'അമ്മായി പോയിട്ട് അടുത്ത വെള്ളിയാഴ്ച വാ': അധിക്ഷേപ കമന്റിന് കിടിലന്‍ മറുപടിയുമായി ഗോപിക
ബിഗ് ബോസ് മലയാളം ചരിത്രത്തിലാദ്യമായി കോമണർ കാറ്റഗറിയില്‍ നിന്നും മത്സരത്തിനെത്തിയ വ്യക്തിയായിരുന്നു ഗോപിക. തന്റെതായ ശൈലിയില്‍ മത്സരിച്ച താരത്തിന് അധികം നാള്‍ ബിഗ് ബോസില്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും പ്രേക്ഷകർക്കിടയില്‍ അതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ വിമർശിക്കുന്നവർക്കൊപ്പം തന്നെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.
ബിഗ് ബോസിന് അകത്തും പുറത്തും ഒരു പോലെ അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട ഒരു വ്യക്തി കൂടിയാണ് ഗോപിക ഗോപി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കെതിരായി മോശം അഭിപ്രായ പ്രകടനം നടത്തിയ ഒരു വ്യക്തിക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഗോപിക ഗോപി. താരത്തിന്റെ ഈ മറുപടിക്ക് വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ബിഗ് ബോസിന് ശേഷം മോഡലിങ് രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് ഗോപിക. ഇതുമായി ബന്ധപ്പെട്ട് ഏതാനും വീഡിയോകളും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരം ഒരു പോസ്റ്റിന് അടിയിലാണ് മോശം കമന്റുമായി ഒരാള്‍ എത്തിയത്. സമാനമായ രീതിയില്‍ നിരവധി കമന്റുകള്‍ കാണാമെങ്കിലും വീണ എന്നയാളുടെ കമന്റിനാണ് ഗോപിക മറുപടി നല്‍കിയിരിക്കുന്നത്.
'നീ എന്ത് കാണിച്ചാലും എങ്ങും എത്താന്‍ പോകുന്നില്ല. നിന്റെ സ്വഭാവം ഞങ്ങള്‍ കണ്ടതാണ്' എന്നായിരുന്നു വീണ സിവി എന്നയാള്‍ അഭിപ്രായപ്പെട്ടത്. ഏതാനും ആളുകള്‍ ഈ കമന്റിന് ലൈക്ക് അടിച്ച് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഗോപിക രംഗത്ത് വരികയായിരുന്നു.
'ഞാന്‍ എവിടെ എത്തിയാലും ഇല്ലെങ്കിലും അമ്മായി എന്റെ വീഡിയോയുടെ കമന്റ് ബോക്സില്‍ വന്നില്ലേ..അതാണ് എന്റെ പവർ. പോയിട്ട് അടുത്ത വെള്ളിയാഴ്ച വാ'- എന്നാണ് ഗോപികയുടെ മറുപടി. അയിരത്തിലേറെ ആളുകളാണ് ഈ മറുപടിയില്‍ മാത്രമായി താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
അതേസമയം, ലക്ഷക്കണക്കിന് ആളുകളില്‍ നിന്നായിരുന്നു ഗോപികയെ ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്തത്. കൊറിയർ ഏജന്‍സിയില്‍ ജോലി ചെയ്യുമ്പോഴാണ് താരത്തെ തേടി ബിഗ് ബോസില്‍ നിന്നുള്ള വിളിയെത്തുന്നത്. 'ബിഗ് ബോസിലേക്ക് സെലക്ഷൻ കിട്ടി എന്ന് പറഞ്ഞു വിളിക്കുമ്പോൾ ഞാൻ ഓഫീസിൽ ആയിരുന്നു. സത്യം പറഞ്ഞാൽ ഓഫീസിലെ സാറന്മാർ ഒക്കെ ആണ് എന്നെ സപ്പോർട്ട് ചെയ്യുന്നത്. ഇന്റർവ്യൂ വിന്റെ കോൾ ഒക്കെ വരുന്ന സമയത്ത് അവർക്ക് ആയിരുന്നു ഏറെ ആകാംക്ഷ. മീറ്റിങ്ങിന്റെ ലിങ്ക് വരാതെ ആയപ്പോ പോലും അവർക്കായിരുന്നു ടെൻഷൻ' എന്നായിരുന്നു ഗോപിക ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്.
'ലക്ഷകണക്കിന് ആളുകൾ അപ്ലൈ ചെയ്തപ്പോൾ എനിക്ക് ഈ അവസരം കിട്ടിയതിൽ ഒരുപാട് സന്തോഷം. സാധാരണക്കാരുടെ ഒരു പ്രതിനിധി ആയിട്ടാണ് ഞാൻ ഇവിടെ വന്നത്. എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിൽ ഒരുപാട് നന്ദി. 100 ദിവസം നിൽക്കുകയും ചെയ്യും, സാറിന്റെ കൈയ്യിൽ നിന്നും ആ ട്രോഫിയും വാങ്ങും' എന്നും ഗോപിക ബിഗ് ബോസിലേക്ക് കടന്ന് വരുമ്പോള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications