'ഫൈനലിലുടുക്കാനുള്ള സാരിയുമായാണ് കയറിയത്'; 100 ദിവസത്തെ വസ്ത്രങ്ങളുമായി പോയ ആദ്യ മത്സരാര്‍ത്ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് ശോഭ. ആദ്യ ദിനം തൊട്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളില്‍ ഒരു ഓളമുണ്ടാക്കാന്‍ ശോഭക്ക് സാധിച്ചിരുന്നു. ഒരുവേള പലരും അഖില്‍ മാരാരെ പിന്തള്ളി ശോഭ വിജയി ആകും എന്ന് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാലാം സ്ഥാനത്താണ് ശോഭ ഫിനിഷ് ചെയ്തത്. അഖില്‍ മാരാര്‍ തന്നെ വിജയി ആകുകയും ചെയ്തു.
അതേസമയം ഫിനാലെ വേദിയില്‍ നിന്ന് തന്നെ നാലാം സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ ഷോക്കായി പോയി എന്ന് ശോഭ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭയുടെ പ്രതികരണം. ബിഗ് ബോസ് ട്രോഫി കൈയില്‍ പിടിച്ചിരിക്കുന്ന സ്വപ്‌നത്തിന് പിന്നാലെയാണ് താന്‍ പോയത് എന്നും ശോഭ കൂട്ടിച്ചേര്‍ത്തു. ശോഭയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ബിഗ് ബോസില്‍ നിന്ന് വിളിച്ചപ്പോള്‍ എല്ലാവരോടും പറഞ്ഞത് 15-20 ദിവസത്തേക്കുള്ള ഡ്രസ് കൊണ്ടുപോകണം എന്നാണ്. പക്ഷെ ഞാന്‍ 100 ദിവസത്തേക്കും ഗ്രാന്റ് ഫിനാലെയ്ക്കുമുള്ള സാരി കൂടി പാക്ക് ചെയ്തിട്ടാണ് പോയത്. അപ്പോള്‍ എന്നെ എയര്‍പോര്‍ട്ടില്‍ പിക്ക് ചെയ്യാന്‍ വന്ന ക്രൂ മെമ്പേഴ്‌സ് തന്നെ പറഞ്ഞു ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും ലഗേജുമായിട്ട് കച്ചയും കെട്ടി ഒരാള്‍ വന്നിരിക്കുന്നത് എന്ന്.
ഞാന്‍ കണ്ട സ്വപ്നത്തില്‍ വിശ്വസിച്ചിട്ട് എന്റെ 100 ശതമാനം കൊടുക്കുക എന്നുള്ളതാണ്. ലാലേട്ടന്റെ കൂടെ കൈ പിടിച്ച് ഇറങ്ങുക ആ സ്റ്റേജില്‍ എന്നുള്ളതാണ്. ട്രോഫി കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഡ്രീമാണ് ഞാന്‍ കണ്ടത്. എങ്കിലും അതുവരെ എത്താന്‍ പറ്റി. ഫോര്‍ത്തിലേക്ക് മാറ്റിയപ്പോള്‍ വലിയ ഷോക്ക് തന്നെയായിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ടാകും.
അവരൊക്കെ പ്രതീക്ഷിച്ചിട്ടുണ്ടാകും ശോഭ ഇപ്പോള്‍ പൊട്ടിത്തെറിക്കും അല്ലെങ്കില്‍ സ്റ്റേജില്‍ കയറില്ല എന്നൊക്കെ. പക്ഷെ ഞാനത് ചെയ്തില്ല. എനിക്ക് തോന്നുന്നു അവിടെയാണ് ഞാന്‍ എന്റെ ശക്തി കാണിച്ചത്. ലോകം നമ്മളുടെ കണ്ണീര്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കാണിക്കരുത്. ബാക്കിലേക്ക് മാറ്റിയപ്പോള്‍ ഷോക്ക് ആയിരുന്നു, പക്ഷെ പ്രിപ്പയേര്‍ഡായിരുന്നു. ഞാനൊരു വിന്നറാണ് എന്ന് മനസില്‍ അപ്പോഴും ഉണ്ടായിരുന്നു.
പുറത്തിറങ്ങിയപ്പോള്‍ അതേ ഒരു റിസള്‍ട്ടാണ് എനിക്ക് കിട്ടിയത്. ഒരു കാര്യം ചെയ്ത് തുടങ്ങിയാല്‍ അതില്‍ വിജയം കാണുന്നത് വരെ പിന്നോട്ടില്ല. അത് ചെറുപ്പം മുതലെ ഉള്ള പ്രകൃതമാണ്. എന്ത് കാര്യമുണ്ടെങ്കിലും പാഷനോട് കൂടിയെ ചെയ്യാറുള്ളൂ. പാഷന്‍ ഇല്ല എന്നുണ്ടെങ്കില്‍ അത് ചെയ്യാറുമില്ല. അതുകൊണ്ടാണ് ഇത്രയും കേസുകളൊക്കെ വന്നിട്ടും ഞാന്‍ പിന്തിരിയാതിരുന്നത്'.












Click it and Unblock the Notifications