'ഞാൻ പ്രണയത്തിലാണ്'; പേര് സൂചിപ്പിച്ച് വെളിപ്പെടുത്തലുമായി ശോഭ വിശ്വനാഥ്
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് സംരഭക കൂടിയായ ശോഭ വിശ്വനാഥിനെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞത്. തുടക്കത്തിൽ ഷോയിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാതിരുന്ന ശോഭ വളരെ പെട്ടെന്നാണ് സീസണിലെ തന്നെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി മാറിയത്. ഒടുക്കം ബിഗ് ബോസിൽ നാലാം സ്ഥാനം സ്വന്തമാക്കിയതാണ് ശോഭ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.
ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും ശോഭ ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചിതയാണ് ശോഭ. തന്റെ ആദ്യ വിവാഹം എത്രമാത്രം തനിക്ക് ദുരിതപൂർണമായിരുന്നുവെന്നും ശോഭ മുൻപ് തുറന്ന് പറഞ്ഞിരുന്നു. വലിയ പ്രതീക്ഷകളുമായിട്ടാണ് താൻ വിവാഹ ജീവിതത്തിലേക്ക് കടന്നത് എന്നാൽ കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നായിരുന്നു ശോഭ പറഞ്ഞത്. രണ്ട് തവണയാണ് മാരിറ്റൽ റേപ്പിന് വിധേയമായതെന്നും 'പീഡനം ഭയന്ന് രാത്രി സയമങ്ങളിൽ ബാത്ത്റൂമിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നും ആത്മഹത്യക്ക് പോലും താൻ ശ്രമിച്ചിട്ടുണ്ടെന്നും ശോഭ തുറന്ന് പറഞ്ഞിരുന്നു.

അതേസമയം മറ്റൊരു വിവാഹത്തിന് ശോഭ തയ്യാറാകുമോയെന്ന് പലപ്പോഴും ഹൗസിൽ വെച്ച് മറ്റ് മത്സരാർത്ഥികൾ ചോദിച്ചിട്ടുണ്ടെങ്കിലും ഇല്ലെന്നായിരുന്നു ശോഭ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭ. ബിഗ് ബോസിലെ സഹതാരവും ശോഭയുടെ ഏറ്റവും അടുത്ത സുഹൃത്തായ നാദിറ പങ്കിട്ട വീഡിയോയിലൂടെയാണ് ശോഭയുടെ തുറന്ന് പറച്ചിൽ. വീണ്ടും വിവാഹം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്നും എന്നാൽ താൻ പ്രണയത്തിലാണെന്നും ശോഭ പറയുകയായിരുന്നു.
ശോഭയുടെ പ്രണയത്തെ കുറിച്ച് തനിക്ക് അറിയാമെന്ന് നാദിറയും വീഡിയോയിൽ പറയുന്നുണ്ട്. താൻ നേരിട്ട് ആളെ കണ്ടിട്ടില്ലെന്നും നാദിറ പറയുന്നു. ശോഭ 'പ'എന്നാണ് സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കാറുള്ളതെന്നും നാദിറ വെളിപ്പെടുത്തി.
ജീവിതത്തിൽ ഒരു പങ്കാളി വരുമോയെന്ന ചോദ്യത്തിന് ജീവിത്തതിൽ ഇഷ്ടമുള്ളൊരാൾ ഉണ്ടല്ലോ എന്ന് നേരത്തേ തന്നെ ശോഭ വെളിപ്പെടുത്തിയിരുന്നു.'വീട്ടിലൊന്നും അറിയില്ല. എന്നിരുന്നാലും ഇതൊന്നും ഞാൻ തുറന്ന് പറയുന്നില്ല. കാരണം നേരത്തേ ഞാനൊരു ഓപ്പൺ ബുക്കായിരുന്നു. ഇനി അത് വന്നാലും ഇല്ലെങ്കിലും വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ജീവിതം പബ്ലിക്ക് ആക്കുമ്പോൾ ഒരുപാട് അനുഭവിച്ചിട്ടുള്ളൊരാളാണ് ഞാൻ', എന്നായിരുന്നു ശോഭയുടെ വാക്കുകൾ.












Click it and Unblock the Notifications