റെനീഷയുമായി സൗഹൃദം പിരിയാത്തതിന് കാരണം ഇതെന്ന് സെറീന; 'ഞങ്ങളുടെ വഴക്ക് ചർച്ചയാകാൻ കാരണവും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു സെറീന ആനും റെനീഷ റഹ്മാനും തമ്മിൽ ഉണ്ടായിരുന്നത്. ഷോ ആരംഭിച്ചതിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഇരുവരും പരസ്പരമുള്ള സ്നേഹവും കരുതലുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഷോ മുന്നോട്ട് പോകുന്തോറും ഇരുവരും തമ്മിലുള്ള സൗഹൃദത്തിനിടയിൽ ചെറിയ ചെറിയ തർക്കങ്ങൾ ഉടലെടുക്കാൻ തുടങ്ങി.
ഫാമിലി വീക്കിലി ടാസ്കിൽ റെനീഷയുടെ കുടുംബം ഹൗസിലേക്ക് എത്തിയതിന് പിന്നാലെ ഈ തർക്കം വലിയ പൊട്ടിത്തെറിയിലേക്ക് നീണ്ട് പോയി. റെനീഷയുടെ സഹോദരൻ സെറീനയെ കുറിച്ച് നൽകിയ ഒരു ചെറിയ സൂചനയായിരുന്നു ഇതിന് കാരണം. 'ദുബൈ ചോക്ലേറ്റ് അധികം കഴിക്കേണ്ട' എന്നായിരുന്നു സഹോദരൻ പറഞ്ഞത്. ആദ്യം അതെന്താണെന്ന് റെനീഷയ്ക്ക് മനസിലായില്ലെങ്കിലും പിന്നീട് സെറീനയുടെ പേരിൽ തനിക്ക് പുറത്ത് നെഗറ്റീവ് ഉണ്ടാകാമെന്ന് റെനീഷയും കണക്ക് കൂട്ടി.

ഇതിന് ശേഷം പല വിഷയങ്ങളുടെ പേരിലും പരസ്പരം പോരടിക്കുന്ന സെറീനയേയും റെനീഷയുമേയുമായിരുന്നു പ്രേക്ഷകർ കണ്ടത്. ഒരുഘട്ടത്തിൽ സൗഹൃദം അവസാനിപ്പിക്കുകയാണെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ പിണക്കങ്ങളെല്ലാം മറന്ന് ഇരുവരും വീണ്ടും കൂട്ടായിരിക്കുകയാണ്. എന്തുകൊണ്ടാണ് തങ്ങൾ തമ്മിലുള്ള തർക്കം പുറത്ത് ഇത്രയും ചർച്ചയായതെന്നും എന്തുകൊണ്ടാണ് പക്ഷേ ഇപ്പോഴും തങ്ങളുടെ സൗഹൃദം പിരിയാത്തതെന്നും വെളിപ്പെടുത്തുകയാണ് ഇപ്പോൾ സെറനീയും റെനീഷയും . ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. വായിക്കാം
'എവിടെ പോയാലും ദുബായ് ചോക്ലേറ്റ് കഴിക്കാറുണ്ടോയെന്ന ചോദ്യമാണ് ഞാൻ കേട്ടിരുന്നത്. ആവശ്യത്തിന് എന്ന മറുപടിയാണ് ഞാൻ നൽകാറുള്ളത്', റെനീഷ പറഞ്ഞു.
'സൗഹൃദത്തിൽ എന്തായാലും അടിയുണ്ടാകും. ബിഗ് ബോസ് ഹൗസിൽ ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറയുന്നവർ തമ്മിൽ അടിയുണ്ടായത് കൊണ്ടാണ് ഇത് വലിയ വിഷയമായത്. അഖിലേട്ടനും ജുനൈസും തമ്മിലുള്ള അടി വിഷയമായിരുന്നില്ല. കാരണം അവർ ആദ്യം മുതലേ അടിയായിരുന്നു. പക്ഷേ ഞങ്ങളുടെ കാര്യത്തിൽ ആദ്യമേ പറഞ്ഞത് പോലെ ഞങ്ങളുടെ ഫൗണ്ടേഷൻ ശക്തമാണ്. നമ്മൾ സംസാരിച്ചാൽ ,ഒന്ന് കെട്ടിപിടിച്ചാൽ , അൽപ നേരം ഇരുന്ന് സംസാരിച്ചാൽ തന്നെ അത് തീരും', സെറീന അഭിമുഖത്തിൽ പറഞ്ഞു. സ്നേഹവും അടുപ്പവും നല്ലോണം ഉണ്ടായിരുന്നതിനാലാണ് വഴക്കിന്റേയും അടിയുടേയും ഇന്റൻസിറ്റി കൂടിയതെന്ന് റെനീഷയും വ്യക്തമാക്കി.

അതേസമയം ദുബായ് ചോക്ലേറ്റിനെ കുറിച്ച് സഹോദരൻ പറഞ്ഞത് പുറത്ത് വന്ന് കേട്ടപ്പോൾ തനിക്ക് വളരെ അധികം സങ്കടം തോന്നിയിരുന്നുവെന്ന് സെറീന വ്യക്തമാക്കിയിരുന്നു. സഹോദരൻ റെനീഷയ്ക്ക് മുന്നറിയിപ്പ് നൽകിയപ്പോൾ അവൾക്ക് എന്താണ് ദുബായ് ചോക്ലേറ്റ് കൊണ്ട് സഹോദരൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്നും പിന്നീടാണ് അത് തിരിച്ചറിഞ്ഞതെന്നും സെറീന പറഞ്ഞു.
എന്നാൽ തന്നോട് രഹസ്യമായി സെറീനയെ കുറിച്ച് പറഞ്ഞ കാര്യം താൻ തന്നെയാണ് സെറീനയോട് ഹൗസിൽ വെച്ച് വെളിപ്പെടുത്തിയതെന്ന് റെനീഷയും വ്യക്തമാക്കി. എന്തായാലും ഇപ്പോൾ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണ് മുന്നോട്ട് പോകുന്നത്. പരസ്പരമുള്ള സ്നേഹവും അടുപ്പവും ഇവർ പങ്കുവെയ്ക്കാറുണ്ട്.
നടി കൂടിയായ റെനീഷ ബിഗ് ബോസ് സീസൺ 5 ൽ രണ്ടാം സ്ഥാനമായിരുന്നു നേടിയത്. സെറീന ഫിനാലെയ്ക്ക് തൊട്ട് മുൻപായിരുന്നു ബിഗ് ബോസിൽ നിന്നും പുറത്തായത്. ദുബായില്‍ ജനിച്ച വളര്‍ന്ന സെറീന 2022ലെ മിസ് ക്യൂന്‍ കേരള സൗന്ദര്യ മത്സരത്തില്‍ മിസ് ഫോട്ടോജെനിക്കായിരുന്നു












Click it and Unblock the Notifications