ഇനിയും ബിഗ് ബോസ് താരങ്ങള്‍ വരാം: പക്ഷെ അവർക്കൊന്നും അഖില്‍ മരാർ ആകാനാവില്ല, എന്തുകൊണ്ട്?
ബിഗ് ബോസില്‍ നിന്നും പുറത്ത് വരുന്നതോടെ ഇത്രയും അധികം ആളുകളുടെ സ്നേഹം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഖില്‍ മാരാർ. ബിഗ് ബോസിന് അകത്ത് നിന്നുകൊണ്ട് ഞാന്‍ ജയിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും എന്നെ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം പുറത്തുണ്ടാവും എന്നത് തന്നെയായിരുന്നു എന്റെ പ്രതീക്ഷയെന്നും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് പറയുന്നു.
ഞാന്‍ പറയുന്ന ആശയങ്ങളും നിലപാടും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക കുറച്ച് പ്രായമൊക്കെയുള്ള ആളുകള്‍ക്കായിരിക്കും. ഒരു 35 മുതല്‍ 60 വരെയുള്ള ആളുകളെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് ആ പ്രതീക്ഷ തെറ്റായിരുന്നുവെന്ന് മനസ്സിലായത്. ഞാന്‍ പലരുടേയും ക്രഷ് ആയെന്നും അഖില്‍ മാരാർ ചിരിച്ചുകൊണ്ട് പറയുന്നു. റേഡിയോ കേരളമെന്ന എംഫ്എം ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എന്റെ ഒരു സുഹൃത്തിന്റെ കുട്ടി ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഉറങ്ങാത്ത സ്ഥിതി വന്നു. ഷോ കഴിഞ്ഞുവെന്ന് പറഞ്ഞെങ്കിലും അവർക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ചെറിയ കുട്ടികളുടെയൊക്കെ രസകരമായ നിരവധി വീഡിയോകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.
ആരാധനയുടെ പലവിധത്തിലുള്ള തലങ്ങളുണ്ടായിട്ടുണ്ട്. ചോരകൊണ്ട് എന്റെ പേരും ഐ ലവ് യു എന്നും എഴുതി അയച്ച പെണ്‍കുട്ടികള്‍ മുതല്‍ ടാറ്റു അടിച്ചവർ വരേയുണ്ട്. അധികം ആളുകളെയൊന്നും നേരില്‍ കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി ജോജു ചേട്ടന്റെ വീട്ടിലേക്ക് പോവുമ്പോഴാണ് മറ്റൊരു വാഹനത്തില്‍ ഒരു പയ്യന്‍ സ്റ്റിയറിങ് പോലും മര്യാദക്ക് പിടിക്കാതെ എന്നെ നോക്കി കരഞ്ഞുകൊണ്ട് വരുന്നത്. അപ്പോഴാണ് അന്ധമായ ആരാധന ആരോടും പാടില്ലെന്ന് ഞാന്‍ പറഞ്ഞതെന്നും അഖില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും മറ്റും വണ്ടി നമ്പർ പലർക്കും അറിയാം എന്നുള്ളതിനാല്‍ തന്നെ പലരും ഇപ്പോഴും പുറകെ വരും. അവർ എന്നെ നോക്കി ബൈക്ക് ഓടിക്കുമ്പോള്‍ അവർക്ക് എന്തെങ്കിലും പറ്റുമോയെന്നുള്ള ടെന്‍ഷനാണ് എനിക്ക്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാതെ എന്നെ കാണാനായി ദീർഘ നേരം യാത്ര ചെയ്ത് ഒരാള്‍ ഇന്ന് രാവിലെ വന്നിരുന്നു.
കൃത്യമായ പ്ലാനിലൂടെ മുന്നോട്ട് പോവുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ സ്ട്രോങ് ആയിരിക്കും. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ശത്രുക്കളെ കൂട്ടുകയും ചെയ്യും. ബിഗ് ബോസിന്റെ ഫെയിം മാത്രമല്ല ഒരു സിനിമ നടന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഒരു സൂപ്പർഹിറ്റ് സിനിമ ചെയ്ത ഒരു നടന്റെ അടുത്ത പടം പൊട്ടിയാല്‍ അയാളെ പരിഹസിക്കും.
സോഷ്യല്‍ മീഡിയയിലെ ഒരു പ്രസ്താവനയുടെ പേരില്‍ വിനായകനെതിരെ എന്തൊക്കെ ബഹളമായിരുന്നു. പക്ഷെ ജയിലർ വന്നപ്പോള്‍ അത് നേരെ മാറി. ഷൈന്‍ നിഗം, നീരജ് മാധവ്, പെപ്പെ എന്നിവരുടെ സിനിമ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇവർക്കെതിരെ വന്ന വിമർശനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും അഖില്‍ മാരാർ ചോദിക്കുന്നു.
ഈ ബിഗ് ബോസ് കഴിയുമ്പോള്‍ പുതിയ താരം വരാം, പക്ഷെ അദ്ദേഹം അഖില്‍ മാരാർ ആവില്ല. എന്നേക്കാള്‍ ഇഷ്ടം അയാള്‍ക്ക് ജനങ്ങളില്‍ നിന്ന് നേടാന്‍ സാധിച്ചേക്കാം. പക്ഷെ ഞാന്‍ ഞാനായി ജീവിക്കുന്നതാണ്. നമുക്കായി ഒരു ഇടം ഈ ഭൂമിയിലുണ്ട്. അവിടേക്ക് എത്താന്‍ പരിശ്രമിച്ചാല്‍ നമ്മള്‍ അവിടെ എത്തും. ചിലപ്പോള്‍ നമ്മുടെ കയ്യിലിരിപ്പ് കാരണം അവിടെ എത്തിയില്ലെന്നും വരാം. പക്ഷെ അവിടെ വേറെ ആരും കയറി ഇരിക്കില്ലെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications