മോഹന്‍ലാല്‍ ബിഗ് ബോസ് എപ്പിസോഡ് കാണാറില്ലേ, ചീത്ത പറയുന്നത് നിർദേശം അനുസരിച്ചോ? സത്യാവസ്ഥ അറിയാം
വളരെ കുറഞ്ഞ സീസണുകള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തുടക്കത്തില്‍ ഒരു സംശയത്തോടെയായിരുന്നു പലരും ഈ റിയാലിറ്റി ഷോയെ കണ്ടത്. സമാനമായ രീതിയില്‍ അതിന് മുമ്പ് വന്ന മലയാളി ഹൗസ് എന്ന റിയിലാറ്റി ഷോ 'മോശമല്ലാത്ത പേരുദോഷം' ഉണ്ടാക്കി വെച്ചതായിരുന്നു ബിഗ് ബോസിനേയും അകറ്റി നിർത്താന്‍ മലയാളി പ്രേക്ഷകരെ പ്രേരിപ്പിച്ചത്.
ഒടുവില്‍ മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ അവതാരകനാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളവും ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ സാന്നിധ്യം ഷോയ്ക്ക് നല്‍കിയ മൈലേജും വിശ്വാസ്യതയും ഒട്ടു ചെറുതായിരുന്നില്ല. സീസണ്‍ വണ്ണിലെ താരങ്ങളുടെ പ്രകടനവും ഷോയുടെ സ്വീകാര്യത വർധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഘടകമാണ്.

സാധാരണയായി വീക്കെന്‍ഡ് എപ്പിസോഡുകളില്‍ മാത്രമാണ് മോഹന്‍ലാല്‍ ഷോയിലേക്ക് എത്തുന്നത്. ഈ ദിവസങ്ങളില്‍ ആ ആഴ്ചയിലെ മൊത്തം കാര്യങ്ങള്‍ വിശദീകരിക്കുകയും എലിമിനേഷന്‍ നടത്തുകയും ചെയ്യുന്നു. താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം തെറ്റ് ചെയ്തവർക്ക് രൂക്ഷമായ വിമർശനവും അവതാരകനില്‍ നിന്നും നേരിടാറുണ്ട്.
അതേസമയം തന്നെ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ പൂർണ്ണ സ്വതന്ത്രനാണോയെന്ന സംശയമം പല ബിഗ് ബോസ് പ്രേക്ഷകർക്കുമുണ്ട്. ബിഗ് ബോസ് ക്രൂ പറയുന്നതിന് അനുസരിച്ച് മാത്രമാണ് മോഹന്‍ലാല്‍ സംസാരിക്കുന്നതെന്നും അല്ലെന്നുമുള്ള വാദമാണ് പ്രേക്ഷകർ ഉയർത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഹാഫിസ് ഷംസുദ്ദീന്‍ എന്ന ബിഗ് ബോസ് ക്രിയേറ്റീവ് ഡയറക്ടർ. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാലിന്റെ മാത്രം വീക്ഷണ കോണിലുള്ള കാര്യങ്ങളല്ല അദ്ദേഹം പറയുന്നതെന്നാണ് ഹാഫിസ് വ്യക്തമാക്കുന്നത്. ഇത് ഒരു ടീം വർക്കാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഷോ മുന്നോട്ട് പോവുന്നത്. എന്തൊക്കെ വിഷയങ്ങള്‍ പറയണമെന്നത് ചർച്ച ചെയ്ത് തീരുമാനിക്കും. മോഹന്‍ലാല്‍ സാറും എല്ലാ എപ്പിസോഡും കാണും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ വ്യു പോയിന്റ് ഉണ്ടാവും. അതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമ്മള്‍ കാര്യം വിശദീകരിക്കും. നമ്മുടെ വിശദീകരണം ബോധ്യപ്പെട്ടാല്‍ അദ്ദേഹം അത് സ്വീകരിക്കുമെന്നും ഹാഫിസ് പറയുന്നു.
ബിഗ് ബോസില്‍ ഞായറാഴ്ച എന്ത് നടക്കുന്നോ അതാണ് തിങ്കളാഴ്ച കാണുന്നത്. തിങ്കളാഴ്ച ഷൂട്ട് ചെയ്യുന്നത് ചൊവ്വാഴ്ച കാണും. അങ്ങനെ നീണ്ട് പോവും. വെള്ളിയാഴ്ചത്തെ ഷൂട്ടാണ് മിസ്സ് ചെയ്യുന്നത്. ഹോട്ട് സ്റ്റാറില്‍ അത് കാണാം. വെള്ളിയാഴ്ച നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങള്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ ആദ്യം കാണിക്കും. വെള്ളിയാഴ്ച പൊതുവെ പ്രധാനപ്പെട്ട ടാസ്കുകളൊന്നും കൊടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
റിയാസ് സലീം എന്ന് പറയുന്നത് ഒരു ബ്യൂട്ടിഫുള്‍ ഗെയിമർ ആണെന്നും ഹാഫിസ് അഭിപ്രായപ്പെടുന്നു. വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്ന് അത്രയും നന്നായി മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നുള്ളതാണ് ശ്രദ്ധേയം. ടോപ്പ് 3 ആയിട്ടാണ് അദ്ദേഹം സീസണില്‍ നിന്നും ഇറങ്ങുന്നത്. വൈല്‍ഡ് കാർഡിലൂടെ ഷോയിലേക്ക് വരുന്ന ആളുകള്‍ക്ക് കാര്യങ്ങള്‍ കുറച്ചൂകൂടി പ്രയാസമാണ്. അവിടെ എന്തെങ്കിലും ചലനം ഉണ്ടാക്കാന്‍ അവർക്ക് കഴിയണമെങ്കില്‍ മികച്ച ഗെയിമറായിരിക്കണം.
പതിനാറ് പേരോളം ഒരു വീട്ടില്‍ വന്ന് പത്ത് നാല്‍പ്പതോളം സെറ്റായി നില്‍ക്കുകയാണ്. അവർക്ക് ഇടയില്‍ ഒരു കെമിസ്ട്രിയുണ്ട്. അതിനിടയിലേക്കാണ് 40 ദിവസം കഴിഞ്ഞ് റിയാസ് വരുന്നത്. അവിടെ ഒരു ഇംപാക്ട് ഉണ്ടാക്കുകയും അതിന് ശേഷം അവരില്‍ ഒരാളായി മാറുകയും ചെയ്യണമെങ്കില്‍ നല്ല കാലിബർ വേണം. റിയാസിന് അതുണ്ട്. മികച്ച ഗെയിമറാണെന്നും ഹാഫിസ് പറയുന്നു.












Click it and Unblock the Notifications