'അതൊന്നും ആരും കണ്ടില്ല, അവിടെ സംഭവിച്ചത്..സിജോ ചതിക്കുന്നത് പോലെ തോന്നി'; വീഡിയോയുമായി റോക്കി
കൊച്ചി: സിജോയോട് ക്ഷമ ചോദിച്ച് റോക്കി. തന്റെ പേഴ്സണൽ സ്പേസും കടന്ന് സിജോ തന്നെ തൊട്ടതിനാലാണ് താൻ പ്രതികരിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ റോക്കി പറഞ്ഞു. ഹൗസിൽ അന്ന് നടന്ന സംഭവവും വീഡിയോയിൽ റോക്കി വിശദീകരിച്ചു. റോക്കിയുടെ വാക്കുകൾ ഇങ്ങനെ-
'സിജോയെ ഇന്നലത്തെ എപ്പിസോഡിലാണ് ഞാനും കാണുന്നത്. സിജോയോട് ഞാൻ സോറി പറഞ്ഞിട്ടുണ്ട്. ഈയൊരു സംഭവം കഴിഞ്ഞ ഉടൻ തന്നെ കൺഫെഷൻ റൂമിൽ എത്തിയപ്പോൾ സിജോയോട് സോറി പറയുകയാണ് ആദ്യം ചെയ്തത്. അവന്റെ മാതാപിതാക്കളോടും നാട്ടുകാരോടും സുഹൃത്തുക്കളോടുമെല്ലാം ഞാൻ ക്ഷമ ചോദിച്ചു. എന്റെ ഹൃദയത്തിൽ നിന്നാണ് അത് പറഞ്ഞത്. അതൊന്നും ആരും കണ്ടില്ല, എനിക്ക് സോറിയുടെ വാല്യു എന്താണെന്ന് അറിയാം.

അവിടെ നടന്നത് എന്താണെന്ന് ഷോ കണ്ടവർക്കും അതിനുള്ളിലുള്ളവർക്കും സിജോയ്ക്കും എനിക്കും എന്താണെന്ന് കൃത്യമായി അറിയാം. ഞാൻ മനപ്പൂർവ്വം ചെയ്ത കാര്യമല്ല അത്. എന്റെ പേരിൽ ഇന്നുവരെ ക്രിമിനൽ കേസില്ല. ഞാൻ ഇന്ന് വരെ ആരേയും തല്ലിയിട്ടില്ല. എനിക്ക് നല്ല കൺട്രോൾ ഉള്ളയാളാണ്.
പേഴ്സണൽ സ്പേസ് എന്നത് പ്രധാനമാണ്. ആശയപരമായി നമ്മുക്ക് ഒരാളോട് സംവദിക്കാൻ താത്പര്യമില്ലാതിരിക്കുമ്പോൾ തുടർന്ന് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറയാം. അങ്ങനെ പറയുമ്പോൾ ഒരാൾ നമ്മുടെ ശരീരത്തിൽ കൈവെയ്ക്കുകയാണെങ്കിൽ കൈവെയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറയാം. അതിൽ മീതെ അയാൾ കൈവെയ്ക്കുകയാണെങ്കിൽ അത് അയാളുടെ ആക്ഷനും ആ ആക്ഷന്റെ റിയാക്ഷനാണ് എന്നിൽ നിന്നും ഉണ്ടായത്. അത് ഞാൻ അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
തൊടരുത് എന്ന് പറഞ്ഞ് കഴിഞ്ഞാൽ തൊടരുത് എന്ന് തന്നെയാണ്. ജിന്റോയും സിജോയും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ജിന്റോ തൊടരുതെന്ന് പറഞ്ഞിട്ടും സിജോ തൊട്ടു. അന്ന് ഞാൻ പറഞ്ഞിരുന്നു സിജോ നമ്മൾ തമ്മിൽ പ്രശ്നം ഉണ്ടായാൽ പേഴ്സണൽ സ്പേസ് താണ്ടി എന്നെ തൊടരുതെന്ന്. ഞാൻ അവിടെ പലരുമായി പ്രശ്നം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ പോലും ഞാൻ പേഴ്സണൽ സ്പേസ് താണ്ടി തൊട്ടതായി നിങ്ങൾ കാണിച്ച് തന്നാൽ റോക്കി പകുതി താടിയും മീശയും വടിക്കാം. ഇത് വെറും വാക്കല്ല.
തർക്കിക്കുമ്പോൾ ഒരാളെ പോലും ഞാൻ തൊട്ടിട്ടില്ല. പക്ഷേ സിജോയാണ് പേഴ്സണൽ സ്പേസ് താണ്ടി എന്നെ തൊട്ടത്. അവൻ ആ സമയത്ത് വീടിന്റെ കാപ്റ്റൻ ആയിരുന്നു. ഒരു കാപ്റ്റൻ എന്ന് പറയുമ്പോഴേക്കും അത് സോൾവ് ചെയ്യേണ്ടയാളാണ് സിജോ. ആ പ്രശ്നം ഉണ്ടായപ്പോൾ ആരും പിടിച്ചുമാറ്റാൻ വന്നിരുന്നില്ല.
എന്നെ കിച്ചൻ ടീമിന്റെ കാപ്റ്റനാക്കിയതിന് പിന്നാലെയാണ് പ്രശ്നം തുടങ്ങുന്നത്. പഴയ കിച്ചൻ ടീമിന്റെ കാപ്റ്റനായിരുന്നു സിജോ. പുതിയ ടീമിന് ജോലി കൈമാറും മുൻപ് കിച്ചൻ ക്ലീൻ ചെയ്ത് തരാമോയെന്ന് ഞാൻ ചോദിച്ചു. അപ്പോഴത്തേക്കും സിജോ പ്രവോക്കായി പറഞ്ഞു എനിക്ക് പറ്റത്തില്ല. നിങ്ങൾ പുറത്തും ഇങ്ങനെയാണോ ചെയ്യുക എന്ന് ഞാൻ ചോദിച്ചപ്പോഴാണ് കുണുവാവേയെന്നും കുഞ്ഞുവാവേയെന്നുമൊക്കെ വിളിച്ച് പ്രവോക്ക് ചെയ്തത്. ഞാൻ സംസാരിക്കുമ്പോഴൊക്കെ ഞാൻ സിജോയുടെ പേഴ്സണൽ സ്പേസിൽ പോയിട്ടില്ല. ഞാൻ ബാക്ക് ഓഫ് ചെയ്യുന്നത് നിങ്ങൾക്ക് വ്യക്തമായി കാണാൻ പറ്റും. അവസാനത്തെ ആക്ടിന് മുൻപും ബാക്ക് ഓഫ് ചെയ്യുകയാണ്. സിജോയുടെ മൈന്റ് ഗെയിമായിരിക്കും ഒരാളെ പ്രവോക്ക് ചെയ്ത് പ്രതികരിപ്പിക്കുകയെന്നത്.
ഞാനടക്കം 19 പേർക്കും അവിടെ ഗെയിം കളിക്കാനാകില്ല. മനസിൽ ഉള്ളതേ പുറത്തുവരുള്ളൂ. ചതിയിലൂടെയും വഞ്ചനയിലൂടെയും ഒരാളെ കുഴിയിൽ വന്ന് കൊണ്ടിടാൻ നിങ്ങൾ ശ്രമിച്ചാൽ അത് മൈന്റ് ഗെയിം അല്ല മുഖം മൂടിയല്ല നിങ്ങളുടെ മുഖം തന്നെയാണ്. ഞാൻ എല്ലാവരുടേയും തനി മുഖം തന്നെയാണ് ഞാൻ അവിടെ കാണുന്നത്.
എന്റെ പ്രതികരണം ആർക്കും ഇഷ്ടപ്പെടാത്ത രീതിയിലായിരിക്കും. നമ്മളെ തൊടരുതെന്ന് പറഞ്ഞ് അതിന് മീതെ ഒരാൾ ചെയ്താൽ പുറത്താണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഞാനും ഒരു മനുഷ്യനാണ്. അതുപോലെയെ ഞാനും പ്രതികരിച്ചിട്ടുള്ളൂ. എന്റെ അഭിമാനത്തിലാണ് അവൻ തൊട്ടത്. ഞാൻ മുന്നറിയിപ്പ് കൊടുത്തിട്ടും അതിർത്തി അവഗണിച്ച് കൊണ്ടാണ് അവൻ തൊട്ടത്. അല്ലാതെ റോക്കി മാത്രം ചെയ്തതാണ് തെറ്റ് എന്ന് പറഞ്ഞ് എന്നെ മാത്രം കരിവാരിത്തേക്കുകയല്ല വേണ്ടത്.
ഞാനൊരു ക്രിമിനൽ അല്ല. 50 ലക്ഷത്തിന് വേണ്ടി എന്റെ വ്യക്തിത്വം കളഞ്ഞ് കൊണ്ട് നിക്കാൻ എനിക്ക് വയ്യ. എന്നെ തിരിച്ച് എടുക്കണമെന്ന് പറയുന്നത് ഒരുപാട് പേർ ആഗ്രഹിക്കുന്നത് കൊണ്ടാണ്.ഞാൻ എവിടെ നിന്നാലും ഒരു മനുഷ്യൻ എന്ന നിലയിൽ ഉള്ള നിലപാടാണ്. എന്നെ വ്യക്തിഹത്യ ചെയ്തത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. അല്ലാതെ മനപ്പൂർവ്വമല്ല. എന്റെ സ്വപ്നങ്ങളും തകർന്നടിഞ്ഞു. അവന് നാളെ വരാമായിരിക്കും. പക്ഷേ എനിക്ക് ഇനി വരാനാകില്ല. സിജോയോട് എനിക്ക് ദേഷ്യമൊന്നുമില്ല. പല കാര്യങ്ങളിലും സിജോ എന്നെ ചതിക്കുന്നത് പോലെ എനിക്ക് തോന്നി. അവൻ എന്നെ തൊട്ടപ്പോൾ എന്റെ നെഞ്ച് പൊട്ടിപ്പോയി, നീ എന്നെ തൊടരുതായിരുന്നു. ഞാൻ ചെയ്തത് തെറ്റാണെന്ന് സിജോയും ജനങ്ങളും കരുതുന്നെങ്കിൽ ക്ഷമ ചോദിക്കുന്നു'












Click it and Unblock the Notifications