'ചാണ്ടി ഉമ്മൻ ജയിക്കാനുള്ള ആ 3 കാരണങ്ങൾ ഇതാ'.. പക്ഷേ, അഖിൽ മാരാരുടെ ഉപദേശവും
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചരിത്ര വിജയത്തിലേക്ക് അടുക്കുമ്പോൾ അഭിനന്ദനവുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖിലിന്റെ പ്രതികരണം. വീഡിയോയിൽ ചാണ്ടി ഉമ്മൻ വിജയിക്കാനുണ്ടായ കാരണവും അഖിൽ വിശദീകരിച്ചു. ചാണ്ടി ഉമ്മനും കോൺഗ്രസിനും ചില 'ഉപദേശങ്ങൾ' കൂടി അഖിൽ വീഡിയോയിലൂടെ പങ്കുവെച്ചു. വായിക്കാം
'2019 ൽ 20 ൽ 19 സീറ്റുകളും നേടി കോൺഗ്രസ് മഹാഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ഞാൻ അന്ന് പറഞ്ഞത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് തന്നെ ജയിക്കുമെന്നാണ്. പിണറായി വിജയനെ മണ്ടനായി ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ തെറ്റി, അദ്ദേഹത്തിന്റെ ബുദ്ധി നിങ്ങൾക്ക് മനസിലായിട്ടില്ലെന്നാണ്.കാര്യ കാരണങ്ങൾ നിരത്തിക്കൊണ്ടായിരുന്നു അന്ന് ഞാൻ ഫേസ്ബുക്കിലൂടെ ഇതിനോട് പ്രതികരിച്ചത്.

എപ്പോഴും ഒരാൾ വിജയിക്കുമ്പോൾ വിജയിക്കുന്നതിന്റെ കാരണങ്ങൾ കൂടി നമ്മൾ വിലയിരുത്തണം. അപ്പോൾ മാത്രമേ ആ വിജയം മുന്നോട്ട് നിലനിർത്താൻ കഴിയുള്ളൂ. ഉമ്മൻചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹമാണ് ഇവിടെ ചാണ്ടി ഉമ്മന്റെ വിജയത്തിന് കാരണമായ പ്രധാന ഘടകം.ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ 53 വർഷത്തിനിടയിലെ പൊതുപ്രവർത്തനത്തിലെ നൻമ മാത്രമാണ്.
രണ്ടാമത്തെ കാര്യം അദ്ദേഹത്തെ തള്ളിപറഞ്ഞ, അധിക്ഷേപിച്ച ഇടതുപക്ഷ അനുഭാവികൾക്ക് സംഭവിച്ച പശ്ചാത്താപമാണ്. സോളാർ വിഷയത്തിൽ അദ്ദേഹത്തിനെ വലിയ രീതിയിൽ ആക്ഷേപിച്ചവർക്ക് പശ്ചാത്താപം തോന്നുകയും അവർ ചാണ്ടി ഉമ്മന് പിന്തുണ കൊടുക്കാൻ തയ്യാറായിട്ടുണ്ടെന്നുമാണ്.മറ്റൊന്ന് സ്വാഭാവികമായിട്ടുള്ള ഭരണവിരുദ്ധ വികാരവും ഘടകമായിട്ടുണ്ടാകും.
ഇനി ചാണ്ടി ഉമ്മൻ പ്രധാനമായും ശ്രമിക്കേണ്ടത് ഇതിനെയൊക്കെ കട്ട് ചെയ്യുക എന്നുള്ളതാണ്. എന്നാൽ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുകയും ഈ വിജയത്തിന്റെ മാറ്റ് കൂട്ടാൻ കഴിയുകയുള്ളൂ. ഇനി വിജയിക്കാനുള്ള കാരണം 'ചാണ്ടി ഉമ്മൻ' ആയി മാറണം. അതിന് ഈ വിജയത്തിൽ അഹങ്കരിക്കരുത്. നമ്മൾ മലമറിച്ച് കളയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത് കളയും എന്ന ചിന്തയിലേക്ക് ഒരു കോൺഗ്രസ് അനുഭാവിയും പോകരുത്.
നിങ്ങൾ ആലോചിക്കേണ്ടത് വിജയിക്കാനുള്ള കാരണം നിങ്ങളുടെ പ്രകടന മികവ് കൊണ്ടാണോയെന്ന് ചിന്തിക്കുക. പ്രകടന മികവ് കൊണ്ടാണെങ്കിൽ മാത്രമേ നാളെയും നിങ്ങൾക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളൂ.
ജെയ്ക്ക് അഹങ്കാരം നിറഞ്ഞ പ്രസ്താവനകൾ തിരുത്തി കുറച്ച് കൂടി ജനകീയനായാൽ ജെയ്ക്കിനോടുള്ള ആളുകളുടെ സമീപനം മാറും. പിണറായി വിജയൻ ഭരണത്തോട് വീണ്ടും ആളുകൾക്ക് ഇഷ്ടം തോന്നിയാൽ വീണ്ടും ഇടതുഭരണം തന്നെ അധികാരത്തിലേറാൻ സാധ്യതയുണ്ടെന്ന ബോധം കോൺഗ്രസുകാർക്ക് വേണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ഉള്ള ബോധ്യം ഉണ്ടാകണം.
എതിരാളിയുടെ പരാജയം ആകരുത് നമ്മുടെ വിജയത്തിന് കാരണം.തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ ശരിതെറ്റുകളുടെ വിജയം തീരുമാനിക്കലല്ല. മറിച്ച് വോട്ടുകളാണ്. ആ വോട്ടുകൾ എങ്ങനെ പിടിക്കണമെന്നുളള രാഷ്ട്രീയ നേതാവിന്റെ ബുദ്ധിയാണ് അവിടെ പ്രതിഫലിക്കേണ്ടത്. ആ തിരിച്ചറിവാകും മുന്നോട്ടുള്ള വിജയത്തിന് സഹായിക്കുക'












Click it and Unblock the Notifications