അപാര തൊലിക്കട്ടിയായി, എല്ലാത്തിനും കാരണം ബിഗ് ബോസ്: അത്രമാത്രം സൈബർ ബുള്ളിയിങ് നേരിട്ടുവെന്ന് ശോഭ വിശ്വനാഥ്
ബിഗ് ബോസിലെ ഒരോ ദിവസവും ഓരോ പാഠപുസ്തകങ്ങളായിരുന്നുവെന്ന് ശോഭ വിശ്വനാഥ്. അവിടേക്ക് എത്തുന്നത് മുതല്‍ നമ്മള്‍ വേറെ ഒരു ലോകത്താണ്. ആളുകളുമായി സംസാരിക്കുന്നത്, അവരുമായി ഇടപഴകുന്നത് എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. നമുക്ക് വേണ്ടി നാം തന്നെ സംസാരിക്കണം. വേറെ ആരെങ്കിലും സംസാരിച്ചാല്‍ അത് വേറെ രീതിയിലായിരിക്കും തിരിച്ചടിക്കുകയെന്നും ശോഭ പറയുന്നു.
ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച ഒരു വ്യക്തിയെ എവിടെ കൊണ്ടിട്ടാലും ജീവിച്ചു പോയിക്കോളും. ഭക്ഷണത്തിന്റെയടക്കം മൂല്യം ശരിക്കും തിരിച്ചറിഞ്ഞു. ഇതൊന്നും ഇല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് നമ്മള്‍ ചിന്തിച്ചിരുന്ന ഒരു ലോകമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്നും, ഇങ്ങനെയും ജീവിക്കാന്‍ സാധിക്കുമെന്നും ബിഗ് ബോസിലൂടെ തെളിയിച്ചെന്നും താരം പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ക്ഷമ ശീലിച്ചു. ഒരു കാര്യവും എടുത്ത് ചാടി ചെയ്യരുതെന്ന് പഠിച്ചു. ബിഗ് ബോസില്‍ നിന്നും എന്തെങ്കിലും പുറത്തേക്ക് കൊണ്ടു പോവണം എന്നുണ്ടെങ്കില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എപ്പോഴും നന്നായി ചിന്തിച്ചിട്ട് വേണം പ്രവർത്തിക്കാന്‍. പല ടാസ്കുകള്‍ നോക്കുകയാണെങ്കിലും, അയ്യോ അത് അങ്ങനെയല്ല വേറൊരു രീതിയില്‍ കുറച്ചുകൂടി നന്നാകുമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അതുപോലെ ചില കാര്യങ്ങള്‍ പറഞ്ഞതിനെക്കുറിച്ചും ആലോചിച്ചിട്ടുണ്ട്.
ഒന്നിലും കുറ്റബോധം പാടില്ലെന്നതാണ് ഏറ്റവും പ്രധാനം. ഒരു തീരുമാനം എടുത്താല്‍ എടുത്തതാണ്, അതില്‍ ഒരു കുറ്റബോധത്തിന്റെ ആവശ്യം ഇല്ല. നേരത്തേയും ഞാന്‍ ഇങ്ങനെയാണ്. ഗെയിം ഗെയിമായിട്ട് തന്നെ എടുത്തു. പുറത്ത് വരുമ്പോള്‍ അവിടേയുള്ള മോശം കാര്യങ്ങളെ കൂടെ കൂട്ടാന്‍ ഇഷ്ടപ്പെടുന്നില്ല. മൊത്തത്തില്‍ നൂറ് ദിവസം എന്ന് പറയുന്നത് വലിയൊരു പാഠം തന്നെയായിരുന്നു. എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ശോഭ പറയുന്നു.
പലരും എതിർത്തു, വീട്ടുകാരും നോ പറഞ്ഞിരുന്നു. ഇതിനെല്ലാം ശേഷമാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. ഒരുപാട് നെഗറ്റീവൊക്കെ വന്നെങ്കിലും അതിലെല്ലാം മുകളില്‍ നില്‍ക്കുന്നത് പോസിറ്റീവാണ്. ഞാന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ഞാന്‍ തെളിയിച്ചു. സഹോദരന്‍ അടക്കം അത് പിന്നീട് അംഗീകരിച്ചു. അമ്മയും അച്ഛനും ഷോയിലേക്ക് വന്ന ആ നിമിഷം എന്ന് പറയുന്നത് എനിക്ക് ജീവിതത്തില്‍ കൊടുക്കാന്‍ വഴിഞ്ഞ ഏറ്റവും വലിയ സന്തോഷമായിരുന്നു.
തുടങ്ങിവെച്ച് കുറേ പരിപാടികള്‍ തീർക്കാനുണ്ട്. അന്തർദേശീയ പരിപാടികളൊക്കെ ചെയ്യണമെന്ന്. എല്ലാത്തിനും ഒടുവില്‍ സന്തോഷത്തോടെ ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. തോല്‍വികള്‍ ഉണ്ടാവണം. തോല്‍വികളില്‍ നിന്നാണ് ഞാന്‍ എന്റെ വിജയത്തിലേക്കുള്ള നടത്തം ആവർത്തിക്കാറുള്ളതാണ്. അതാണ് എനിക്ക് കരുത്ത് പകരുന്നതെന്നും ശോഭ പറയുന്നു.
അപാര തൊലിക്കട്ടിയായി. അതാണ് ബിഗ് ബോസുകൊണ്ട് ഉണ്ടായ മറ്റൊരു ഗുണം. അത്രമാത്രം സൈബർ ബുള്ളിയിങ്ങായിരുന്നല്ലോ നേരിടേണ്ടി വന്നിരുന്നത്. അകത്ത് പോയതിനേക്കാളും പത്ത് മടങ്ങ് ശക്തിയിലാണ് പുറത്തേക്ക് വന്നത്. അത്രയ്ക്കും തൊലിക്കട്ടി ബിഗ് ബോസ് തന്നിട്ടുണ്ട്. അതുവെച്ചിട്ടാണ് ഇനി മുന്നോട്ട് പോവുകയെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications