'അന്ന് വണ്ടിക്കൂലി പോലും തന്നില്ല, ഇന്ന് ചോദിച്ച പ്രതിഫലവുമായി ബിസിനസ് ക്ലാസ് യാത്ര'; മാരാരുടെ നേട്ടം കണ്ടോ..!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് അഖില്‍ മാരാര്‍. സീസണില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ അഖില്‍ മാരാരായിരുന്നു വിജയ കിരീടം ചൂടിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും അഖില്‍ മാരാര്‍ ഇപ്പോഴും പൊതുപരിപാടികളില്‍ സജീവമാണ്. ഇപ്പോഴിതാ താരം ഒരു ഓണം പരിപാടിക്കായി ദുബായിലേക്ക് പോകുന്നതിന്റെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.
മുന്‍പ് പല ഉദ്ഘാടന പരിപാടികള്‍ക്കും തന്നെ വിളിച്ചിട്ടും പ്രതിഫലം തരാതിരുന്നവരുണ്ടെന്നും അതില്‍ നിന്ന് താന്‍ ചോദിക്കുന്ന പ്രതിഫലം തന്ന് പരിപാടികളിലേക്ക് ക്ഷണിക്കുന്ന നിലയിലേക്ക് താന്‍ എത്തിയെന്നും അഖില്‍ മാരാര്‍ അഭിമാനത്തോടെ പറയുന്നു. ബിസിനസ് ക്ലാസിലിരുന്ന് ദുബായിലേക്ക് പറക്കുന്നതിന്റെ തൊട്ടുമുന്‍പാണ് അഖില്‍ മാരാരുടെ പ്രതികരണം. അഖില്‍ മാരാരുടെ വാക്കുകളിലേക്ക്...

'ഞാന്‍ ദുബായിലേക്ക് വരികയാണ്. ഈ വീഡിയോ ചെയ്യാനുള്ള കാരണം, ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകണം, അതിനെ തുടര്‍ന്ന് നമ്മള്‍ കുറെ പരിശ്രമിക്കുകയും കുറെ ആള്‍ക്കാരുടെ പരിഹാസങ്ങള്‍ കേള്‍ക്കുകയും ഒക്കെ ചെയ്ത കാലഘട്ടത്തില്‍ നിന്ന് ഞാന്‍ പണ്ടൊരു ഇനാഗുറേഷന് പോയി. അപ്പോള്‍ അവിടെ ഞാന്‍ ആകെ പറഞ്ഞത് വരുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ എനിക്ക് ഡീസല്‍ അടിക്കാനുള്ള പൈസയെങ്കിലും തരണം എന്നായിരുന്നു.
പക്ഷെ ഡീസലടിക്കാനുള്ള ക്യാഷ് പോലും തരാത്ത ധാരാളം പരിപാടികള്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരു കാലത്ത് നിന്ന് പല പരിപാടികളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. 2013 ല്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സിനിമക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ആരും നമ്മളെ ശ്രദ്ധിച്ചിരുന്നില്ല. ഒരാളുപോലും ആ കാലഘട്ടത്തില്‍ ചെറിയ ക്ലബ് പോലും ഒരുപരിപാടിക്ക് എന്നെ വിളിച്ചിരുന്നില്ല.
ഒരു സിനിമാ സംവിധായകനും റൈറ്ററും ആയതിന് ശേഷവും ഒരുപാട് ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തതിന് ശേഷവും എന്റെ നാടുമായി ബന്ധപ്പെട്ടുള്ള പല ക്ലബുകളില്‍ നിന്നും പല പരിപാടികള്‍ക്കും വിളിച്ചിട്ടില്ല. വിളിച്ചതില്‍ തന്നെ പലരും ചിലവിനുള്ള കാശ് പോലും തരാനുള്ള സന്മനസ് പോലും കാണിച്ചിട്ടുമില്ല. ആ കാലഘട്ടത്തില്‍ നിന്നും എമിറേറ്റ്‌സില്‍ ബിസിനസ് ക്ലാസില്‍ ഞാന്‍ ചോദിച്ച പൈസയും തന്നിട്ട് എന്നെ ഷാര്‍ജയില്‍ ഒരു പരിപാടിക്ക് വിളിക്കുമ്പോള്‍ എനിക്ക് പേഴ്‌സണലി തോന്നുന്ന ഒരു അഭിമാനമുണ്ട്.
ആരൊക്കെ നമ്മളെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും ഞാന്‍ ബിഗ് ബോസില്‍ പറഞ്ഞത് പോലെ ആരൊക്കെ പരിഹസിച്ചാലും പരിഹസിക്കുന്നവര്‍ വേണമെങ്കില്‍ പരിഹസിച്ചോട്ടെ, കളിയാക്കുന്നവര്‍ വേണമെങ്കില്‍ കളിയാക്കിക്കോട്ടെ നിങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ പരിശ്രമം ആത്മാര്‍ത്ഥമാണ് എന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായിട്ടും ഉയര്‍ച്ചയുണ്ടാകും.
അത് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ള പ്രവര്‍ത്തനമാണെങ്കില്‍ ഈ രീതിയില്‍ ആരെയെങ്കിലും സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതി മാത്രമാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. അല്ലാതെ ഫാഷന്‍ ഫോട്ടോഗ്രഫി കാണിക്കാനല്ല. എന്റെ ജീവിതമാണ്, എന്റെ പരിശ്രമമാണ്, എന്റെ ഇച്ഛാശക്തിയാണ്, എന്റെ ക്ഷമയാണ് ഞാന്‍ നിങ്ങള്‍ക്കായി നല്‍കുന്നത്. സെപ്തംബര്‍ മൂന്നാം തിയതി ഷാര്‍ജയില്‍ നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഒരു ഓണം പ്രോഗ്രാമാണ്.
ദുബായിലുള്ള എന്നെ സപ്പോര്‍ട്ട് ചെയ്ത, എന്നെ സ്‌നേഹിച്ച, എന്നെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും അവിടേക്ക് സ്വാഗതം ആശംസിക്കുന്നു. എന്റെ സന്തോഷം പങ്ക് വെച്ചുള്ള വീഡിയോ ആണിത്. ബിസിനസ് ക്ലാസില്‍ സ്വന്തം കാശ് മുടക്കിയും യാത്ര ചെയ്യാന്‍ പറ്റും. പക്ഷെ മറ്റൊരാളുടെ സ്വീകരണം ഏറ്റുവാങ്ങി അതിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവനായി പോകുന്നതിന്റെ ഒരു സന്തോഷവും അഭിമാനവും പങ്ക് വെക്കാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്,'












Click it and Unblock the Notifications