ബിഗ് ബോസിലേക്ക് ഇന്ന് വരുന്നത് ഈ രണ്ട് പേരുടെ കുടുംബങ്ങൾ; സർപ്രൈസ് പൊട്ടിച്ച് നാദിറ, 'ഇനി കളി വേറെ ലെവൽ'
കൊച്ചി: ബിഗ് ബോസിലെ ഏറ്റവും രസകരമായ ടാസ്കുകളിൽ ഒന്നാണ് 'ഫാമിലി ടാസ്ക്'. മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ നിർദ്ദേശത്തോടെയാണ് ഹൗസിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാറുള്ളതെങ്കിലും ചിലർ ചില സൂചനകൾ നൽകി മടങ്ങാറുണ്ട്. മുൻ സീസണിൽ ഇത് വലിയ പൊട്ടിത്തെറികൾക്കും കാരണമായിരുന്നു.
കഴിഞ്ഞ സീസണിൽ റെനീഷ-സെറീന സൗഹൃദത്തിനിടയിൽ വിള്ളൽ വന്നത് തന്നെ കുടുംബം വന്ന് ചില സൂചനകൾ നൽകിയതിന് പിന്നാലെയായിരുന്നു. അടുത്ത സൗഹൃദമായിരുന്നു ഇരുവരും സൂക്ഷിച്ചിരുന്നത്. എന്നാൽ റെനീഷയുടെ കുടുംബം എത്തി 'ദുബായ് ചോക്ലേറ്റ് അധികം കഴിക്കേണ്ട' എന്ന് പറഞ്ഞ് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ സെറീനയും റെനീഷയും തമ്മിൽ കൊമ്പുകോർക്കുന്നതായിരുന്നു പ്രേക്ഷകർ കണ്ടത്. അഖിൽ മാരാരിന് പുറത്ത് വലിയ പിന്തുണയുണ്ടെന്നുള്ള സൂചന താരത്തിന്റെ കുടുംബാംഗങ്ങൾ നൽകിയിരുന്നു. സെറീനയുടെ കുടുംബവും പുറത്തുയരുന്ന വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എന്തായാലും ഇത്തവണയും കുടുംബാംഗങ്ങൾ എത്തുമ്പോൾ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇത്രയും നേരത്തേ കുടുംബാംഗങ്ങളെ എത്തിക്കുമ്പോൾ. സാധാരണ നിലയിൽ ഷോയുടെ അവസാന നാളുകളിലാണ് കുടുംബാംഗങ്ങൾ എത്താറുള്ളത്. എന്നാൽ ഇത്തവണ വളരെ നേരത്തേയാണ് ഇവർ കയറുന്നത്. അതുകൊണ്ട് തന്നെ ചില പൊട്ടിത്തെറിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതിനിടയിൽ ഇപ്പോഴിതാ ഹൗസിലേക്ക് ആദ്യം എത്തുന്നത് ആരെന്ന സർപ്രൈസ് പൊട്ടിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിൻ.
ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്ന പ്രമോ ബിഗ് ബോസ് പുറത്തുവിട്ടിരുന്നു. നന്ദന അടക്കമുളളവർ ഓടിപ്പോയി കാറിനുള്ളിലേക്ക് നോക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ ആരൊക്കെയാണെന്ന സൂചനകൾ വീഡിയോയിൽ ഇല്ല. ഋഷിയുടേയും അൻസിബയുടേയും കുടുംബമാണ് ആദ്യം എത്തുന്നതെന്നാണ് നാദിറ വെളിപ്പെടുത്തുന്നത്.
അതേസമയം കുടുംബാംഗങ്ങൾ എത്തുമ്പോൾ പല ഗെയിം ചെയിഞ്ചുകളും പ്രതീക്ഷിക്കാം എന്നാണ് നാദിറ പറയുന്നത്. ഇത്തവണ എന്തായാലും എവിക്ഷൻ ഉണ്ടാകും. അത് മോഹൻലാലിന്റെ അസാന്നിധ്യത്തിലാകാൻ സാധ്യതയുണ്ട്. ഈ മാസം 21 ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്. അദ്ദേഹം അന്ന് ഹൗസിൽ കയറും. എന്തായാലും കാത്തിരുന്ന് കാണാമെന്നാണ് നാദിറ പറയുന്നത്.
അതേസമയം ബിഗ് ബോസ് ഹൗസിൽ വളരെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് അൻസിബയും ഋഷിയും. അൻസിബ താക്കോൽ കൊടുത്താൽ തുള്ളുന്ന പാവയാണ് ഋഷിയെന്നാണ് ഹൗസിനുള്ളവരും പുറത്ത് ഒരു വിഭാഗം പ്രേക്ഷകരും ഉയർത്തുന്ന വിമർശനം. ഇതിനെ കുറിച്ച് കുടുംബാംഗങ്ങൾ എന്തെങ്കിലും സൂചന നൽകിയാൽ വലിയ ട്വിസ്റ്റ് തന്നെ ഇത്തവണ സംഭവിച്ചേക്കാം.












Click it and Unblock the Notifications