അഖിൽ മാരാർ പ്രതികരിച്ചത് ഇങ്ങനെ;ഷിജുവിന് പറയാനുള്ളത് ഇതാണ്, 'വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല'
കൊച്ചി: പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്ന് അടുത്തിടെ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞിരുന്നു. ആലുവയിൽ 5 വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓരോ ക്രിമിനലിന്റേയും ഉള്ളിലും ഭയം സൃഷിക്കണമെന്നും പെൺമക്കൾ ജനിക്കുമ്പോഴേക്കും എല്ലാ രക്ഷാകർത്താക്കൾക്കും സർക്കാർ തോക്ക് അനുവദിക്കണമെന്നുമായിരുന്നു അഖിൽ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ അഖിൽ നടത്തിയ പ്രതികരണത്തിൽ മറുപടി പറയുകയാണ് ബിഗ് ബോസ് താരവും നടനും അഖിലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ നടൻ ഷിജു.സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്


'നിയമം പാളുന്നത് നിയമം നടപ്പിലാക്കാൻ പറ്റാത്തിടത്താണ്. അതായത് ജനത്തിന് നിയമത്തിനെ ഭയം ഇല്ലാത്ത അവസ്ഥയാണ്.തെറ്റുകൾ ചെയ്താലും ഊരിവരാം എന്നൊരു ഫ്രീഡം ഫീലിങ് ഉള്ളത് കൊണ്ടാണ്. ഞാൻ കൂടുതൽ പോയ സ്ഥാലങ്ങളിലൊന്ന് ദുബൈ ആണ്. അവിടെ മലയാളികളായാലും ഇന്ത്യക്കാരായാലും അവിടുത്തെ നിയമം പാലിക്കുന്നില്ലേ. നിയമത്തിലൊരു ഭയം ഉണ്ടാകണം. അപ്പോഴാണ് സർക്കാരിനേയും ഭയമുണ്ടാകുന്നത്.
എഐ പോലുള്ള സംവിധാനത്തെ ഞാൻ വളരെ അധികം ഭയക്കുന്നുണ്ട്. എന്റെ മുഖവും ഭാവവും രൂപവുമെല്ലാം സൃഷ്ടിച്ച് വേറൊരാൾക്ക് സംസാരിപ്പിക്കാൻ കഴിയും എന്ന അവസ്ഥയാണ്. വിദ്യാഭ്യാസമുള്ള നഗരത്തിൽ കഴിയുന്നവർക്ക് മാത്രമേ ഇതിന്റെ തട്ടിപ്പുകൾ മനസിലാക്കാൻ സാധിക്കു. ഗ്രാമത്തിലുള്ളവർക്ക് ഇത് കഴിയണമെന്നില്ല. എന്റെ മകളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ വീഡിയോ കാണിച്ച് ആരെങ്കിലും നിന്നെ സമീപിച്ചാൽ തന്നെ അവരെ വിശ്വസിക്കരുത് പകരം അപ്പോൾ തന്നെ എന്നെ വിളിക്കണമെന്ന്.
അവൾ ഞാനാണ് സംസാരിക്കുന്നതെന്നോർത്ത് വന്നയാൾക്കൊപ്പം പോരും. അവിടെ നമ്മൾക്കാണ് മകളെ നഷ്ടമാകുന്നത്. ആലുവയിൽ ഒരു മുട്ടായി കൊടുത്ത് കൊണ്ടുപോയതാണെന്നാണ് പറയുന്നത്. അതിനെക്കാൾ എത്ര അപകടകരമാണ് ഇത്. ഇതിന് മാതാപിതാക്കൾക്ക് തോക്ക് കൊടുത്തത് കൊണ്ടൊന്നും നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഇമോഷൻസ് അല്ല ഇവിടെ വർക്ക് ചെയ്യേണ്ടത്. പ്രാക്ടിക്കലായി എന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ്.
വൈകാരികമായി കുറെ ആളുകളെ കത്തിക്കാമെന്നാല്ലാതെ അതിലൊരു പരിഹാരം ഉണ്ടാകുന്നില്ല. സൈബർ നിയമങ്ങൾ കർശനമാക്കുന്നതിനോടൊപ്പം തന്നെ ജനങ്ങൾ നിയമങ്ങളെ ഭയപ്പെടണം. നിയമം തെറ്റിച്ചാൽ എന്റെ ജീവിതം തന്നെ പോകും എന്ന നിലയിൽ ചിന്തിക്കണം.അതായത് ഒരു ജോലിക്ക് പോലും നമ്മുക്ക് അപേക്ഷിക്കാൻ പറ്റില്ല എന്ന അവസ്ഥയിലേക്ക് വരണം.
കർശന നിയമങ്ങൾ നടപ്പാക്കണം. എഐ ക്യാമറ വന്നപ്പോൾ നിയമലംഘനങ്ങൾ കുറയുന്നുണ്ട്. ഇങ്ങനെ ഓരോ നിയമവും കർശനമാക്കണം. തെറ്റ് ചെയ്താൽ വലിയ പണികിട്ടും എന്ന തോന്നലുണ്ടായി കഴിഞ്ഞാൽ ആളുകൾ ശ്രദ്ധിക്കും. അല്ലാതെ കുറ്റകൃത്യം ചെയ്താലും രക്ഷപ്പെടാം എന്ന് ചിന്തിച്ച് കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ല', ഷിജു പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ടോപ് 5 ൽ ഉൾപ്പെട്ട താരമായിരുന്നു ഷിജു. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ പിന്തുണ നേടിയെടുക്കാൻ ഷിജുവിന് സാധിച്ചിരുന്നു. അഖിൽ മാരാരുമായി ബിഗ് ബോസ് ബൗസിനുള്ളിൽ വലിയ സൗഹൃദമായിരുന്നു ഷിജു പങ്കുവെച്ചിരുന്നത്. അഖിലിന്റെ സൗഹൃദത്തിന് വേണ്ടി ബിഗ് ബോസ് കിരീടം പോലും വേണ്ടെന്ന് വെയ്ക്കാൻ താൻ ഒരുക്കമാണെന്ന് ഷിജു പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് ശേഷും വലിയ സൗഹൃദമാണ് ഇരുവരും തുടരുന്നത്.












Click it and Unblock the Notifications