'അടുത്ത തവണ ബിഗ് ബോസിലേക്ക് പോകാന്‍ താല്‍പര്യമുണ്ടോ..?' വൈറലായി മാരാരുടെ പ്രസംഗം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ തന്നെയായിരുന്നു പ്രതീക്ഷിച്ചത് പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ജേതാവായിരുന്നതും. സീസണിന്റെ തുടക്കത്തില്‍ ഏറെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ മത്സരാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. എന്നാല്‍ പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ ഷോയുട ഐക്കണായി മാരാര്‍ മാറുന്ന കാഴ്ചയായിരുന്നു കണ്ടത്.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് മുന്‍പ് ഷോയ്‌ക്കെതിരെ രംഗത്തെത്തിയ ആളായിരുന്നു അഖില്‍ മാരാര്‍. ഉണ്ണി മുകുന്ദന്‍-വ്‌ളോഗര്‍ വിഷയത്തിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണന് എതിരായ ചില തുറന്ന് പറച്ചിലുകളിലൂടെയും വിവാദത്തിന്റെ നടുക്കായിരുന്നു അഖില്‍ മാരാര്‍. ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോഴും വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല.

അഖില്‍ മാരാരുടെ പല നിലപാടുകളും ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും വിവാദമായി മാറി. എന്നിരുന്നാലും അതൊന്നും അഖില്‍ മാരാരുടെ പ്രേക്ഷക പിന്തുണയെ തെല്ലും ബാധിച്ചിരുന്നില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 85 ശതമാനത്തോളം വോട്ട് അഖില്‍ മാരാര്‍ക്ക് ലഭിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അവകാശപ്പെടുന്നത്. ബിഗ് ബോസ് സീസണ്‍ 5 അവസാനിച്ചതിന് ശേഷവും വലിയ സ്വീകരണമാണ് അഖില്‍ മാരാര്‍ക്ക് ലഭിച്ചത്.
അഖില്‍ മാരാരുടെ നാടായ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇത് കൂടാതെ നിരവധി പരിപാടികളില്‍ ഉദ്ഘാടകനായി അഖില്‍ മാരാര്‍ എത്തിയിരുന്നു. ഇപ്പോഴിതാ പാലാരിവട്ടം ഇമേജ് ക്രിയേറ്റീവ് എഡുക്കേഷനിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് കൊണ്ട് അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഔപചാരിക പ്രസംഗത്തിന് ശേഷം അഖില്‍ മാരാര്‍ പറഞ്ഞ ഓരോ വാക്കുകളും കൈയടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. 'ഓരോ സമയത്തും ഓരോ തരത്തില്‍ സംസാരിക്കാനുള്ള കഴിവ് ദൈവം എനിക്ക് തന്നിട്ടുണ്ട് എന്ന് ബിഗ് ബോസ് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും,' മാരാര്‍ പറഞ്ഞു. നിങ്ങള്‍ എല്ലാവരും സിനിമാ മേഖലയില്‍ എത്താനുള്ള ആഗ്രഹവുമായിട്ട് ഇവിടെ വന്നവരായിരിക്കും.
എത്ര പേര്‍ക്ക് സംവിധായകനാകാനുള്ള ആഗ്രഹമുണ്ട് എന്ന അഖില്‍ മാരാരുടെ ചോദ്യത്തിന് പലരും കൈപൊക്കി കാണിച്ചു. നല്ല കഥയായിട്ട് വന്നാല്‍ ഞാന്‍ ഡേറ്റ് തരാം എന്നായിരുന്നു ഇതിന് മാരാര്‍ പറഞ്ഞ മറുപടി. ബിഗ് ബോസിലേക്ക് അടുത്ത സീസണില്‍ പോകാന്‍ ആഗ്രഹമുള്ളവരുണ്ടോ എന്ന ചോദ്യത്തിനും ചിലര്‍ കൈപൊക്കി കാണിച്ചു.
താനിവിടെ നിന്ന് പ്രസംഗിക്കുന്നത് പ്രസംഗിക്കാന്‍ അറിയാത്തത് കൊണ്ടല്ല എന്നും അങ്ങനെ ചെയ്താല്‍ ഭയങ്കര ബോറായി പോകും എന്നുള്ളത് കൊണ്ടാണെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനേയും കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.












Click it and Unblock the Notifications