മമ്മൂട്ടിയേയും ദുഖറിനേയും കടത്തി വെട്ടി അഖിൽ മാരാർ, മോഹൻലാലിന് പിന്നിൽ; 'ചർച്ചയ്ക്ക്' നന്ദി പറഞ്ഞ് താരം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് സംവിധായകൻ അഖിൽ മാരാർ മലയാളി പ്രേക്ഷക മനസിൽ ഇടംനേടിയത്. വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയും പ്രകോപിതനാകുകയും ചെയ്യുന്ന അഖിലിന്റെ രീതികൾ തുടക്കത്തിൽ വലിയ നെഗറ്റീവുകൾക്ക് കാരണമായിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ സ്വീകാര്യത നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് സീസൺ 5 എന്നാൽ അഖിൽ മാരാർ എന്ന നിലയിലായിരുന്നു ചർച്ചകൾ. അഖിലിന്റെ വാക് ചാതുര്യവും ഗെയിം രീതികളുമെല്ലാം തന്നെയായിരുന്നു താരത്തിന് വലിയ പിന്തുണ ലഭിക്കാൻ കാരണമായത്.
ബിഗ് ബോസ് സീസൺ 5 കിരീടം നേടി പുറത്തിറങ്ങിയതിന് പിന്നാലെയും പ്രേക്ഷകർക്കിടയിൽ താരമാണ് അഖിൽ. അഖിൽ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളിലെ ആൾക്കൂട്ടം ഇതിന് ഉദാഹരണമാണ്. കുട്ടികളെന്നോ യുവാക്കളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ പരിപാടികളിലെല്ലാം അഖിലിനെ കാണാൻ ആളുകൾ ഒഴുകുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും അഖിൽ മാരാർ തന്നെയാണ് താരം എന്ന് വ്യക്തനാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സോഷ്യൽ മീഡയിയയിലുള്ള സെലിബ്രിറ്റി താരങ്ങൾക്കുളള സ്വീകാര്യതും അവർ എത്രത്തോളം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നെല്ലാം വ്യക്തമാക്കുന്ന കണക്കുകൾ പങ്കുവെയ്ക്കുന്ന സോഷ്യൽ ബ്ലേഡ് റിപ്പോർട്ടാണ് അഖിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു യുട്യൂബ് ചാനൽ പങ്കുവെച്ച വീഡിയോ ആണ് അഖിൽ ഫേസ്ബുക്കിൽ പങ്കിട്ടത്.
ഇത് പ്രകാരം നടൻ മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഫേസ്ബുക്കിൽ ചർച്ച ചെയ്യുന്ന പേര് അഖിൽ മാരാരുടേതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യപ്പെടുന്ന പട്ടികയിൽ 6017 ാം സ്ഥാനത്താണ് അഖിൽ മാരാർ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1,58863 പേരാണ് അഖിലിന്റെ പേര് ചർച്ച ചെയ്യുന്നത്.
ഒന്നാം സ്ഥാനത്തുള്ള മോഹൻലാലിനെ കുറിച്ച് 5 ലക്ഷത്തോളം പേരാണ് ചർച്ച ചെയ്യുന്നത്. വേൾഡ് റാങ്കിൽ 1847ാം സ്ഥാനത്താണ് മോഹൻലാൽ എന്നാണ് വീഡിയോയിൽ പറയുന്നത്. 11033 സ്ഥാനത്താണ് മമ്മൂട്ടി. 83429 പേരാണ് മമ്മൂട്ടിയെ കുറിച്ച് ചർച്ച ചെയ്യുന്നത്. ദുൽഖർ സൽമാനെ കുറിച്ച് 63495 പേരും, ഉണ്ണി മുകുന്ദനെ കുറിച്ച് 60,325 പേരും ചർച്ച ചെയ്യുന്നുണ്ട്. നിവിൻ പോളി 37511 ാം സ്ഥാനത്താണ് 14577 പേരാണ് താരത്തെ കുറിച്ച് ചർച്ച ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രേക്ഷകരെ നിങ്ങളാണ് മുന്നിൽ, നന്ദി എന്നാണ് വീഡിയോയ്ക്ക് അഖിൽ മാരാർ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങളെ വെറുത്ത് വെറുത്ത് ഇഷ്ടപ്പെട്ട് പോയി എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications