ജൂറി ചെയർമാന് ഗവർണർ പദവി എങ്കിലും നൽകണമെന്ന് അഖിൽ; 'ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് കിട്ടിയതിനാണോ?', കമന്റ്
കൊച്ചി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിനെതിരെ പല കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്. അർഹരായ പലരും തഴയപ്പെട്ടു എന്ന ആക്ഷേമാണ് പ്രധാനമായും ഉയർത്തുന്നത്. മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതും ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനുമെല്ലാമാണ് വിമർശനം ഉയരുന്നത്.
അതിനിടെ അവാർഡ് വിതരണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. അവാർഡ് ജൂറിക്കെതിരെ കടുത്ത വിമർശനമാണ് അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഉന്നയിക്കുന്നത്.

'നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം.അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ', എന്നാണ് അഖിൽ കുറിച്ചത്.
അതേസമയം പോസ്റ്റിന് താഴെ കമന്റുകൾ നിറയുകയാണ്. ചില കമന്റുകൾ ഇങ്ങനെ-'എത്രയോ തമിഴ് സിനിമകൾ ഉണ്ടാരുന്നു ഇതൊന്നും ഇവർ കണ്ടില്ലേ, മലയാളത്തിൽ നായാട്ട് ഉണ്ടാരുന്നു, പുഷ്പക്ക് അവാർഡ് കൊടുത്ത ആ മനകട്ടി സമ്മതിക്കണം', എന്നായിരുന്നു ഒരാൾ കുറിച്ചത്.
'ബിഗ് ബോസ് അല്ല സിനിമ, താങ്കൾ എടുത്ത പടം തന്നെ ഉദാഹരണം.. ജനങ്ങൾ സ്വീകരിച്ചില്ല, അവാർഡ് ജൂറി പരിഗണിച്ചില്ല, നാം മോശമാണ് എന്ന് കരുതി അവാർഡ് ലഭിച്ചവർ നമ്മളെക്കാൾ മോശമാണ് എന്ന ചിന്ത ദയവായി ഉപേക്ഷിക്കുക, ഒരു സംവിധായകൻ എന്ന രീതിയിൽ മെച്ചപ്പെട്ട സിനിമകൾ സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ ശ്രമിക്കുക', എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതേസമയം നടൻ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ ചിത്രത്തിന് ലഭിച്ച അവാർഡ് ചൂണ്ടിക്കാട്ടി അഖിലിനെതിരായ കമന്റും പോസ്റ്റിന് താഴെ ഉണ്ട്. നേരത്തെ സായി കൃഷ്ണ-ഉണ്ണി മുകുന്ദൻ വിവാദത്തിൽ ഉണ്ണിയെ പിന്തുണച്ച താരമാണ് അഖിൽ മാരാർ. 'ഉണ്ണി അഭിനയിച്ച മേല്പടിയാനു അവാർഡ് കിട്ടിയത് ആണ് ഇങ്ങനെ ഒരു പോസ്റ്റ് എങ്കിൽ വളരെ മോശം കേട്ടോ,താങ്കൾ ഒരു സംവിധായകൻ ആണ് കേരള സർക്കാർ കൊടുത്ത അവാർഡ് കൂടി ഒന്ന് നോക്കണം കേട്ടോ', എന്നാണ് കമന്റ്. ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications