'അഖിൽ മാരാരുടെ ത്രില്ല് അതാണ്, നുണ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ല'; തുറന്ന് പറഞ്ഞ് ഷിജു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ആരാധകർ ഏറെ ആഘോഷിച്ച സൗഹൃദമായിരുന്നു അഖിൽ മാരാരും ഷിജുവും തമ്മിലുള്ള കൂട്ടുകെട്ട്. തുടക്കത്തിൽ തന്നെ ഇരുവരും തമ്മിൽ അടുത്തിരുന്നു. വളരെ പെട്ടെന്നാണ് ഈ സൗഹൃദം വളർന്നത്. എന്നാൽ ഗെയിമിന് വേണ്ടിയൊരു സൗഹൃദം മാത്രമായിരുന്നു ഇതെന്നായിരുന്നു തുടക്കത്തിൽ കേട്ട വിമർശനം. ഇത്തരം വിമർശനങ്ങളെല്ലാം തള്ളുന്നതായിരുന്നു പിന്നീട് ഇരുവരും കാത്ത് സൂക്ഷിച്ച ആത്മബന്ധം.
ഒരു ഘട്ടത്തിൽ ബിഗ് ബോസ് കപ്പിനെക്കാളും താൻ അഖിൽ മാരാരുടെ സൗഹൃദത്തിനാണ് വിലകൽപ്പിക്കുന്നതെന്ന് ഷിജു ഷോയിൽ വെച്ച് തന്നെ തുറന്ന് പറയുന്ന സാഹചര്യവുമുണ്ടായിരുന്നു . ഇപ്പോഴിതാ എങ്ങനെയാണ് തങ്ങളുടെ സൗഹൃദം വളർന്നതെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഷിജു.'സില്ലി മോങ്ക്സ് മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'സിനിമയായിരുന്നു എന്നേയും അഖിലിനേയും അടുപ്പിച്ചത്. ഞാനും അഖിലും തമ്മിൽ വളരെ അധികം കണക്ടായിട്ടുണ്ട്. എന്ത് ബോണ്ടാണ് അതെന്ന് പറയാൻ പോലും എനിക്ക് അറിയില്ല. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫോൺ വിളിയൊന്നും ഇല്ല, പക്ഷേ ഞങ്ങൾക്കിടയിൽ ഒരു അകൽച്ചയും ഇല്ല. ഞങ്ങൾക്ക് ഫോൺ ചെയ്യേണ്ട ആവശ്യം ഇല്ല. ഞാൻ എപ്പോൾ വിളിച്ചാലും അവൻ എനിക്ക് വേണ്ടി ഉണ്ടവിടെ.
അഖിലിനെ ഞാൻ മുൻപ് കണ്ടിട്ടുള്ളത് വാർത്ത ചർച്ചകളിലാണ്. താത്വിക അവലോകനം എന്ന അവന്റെ സിനിമ കണ്ടപ്പോൾ എനിക്ക് അത് വലിയ ക്രീയേറ്റീവ് സിനിമയായി തോന്നിയിട്ടില്ല. സിനിമയിൽ സർക്കാസ്റ്റിക് ആയ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ പാളിച്ചകൾ ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. അവൻ സംസാരിക്കുന്ന അത്രയും ലെവലിലേക്ക് ആ സിനിമയെ മോൾഡ് ചെയ്യാൻ സാധിക്കാത്തതായി എനിക്ക് തോന്നി. ഞാൻ വിചാരിച്ച് ഇവൻ വെറും വാചകമടി മാത്രമായിരിക്കുമെന്ന്. എന്നാൽ ഞാൻ അകത്ത് പോയി കണ്ട അഖിൽ വേറൊരു അഖിലായിരുന്നു.
അഖിൽ ഞാൻ ചിന്തിച്ചലും മുകളിലാണ് അവന്റെ അറിവും തലവുമെല്ലാം.ആ സിനിമയ്ക്ക് കുറെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. സ്വാഭാവികമായിട്ടും അപ്പോൾ അങ്ങനെയൊക്കെ സംഭവിക്കും. ഇല്ലെങ്കിൽ അത് നല്ല സിനിമയായി വരേണ്ട ഒന്നായിരുന്നു.
അവൻ പറയുന്നത് വിശ്വസിക്കാമെന്ന് തോന്നുന്ന കാരണം എന്നത് അവനെ വ്യക്തിപരമായി പരിചയപ്പെട്ടപ്പോൾ മനസിലാക്കാൻ സാധിച്ച അവന്റെ അറിവും കാര്യങ്ങളോടുള്ള സമീപനങ്ങളുമൊക്കെയായിരുന്നു. മാത്രമല്ല അവന്റെ സിനിമയെ കുറിച്ചുള്ള ചർച്ചകളും അവന്റെ കാഴ്ചപാടുമെല്ലാം ഞാനുമായിട്ട് സിങ്കാകുന്നതായിരുന്നു. ഞങ്ങൾ ഒന്നിക്കുന്ന ചിത്രം കൊമേഴ്സ്യൽ സിനിമ ആയിരിക്കും.
ജ്യൂസ് കട നടത്തി, കൺസ്ട്രക്ഷൻ കമ്പനി നടത്തി,രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങി അഖിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ. നുണ പറഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം. അവന് അറിയാവുന്ന കാര്യങ്ങളിലാണ് അവൻ ഇറങ്ങുന്നത്. കൈയ്യടി വാങ്ങുകയെന്നതാണ് അവന്റെ ത്രില്ല്. സമ്പാദിക്കണമെന്നൊന്നും ചിന്തയില്ല', ഷിജു പറഞ്ഞു.












Click it and Unblock the Notifications