അഖിലുമായുള്ള 'ടോം ആന്റി ജെറി' കളി അവസാനിപ്പിച്ചതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് ശോഭ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകർ തുടക്കത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച കോമ്പോ ആയിരുന്നു ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിൽ ഉണ്ടായിരുന്ന കൂട്ടുകെട്ട്. ഇരുവരും തമ്മിലുള്ള ചെറിയ വഴക്കുകളും തമാശകളും തർക്കങ്ങളും പരിഹാസങ്ങളും കളികളുമെല്ലാം പ്രേക്ഷകർ വലിയ രീതിയിൽ ആസ്വദിച്ചിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ കോമ്പോ വേർപിരിഞ്ഞു. എന്ന് മാത്രമല്ല ബിഗ് ബോസ് സീസൺ 5 ലെ തന്നെ രണ്ട് പ്രധാന എതിരാളികളായി ഇവർ മാറുകയും ചെയ്തു. പിന്നീട് അങ്ങോട്ട് എല്ലാം അഖിൽ മാരാരുമായി പോരടിക്കുന്ന ശോഭയെ ആയിരുന്നു പ്രേക്ഷകർ കണ്ടത്. ഒരിക്കൽ പോലും ഒരു വിഷയത്തിലും അഖിലിന് വിട്ട് കൊടുക്കാൻ ശോഭ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല പരസ്യമായി അഖിലിനെതിരെ 'യുദ്ധം' പ്രഖ്യാപിച്ച് തന്റെ ഗെയിം മറ്റൊരു തലത്തിലേക്ക് ശോഭ മാറ്റുകയും ചെയ്തു.

ഇതോടെ പ്രേക്ഷകരിൽ ഒരു വിഭാഗം ശോഭയ്ക്കെതിരെ രംഗത്തെത്തുകയും തരത്തിനെതിരെ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. ശോഭയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ബിഗ് ബോസിൽ എത്തിയപ്പോഴും അഖിലുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന രീതിയിൽ ഉപദേശം നൽകുകയും ചെയ്തു. എന്നാൽ അപ്പോഴൊന്നും അഖിലുമായി വീണ്ടുമൊരു സൗഹൃദത്തിന് ശോഭ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ എന്തുകൊണ്ടാണ് അഖിലുമായുള്ള 'ടോം ആന്റ് ജെറി' കോമ്പോ അലസാനിപ്പിച്ചതെന്നും പിന്നീട് ഒരു സൗഹൃദം ഉണ്ടാക്കാതിരുന്നതെന്നും പറയുകയാണ് ശോഭ വിശ്വനാഥ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ശോഭയുടെ വാക്കുകളിലേക്ക് -'ഒരു ലിമിറ്റ് കഴിഞ്ഞ് ബുള്ളിയിംഗ് പോയപ്പോൾ ചിലത് എന്റെ ഉള്ളിലേക്ക് പോയി. കുറെയൊക്കെ ഞാൻ കളിയായിട്ട് എടുത്തിരുന്നു. ഉള്ളിൽ കൊണ്ടപ്പോൾ പക്ഷേ പിന്നെ അങ്ങനെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
അന്നമ്മ ഹൗസിനുള്ളിൽ വന്നപ്പോൾ അഖിലിനെ സുഹൃത്തായി കാണണമെന്ന് പറഞ്ഞപ്പോഴും ഞാൻ കൈ കൊടുത്തില്ല. അച്ഛനും അമ്മയും അഖിലിനെ ഇഷ്ടമെന്ന് പറഞ്ഞപ്പോഴും ഞാൻ അതിന് തയ്യാറായിട്ടില്ല. അച്ഛനും അമ്മേം പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി. കാരണം ഓപ്പണായിട്ട് അവർ സംസാരിച്ചല്ലോ. മകനെ പോലെ സംസാരിച്ചു, ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ അവരായിരിക്കും ഗെയിം സ്പിരിറ്റിൽ കാര്യങ്ങൾ എടുത്തിട്ടുള്ളത്.
അപ്പോഴൊന്നും പക്ഷേ അഖിലിന് കൈകൊടുക്കണമെന്ന് തോന്നിയിട്ടില്ല. എന്നാലും ചില കാര്യങ്ങൾ എന്റെ മനസിൽ എനിക്ക് വലിയ ഭാരം തോന്നിയിരുന്നു. എനിക്ക് ഉള്ളിൽ നിന്ന് സന്തോഷം വരുന്നില്ല, എന്നെ ബാധിക്കുന്നുണ്ടെന്നൊക്കെയാണ് തോന്നിയത്. അത് വേണ്ട, എന്തായാലും തീരാറായി അതുകൊണ്ട് പ്രശ്നങ്ങളൊക്കെ ക്ലിയർ ചെയ്യണമെന്ന് മനസിൽ ഉണ്ടായിരുന്നു. അവസാനമായപ്പോൾ ലാലേട്ടനൊക്കെ പറഞ്ഞു, എല്ലാം തീർക്കെന്ന്. അതിന് മുൻപ് തന്നെ ഞാൻ കുറച്ച് കൂളായി തുടങ്ങിയിരുന്നു', ശോഭ പറഞ്ഞു.
ബിഗ് ബോസിലേക്ക് വീണ്ടും വന്നപ്പോൾ ദേവു ചെയ്ത പെരുമാറ്റം തന്നെ വിഷമിപ്പിച്ചിരുന്നതായും ശോഭ പറഞ്ഞു. 'ദേവു വന്നപ്പോൾ കെട്ടിപിടിക്കാതെ പോകുമെന്ന് വിചാരിച്ചില്ല. അവളെന്തിനാണ് അത് ചെയ്തതെന്ന ചോദ്യം മനസിൽ വന്നു. പക്ഷേ പിന്നീട് അത് പറഞ്ഞ് തീർത്തു', ശോഭ പറഞ്ഞു. ഫിനാലെ വീക്കിൽ ബിഗ് ബോസ് ഹൗസിന്റെ വാതിൽ തുറന്ന് എത്തിയ ദേവുവിനെ ശോഭ ഓടിച്ചെന്ന് കെട്ടിപിടിക്കാൻ ശ്രമിച്ചെങ്കിലും ശോഭയെ പരിഗണിക്കാതെ ദേവു അഖിൽ മാരാരുടെ അടുത്തേക്ക് പോകുകയായിരുന്നു. ശോഭയുടെ മുഖം ഈ സമയം വാടിയതും പിന്നീട് ഇതിൽ അവർ വിഷമം പ്രകടിപ്പിച്ചതെല്ലാം എപ്പിസോഡിലും ഉണ്ടായിരുന്നു.












Click it and Unblock the Notifications