'ഞാനത് ചെയ്തത് മനപ്പൂർവ്വം, അവൻ പരമവിഡ്ഢി, ഞാൻ മനസിൽ പൊട്ടിച്ചിരിച്ചു'; തുറന്ന് പറഞ്ഞ് അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കം മുതൽ വളരെ പെട്ടെന്ന് പ്രകോപിതനായി പെരുമാറിക്കൊണ്ടിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. അതുകൊണ്ട് തന്നെ അഖിൽ നൂറ് ദിവസം പിന്നിടില്ലെന്നും ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കപ്പെടുമെന്നുമുള്ള ചർച്ചകൾ ബിഗ് ബോസ് ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.
ഒരിക്കൽ ജുനൈസിനെ സംസാരത്തിനിടയിൽ അഖിൽ പിടിച്ച് തള്ളിയ സംഭവമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പരസ്പരം വിഷയം പറഞ്ഞ് തീർക്കുകയായിരുന്നു. അതേസമയം ജുനൈസിനെ അന്ന് പിടിച്ച് തള്ളിയത് മനപ്പൂർവ്വം ആയിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ അഖിൽ മാരാർ. മാത്രമല്ല അതിന്റെ പേരിൽ പുറത്താകില്ലെന്ന് തനിക്ക് പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അഖിൽ പറഞ്ഞു, അതിന് കാരണവും അഖിൽ വെളിപ്പെടുത്തി. 'വെറൈറ്റി മീഡിയ'ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ പ്രതികരണം. വായിക്കാം

പിടിച്ച് തള്ളിയ സംഭവത്തിൽ ജുനൈസ് പരാതിയുമായി പോയപ്പോൾ പരമവിഡ്ഢി എന്ന് മനസിൽ പറഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചു. നിങ്ങൾ എന്റെ ആ നേരത്തേ കോൺഫിഡൻസ് കണ്ടില്ലേ?റിനോഷിനെ തട്ടിയാൽ റിനോഷ് ഒരിക്കലും പരാതി നൽകില്ല. പക്ഷേ ജുനൈസിനോട് വെറുതെ ചിരിച്ച് കാണിച്ചാലും അവൻ പരാതി കൊടുക്കും എന്നെ കൊഞ്ഞനം കുത്തിയേ എന്ന് പറഞ്ഞ് കൊണ്ട്. ഞാൻ അത് മനപ്പൂർവ്വം ചെയ്തതാണ്. ഞാനും റിനോഷും സംസാരിക്കുമ്പോൾ ജുനൈസ് വന്ന് സംസാരിച്ചതിലെ ദേഷ്യം എനിക്കുണ്ടായിരുന്നു. എനിക്ക് അറിയാമായിരുന്നു ഇപ്പോൾ തന്നെ അവൻ ഫിസിക്കൽ അസോൾട്ട് എന്ന് വിളിച്ച് പറഞ്ഞ് പോകുമെന്ന്. ആ കോൺഫിഡൻസിലാണ് ഞാൻ കൺഫെഷൻ റൂമിലേക്ക് പോകുന്നത്.
ഇനി ആ സംഭവത്തിന്റെ പേരിൽ ഞാൻ പുറത്താക്കപ്പെടുമെന്നിരിക്കട്ടെ, ആളുകൾക്ക് മനസിലാകില്ലേ, റിയാസ് പുറത്തിറങ്ങിയിട്ട് പറഞ്ഞില്ലേ അതൊരിക്കലും ഫിസിക്കൽ അസോൾട്ടല്ലെന്ന്. ഷോൾഡർ പുഷ് ഒക്കെ ആരോഗ്യകരമായമായ ഫൈറ്റാണ്. എന്റെ ആ തെറ്റ്നെ ജസ്റ്റിഫൈ ചെയ്യാൻ പറ്റും.
ഞാൻ എന്ത് ചെയ്താലും അവിടെ തെറ്റാണ്. ഒരിക്കൽ ജുനൈസും നാദിറയും തമ്മിൽ അവിടെ വലിയ തല്ല് നടക്കുന്നു. ആ വിഷയത്തിൽ ജുനൈസിനെ പിന്തുണക്കാമെന്ന് ഞാൻ കരുതി. അടുത്ത നിമിഷം അവൻ നാദിറയ്ക്കൊപ്പം ചേർന്ന് എന്നെ കുറ്റപ്പെടുത്തി. ജുനൈസ് കുഴപ്പക്കാരനല്ല, രസമാണ്. അവന് മനുഷ്യരെ കുറിച്ചും ലോകത്തെ കുറിച്ചുമൊക്കെ കുറച്ച് കൂടെ പഠിക്കാനുണ്ട്. ജുനൈസ് പെട്ടെന്ന് തകർന്ന് പോകും. അത് കാണുമ്പോൾ എനിക്ക് വിഷമമാണ്. കാരണം അവൻ എന്നോട് അടിച്ചടിച്ച് നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം. കീരിക്കാടൻ ജോസിന്റെ മനസും ബാബു നമ്പൂതിരിയുടെ മുഖവും അതാണ് അവൻ.
ബിഗ് ബോസിൽ 35 ദിവസം കഴിഞ്ഞപ്പോഴാണ് ഇതിൽ ഒരാളും എന്നെ പരാജയപ്പെടുത്താൻ സാധ്യത ഇല്ലെന്ന് മനസിലായി. പിന്നെയുള്ളത് ഞാനായി ഇറങ്ങി പോകുക അല്ലെങ്കിൽ എനിക്കെന്തങ്കിലും പറ്റുക. ഷിജു ചേട്ടനും പറഞ്ഞിരുന്നു, ഈ രീതിയിലാണ് നീ പോകുന്നതെങ്കിൽ നീ കപ്പടിക്കുമെന്ന്. ഷിജു ചേട്ടൻ പറഞ്ഞിരുന്നു ഹിന്ദി ബിഗ് ബോസിലെ സിദ്ധാർത്ഥ് ശുക്ലയെന്ന ആളുണ്ടായിരുന്നു ,പുള്ളി ഗംഭീരമായിരുന്നു, അയാളെ പോലെയാണ് എന്റെ ഗെയിം എന്ന് പറഞ്ഞിരുന്നു. ലവ് ട്രാക്ക് ഒഴിച്ച് നിർത്തി കഴിഞ്ഞാൽ അയാളെ പോലെ തന്നെയാണ് പോകുന്നതെന്ന് പറഞ്ഞിരുന്നു.
മുണ്ടുപൊക്കിയ സംഭവത്തിൽ എനിക്കും പുറത്തെ പ്രേക്ഷകർക്കും എന്താണ് സംഭവിച്ചതെന്ന് ബോധ്യമുണ്ട്. അതുകൊണ്ടാണ് ഞാൻ വലയ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇവർക്കൊക്ക വിചാരം ആടിനെ പട്ടിയാക്കാൻ പറ്റുമെന്നാണ്. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് ബിഗ് ബോസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മൾ പൊതുജനത്തെയാണ് മോശമാക്കാൻ ശ്രമിക്കുന്നത്. ഇവർക്കും ബോധമുണ്ടെന്ന് മനസിലാക്കണം. വിഷ്ണു റിനോഷ് വിഷയത്തിൽ ഒരു വിവാദം ഉണ്ടാക്കിയപ്പോൾ അത് ശരിയല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. പൊതുജനങ്ങളുടെ യുക്തിയെ നമ്മുക്ക് ചോദ്യം ചെയ്യാൻ സാധിക്കില്ല.












Click it and Unblock the Notifications