിക്കുന്നതെന്ന് തോന്നി. ഇത്രയൊക്കെയുള്ള ഇവരെ മാനസികമായി തകർക്കാന്‍ ഞാന്‍ ഇവിടെ നില്‍ക്കണമോയെന്ന് ആലോചിച്ചപ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.
എന്നെ തകർക്കാന്‍ ശേഷിയുള്ളവരോടൊപ്പം കളിക്കുക എന്നുള്ളതാണ് എന്റെ ഇഷ്ടം. അങ്ങനെയുള്ള ഒരാളെ കാണാതായപ്പോഴാണ് എന്നെ ഇറക്കി വിടണമെന്ന് ബിഗ് ബോസിനോട് പറഞ്ഞത്. എന്നാല്‍ എന്നെ പിന്തുണയ്ക്കുന്ന കുറച്ച് ആളുകള്‍ ഉണ്ടാവുമല്ലോ, ഞാന്‍ ഇറങ്ങിപ്പോയി കഴിഞ്ഞാല്‍ അവർ അങ്ങ് തോറ്റ് പോവുമല്ലോ എന്ന് അമ്പത് ദിവസമായപ്പോള്‍ എനിക്ക് തോന്നി. അങ്ങനെയാണ് ബിഗ് ബോസില്‍ തുടരാന്‍ തീരുമാനിച്ചതെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications