ബിഗ് ബോസിന് ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ സംഭവിച്ചത്; രസകരമായ അനുഭവം പങ്കുവെച്ച് ശോഭ
ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതോടെ ശരിക്കും വിന്നറായത് പോലെയാണ് തോന്നുന്നതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരവും സംരഭകയുമായ ശോഭ വിശ്വനാഥ്. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഒരുപാടുപേർ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും താരം പറയുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശോഭ വിശ്വനാഥ്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് തന്നെ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് നല്ല തിരക്ക് ഉണ്ടായിരുന്നതുകൊണ്ട് അടുത്ത സീസില്‍ വരാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഈ സീസണിലേക്ക് എത്തുന്നത്. കൊച്ചിയിലായിരുന്നു ഓഡീഷനും അഭിമുഖവും. തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സുഹൃത്തുക്കളോട് മാത്രം വിവരം പറഞ്ഞു. ഷോയില്‍ എത്തിയ ശേഷമാണ് വീട്ടുകാരറിഞ്ഞത്.

സുഹൃത്ത് അന്നയാണ് ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ ഷോപ്പ് നോക്കിയത്. സഹായത്തിനായി എപ്പോഴും കൂടേയുള്ള പിള്ളേരുമുണ്ടായിരുന്നു. വീവേഴ്സ് വില്ലേജ് തുടങ്ങിയപ്പോള്‍ പാട്ണറായി ഉണ്ടായിരുന്ന രമ്യയും വന്നു. അതുകൊണ്ട് തന്നെ ആ നൂറു ദിവസത്തില്‍ ഷോപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വന്നില്ല. പ്രേക്ഷകർ കാണുന്നത് പോലെ തന്നെയാണ് അവിടുത്തെ കാര്യങ്ങള്‍. സമയമൊന്നും മനസ്സിലാവില്ലെന്നും ഗൃഹലക്ഷ്മിയുടെ അഭിമുഖത്തില്‍ ശോഭ പറയുന്നു.
എല്ലാവർക്കുമുള്ള ഭക്ഷണമൊക്കെ നമ്മള്‍ തന്നെയാണ് പാചകം ചെയ്യുന്നത്. കൃത്യം അളവിലുള്ള സാധനങ്ങളായിരിക്കും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഭക്ഷണം തികയാതെ വരും. സീസണില്‍ വിജയകിരീടം ഉറപ്പിച്ച് തന്നെയാണ് പോയത്. ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനമാണ് കിട്ടയതെങ്കിലും എന്റെ മനസ്സിലെ വിജയി ഞാന്‍ തന്നെയാണ്.
അച്ഛനും അമ്മയും ബിഗ് ബോസിലേക്ക് വന്നപ്പോള്‍ ഏറെ സന്തോഷിച്ചു. വിന്നറായ ഫീലായിരുന്നു ശരിക്കും അപ്പോള്‍. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്നു. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ച മാറ്റമാണ്. ഗെയിമുകളിലൊക്കെ നല്ല രീതിയില്‍ പങ്കെടുക്കാന്‍ സാധിച്ചു. വെള്ളത്തെ പേടിയാണെങ്കിലും പൂള്‍ഗെയിമില്‍ ഉള്‍പ്പെടെ നല്ല രീതിയില്‍ മത്സരിച്ചെന്നും ശോഭ വ്യക്തമാക്കുന്നു.
ബിഗ് ബോസിന് ശേഷം സുഹൃത്ത് അന്നയുമൊത്ത് കൊച്ചിയില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ആ റസ്റ്ററന്‍റ് ഉടമയുടെ മകള്‍ ബിഗ് ബോസിലെ എന്റെ അതേ കോസ്റ്റ്യൂം അണിഞ്ഞ് റീല്‍ ചെയ്തിരിക്കുന്നു. ഇത്രയും കാലം സംരഭകയായി കൈത്തറി മേഖലയിലുണ്ടായിരുന്നെങ്കിലും വലിയ തിരിച്ചറിവാണ് ബിഗ് ബോസ് തന്നത്.
കൃത്യമായ നിലപാടുകളാണ് ബിഗ് ബോസില്‍ ഞാന്‍ സ്വീകരിച്ചത്. ആ നിലപാടുകള്‍ ഉറക്കെ പറഞ്ഞതുകൊണ്ടാണ് തനിക്ക് പ്രേക്ഷകരുടെ കയ്യടി കിട്ടിയതെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ തിരിച്ചറിയപ്പെടുന്നതും അത്തരത്തില്‍ തന്നെയാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു വ്യക്തിളേയും രൂപപ്പെടുത്തുന്നത് അവരുടെ ജീവിത സാഹചര്യങ്ങളാണ്.
ഒരോ വ്യക്തിയും അനുഭവിക്കുന്ന ജീവിതം ഒരിക്കലും ഒരു പോലെയാവില്ല. ഒരാളുടെ ദുരിതങ്ങളും സന്തോഷങ്ങളും സങ്കടങ്ങളൊന്നും മറ്റൊരാളുടേത് പോലെ ഒരിക്കലുമാവില്ല.
അത് താരതമ്യം ചെയ്യാന്‍ നില്‍ക്കുന്നത് തന്നെ മണ്ടത്തരമാണ്. അക്കാര്യം ബിഗ് ബോസില്‍ ഉറക്കെ പറഞ്ഞുവെന്ന് മാത്രം. അഖില്‍ മാരാരുടെ ചില നിലപാടുകളോട് യോജിപ്പ് ഉണ്ടായിരുന്നില്ല. അത് ഇപ്പോഴുമില്ല. അത് തുറന്ന് പറയേണ്ടി വന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതോടെ ആ നീരസമെല്ലാം മാറി. എല്ലാവരും ചേർന്ന് ഗ്രൂപ്പൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചില പ്രോഗ്രാമുകള്‍ക്കും ഒരുമിച്ച് കൂടിയെന്നും ശോഭ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications