നാദിറയുടെ 'പെണ്ണ് കാണൽ'; ഞെട്ടിത്തരിച്ച് 'ചെക്കൻ'..'ഇങ്ങനെ പണികിട്ടുമെന്ന് കരുതിയില്ല'..വൈറൽ വീഡിയോ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ വളരെ വലിയൊരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ താരമാണ് നാദിറ മെഹ്റിൻ. തുടക്കം മുതൽ മികച്ച മത്സരം പുറത്തെടുത്ത നാദിറ ഒരു ഘട്ടത്തിൽ വിജയ സാധ്യത പോലും പ്രവചിക്കപ്പെട്ട താരമായിരുന്നു. എന്നാൽ ഫിനാലെയ്ക്ക് നാല് ദിവസം മാത്രം ശേഷിക്കെ മണി ബോക്സ് ടാസ്കിൽ പണം അടങ്ങിയ പെട്ടിയുമായി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുകയായിരുന്നു നാദിറ.
ഇതാദ്യമായിട്ടായിരുന്നു ഒരു ബിഗ് ബോസ് മത്സരാർത്ഥി മണി ടാസ്കിൽ പണം എടുക്കുന്നത്. എന്നിരുന്നാലും നാദിറയുടെ തീരുമാനത്തെ വലിയൊരു വിഭാഗം ആരാധകരും അനുകൂലിച്ചിരുന്നു. അതേസമയം പുറത്തിറങ്ങിയ ശേഷവും നാദിറയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പരിപാടികളിലും നാദിറ സജീവമായി തുടങ്ങി. ഈ വിശേഷങ്ങളെല്ലാം നാദിറ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

അടുത്തിടെ ആറ് വർഷം കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങിയതിന്റെ വീഡിയോ യുട്യൂബ് ചാനലിലൂടെ നാദിറ പങ്കിട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നാദിറ. 'തന്റെ പാളിപ്പോയ പെണ്ണ് കാണൽ' എന്ന കാപ്ഷനോടെയാണ് നാദിറ വീഡിയോ പങ്കിട്ടിരിക്കുന്നത്.
കാറിൽ ഇരുന്ന് കൊണ്ടാണ് നാദിറ തന്റെ വീഡിയോ ആരംഭിക്കുന്നത്.
'ഇന്നൊരു സ്പെഷ്യൽ ഡേയാണ്. ഇന്നെന്റ പെണ്ണുകാണൽ ആണ്' എന്നാണ് നാദിറ പറയുന്നത് 'പെണ്ണുകാണലിന് ചെറിയ പ്രത്യേകതയുണ്ട്. ഇതൊരു ചെറിയ പ്രാങ്ക് പെണ്ണുകാണലാണ് കേട്ടോ. പെണ്ണ് കാണാൻ ഞാൻ ചെക്കന്റെ വീട്ടിലേക്ക് പോകുകയാണെന്നതാണ് പ്രത്യേകത. ചെക്കൻ എത്തും മുൻപ് ഞാൻ അവന്റെ വീട്ടിൽ എത്തുക. അവന്റെ മാതാപിതാക്കളും സഹോദരനുമൊക്കെ ഉണ്ടാകും', എന്നും നാദിറ പറയുന്നുണ്ട്. തുടർന്ന് കാർ ചെന്ന് ഒരു വീടിന് മുന്നിൽ നിന്നു.
വീടെത്തിയെന്നും ഇനി ചെക്കന്റെ മാതാപിതാക്കളെ കാണിക്കാമെന്നും പറഞ്ഞ് കൊണ്ട് നാദിറ കാമറ തിരിച്ചതോടെയാണ് ആരുടെ വീട്ടിലാണ് എത്തിയതെന്ന് പ്രേക്ഷകർക്ക് മനസിലാകുക. സഹമത്സരാർത്ഥിയും അടുത്ത സുഹൃത്തുമായ വിഷ്ണുവിന്റെ വീട്ടിലാണ് നാദിറയെത്തിയത്. എന്നാൽ നാദിറയെത്തുമ്പോൾ വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല.
വിഷ്ണുവിന്റെ സഹോദരനും മാതാപിതാക്കളുമെല്ലാം അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു നാദിറയുടെ പ്ലാൻ. വിഷ്ണു 10 മിനിറ്റുള്ളിൽ എത്തുമെന്ന് സഹോദരൻ അർജുൻ വിളിച്ച് അറിയിച്ചെങ്കിലും ഏകദേശം മൂന്ന് മണിക്കൂറോളം വിഷ്ണുവിനായി നാദിറയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

ഒടുവിൽ വിഷ്ണു എത്തിയപ്പോൾ നിന്നെ കാണാൻ ഒരാൾ ഏറെ നേരമായി കാത്തിരിക്കുകയാണെന്ന് മാതാപിതാക്കൾ അറിയിച്ചു. തുടർന്ന് സർപ്രൈസ് ആയി ചായയും കൊണ്ട് നാദിറ വിഷ്ണുവിന് മുന്നിലേക്ക് വരികയായിരുന്നു. ഇതോടെ ഞെട്ടിത്തരിച്ച വിഷ്ണുവിനെ വീഡിയോയിൽ കാണാം. 3 മണിക്കൂറാണ് താൻ വിഷ്ണുവിനെ കാത്തിരുന്നതെന്നും സാധാരണ താനാണ് മറ്റുള്ളവരെ പോസ്റ്റാക്കാറുള്ളതെന്നും എന്നാൽ വിഷ്ണു ഇങ്ങനെയൊരു പണി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നാദിറ വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഇരുവരും കെട്ടിപിടിക്കുകയും സ്നേഹം പങ്കുവെയ്ക്കുയും ചെയ്തു. വിഷ്ണുവിന്റെ കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിച്ച് ഭക്ഷണവും കഴിച്ച ശേഷമാണ് നാദിറ മടങ്ങിയത്.
ബിഗ് ബോസ് സീസൺ 5 ൽ ഏറെ ആഘോഷിക്കപ്പെട്ട കോമ്പോ ആയിരുന്നു വിഷ്ണവും നാദിറയും തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം. 'എബി-സോന' എന്നായിരുന്നു ഇരുവരും പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എന്തായാലും 'എബി-സോന'കോമ്പോയുടെ പുതിയ പെണ്ണ് കാണൽ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ ശരിക്കും ചിരിപടർത്തുന്നുണ്ടെന്നും സൗഹൃദം എന്നും നിലനിൽക്കട്ടെയെന്നുമാണ് പലരും വീഡിയോ താഴെ കമന്റ് ചെയ്തത്.












Click it and Unblock the Notifications