സാഗറിന്റെ എവിക്ഷന്‍ അണ്‍ഫെയറായിരുന്നുവെന്ന് തോന്നി, വിഷ്ണുവിന്റേത് അങ്ങനേയല്ല: ഗോപിക പറയുന്നു
ബിഗ് ബോസില്‍ പോയി വരുന്നവർക്ക് പോസിറ്റീവ് പ്രചരണങ്ങള്‍ക്കൊപ്പം തന്നെ നെഗറ്റീവ് പ്രചരണങ്ങളും നേരിടേണ്ടി വരുമെന്ന് ഗോപിക. പോസിറ്റീവുമായി മാത്രം ബിഗ് ബോസില്‍ നിന്നും ഇറങ്ങി വരാമെന്ന് ആരെങ്കിലും കരുതിയാല്‍ അത് സാധിക്കണമെന്നില്ല. ഒരു ഘട്ടത്തില്‍ തീർത്തും നെഗറ്റീവ് ആണെങ്കില്‍ വേറൊരു ഘട്ടത്തില്‍ പോസിറ്റീവായി മാറും. നേരെ തിരിച്ചും സംഭവിക്കാമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ബിഗ് ബോസില്‍ പോയതുകൊണ്ട് കുറച്ച് നെഗറ്റീവ് വന്നു എന്നുള്ളതുകൊണ്ട് എനിക്ക് അങ്ങനെ വിഷമമൊന്നും ഇല്ല. ആള്‍ക്കാർ എന്ത് ചിന്തിക്കുന്നു എന്നുള്ളതല്ല, നമുക്ക് എന്താണോ ശരി അത് ചെയ്യുക എന്നുള്ളതാണ് എന്റെ രീതി. അത് അഹങ്കാരമാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല, എന്റെ രീതികളും സ്വഭാവവും അങ്ങനെയാണ്. അതാണ് അവിടെ കണ്ടതെന്നും ഗോപിക പറയുന്നു.

മറ്റ് സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സീസണ്‍ 5 ഉം കുഴപ്പമില്ലെന്ന് പറയേണ്ടി വരും. ഒരു കാഴ്ചക്കാരി എന്ന നിലയില്‍ എന്നും കാണാന്‍ തോന്നുന്ന എന്തെങ്കിലും ബിഗ് ബോസില്‍ വേണം. അത്തരം കണ്ടന്റുകളാണ് മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. അത് ചെയ്യാത്തത് തെറ്റാണ്. അത് എപ്പോഴും ഞാന്‍ തുറന്ന് പറയും. നാളെ എന്ത് നടക്കുമെന്ന ഒരു ക്യൂരിയോസിറ്റി പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സാധിക്കണം. അങ്ങനെയുള്ള കണ്ടന്റ് ഉണ്ടായിരുന്നെങ്കിലും ഞാനും സ്ഥിരമായി ഇരുന്ന് കാണുമായിരുന്നു.
ബിഗ് ബോസില്‍ വേണമെന്ന് വിചാരിച്ചാല്‍ നല്ല രീതിയില്‍, നല്ല സ്വഭാവമൊക്കെ കാണിച്ച് നില്‍ക്കാന്‍ എനിക്ക് സാധിക്കും. പക്ഷെ ഞാന്‍ ഒരു ഗെയിമായി ബിഗ് ബോസിനെ കണ്ടതുകൊണ്ട് തന്നെ ആ രീതിയിലാണ് മത്സരിച്ചത്. വലിയ ബുദ്ധിയും വിവരവും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. എന്റേതായ രീതിയില്‍ പഠിച്ച് വന്ന വ്യക്തിയാണ്. ഈ ലോകം കണ്ട് തുടങ്ങുന്നത് തന്നെ ഇപ്പോഴാണ്. കൂടുതല്‍ മെച്ചപ്പെട്ടതാകാന്‍ ഞാന്‍ ശ്രമിക്കാം എന്നേ വിമർശകരോട് പറയാനുള്ളു.
ബിഗ് ബോസ് എന്ന ഗെയിം എനിക്ക് ശരിക്കും മനസ്സിലായില്ലെന്ന് പറയുന്നത് കുറച്ചൊക്കെ ശരിയാണ്. ചില കാര്യങ്ങളൊക്കെ ഒഴിവാക്കിയും, ചിലതൊക്കെ വേറെ രീതിയിലുമൊക്കെ ചെയ്യണമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഞാന്‍ ആദ്യമായി ബന്ധപ്പെട്ടത് ഹനാനായിരുന്നു. അവള്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയായിരുന്നു.
സാബു ചേട്ടനുമായിരുന്നു സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളായ ചിലരുമായി സംസാരിച്ചു. ശാലിനി ചേച്ചിയുമായി നല്ല ബന്ധമുണ്ട്. ഫോണ്‍ കിട്ടിയ ഉടന്‍ തന്നെ സംസാരിക്കുന്നത് ചേച്ചിയുമായിട്ടാണ്. സിനിമ മേഖലയില്‍ നിന്നുമൊന്നും ആരും വിളിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിന്റെ ഭാഗമായി സീക്രട്ട് ഏജന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന സായിയുമായി സംസാരിച്ചിരുന്നു.
സാഗറിന്റെ എവിക്ഷന്‍ അണ്‍ഫെയർ ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിഷ്ണുവിന്റെ എവിക്ഷന്‍ അണ്‍ഫെയർ ആണോയെന്ന് ചോദിച്ചാല്‍ അങ്ങനെ പറയാന്‍ സാധിക്കില്ല. ആ വീക്കില്‍ വോട്ടിങ് നല്ല രീതിയില്‍ ബാധിച്ചു. ഇത്തവണ ആളുകള്‍ ഏറ്റവും ശ്രദ്ധേയമായി കണ്ട ഒരു ടാസ്കായിരുന്നു ഹോട്ടല്‍ ടാസ്ക്. ആ വീക്കില്‍ വന്ന നെഗറ്റീവ് വിഷ്ണുവിനെ വലിയ രീതിയില്‍ ബാധിച്ചു.
പുറത്ത് ഓള്‍റെഡി വലിയ ആരാധകരുള്ള താരങ്ങളാണ് ഗസ്റ്റായി എത്തിയത്. എന്നാല്‍ ഗെയിം എന്താണെന്ന് മനസ്സിലാക്കാതെ അവറെ ഇറിറ്റേറ്റ് ചെയ്യുന്നതും അപമാനിക്കുന്നതുമായ ഒരു സിറ്റിവേഷനായിരുന്നു വിഷ്ണുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. അത് അവനെ നന്നായി ബാധിച്ചു. അതാണ് പുറത്ത് പോകാനുള്ള കാരണം. അതിന് ബിഗ് ബോസിനെ എന്തെങ്കിലും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്.
സാഗറിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വോട്ടിങ് അടിസ്ഥാനമാക്കിയാണ് എല്ലാവരും പുറത്തേക്ക് പോവുന്നത്. എന്നിരുന്നാലും അപ്പോള്‍ പുറത്തേക്ക് പോവേണ്ട ആളായിരുന്നില്ല സാഗർ എന്ന് എനിക്ക് തോന്നി. ഗ്രാന്‍ഡ് ഫിനാലെയില്‍ നില്‍ക്കുകയെന്നതായിരുന്നു ഞങ്ങള്‍ രണ്ടുപേരുടേയും സ്വപ്നം. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും നല്ല രീതിയില്‍ കണ്ടന്റ് കൊടുക്കുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സാഗർ നല്ല രീതിയില്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയാണെന്നും ഗോപിക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications