പ്രേക്ഷക പ്രീതിയില്‍ ബിഗ് ബോസിന് വന്‍ കുതിപ്പ്: ടെലിവിഷന്‍ റേറ്റിങ്ങില്‍ ഞെട്ടിക്കുന്ന മുന്നേറ്റം
ചുരുങ്ങിയ സീസണുകള്‍ കൊണ്ട് തന്നെ മലയാളത്തിലേയും ജനപ്രിയ റിയിലാറ്റി ഷോ ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ്. കോവിഡ് കാരണം രണ്ടാം സീസണ്‍ പാതിവെച്ച് നിർത്തിവെക്കേണ്ടി വന്നിരുന്നെങ്കിലും ബാക്കിയുള്ള നാല് സീസണുകളും ഷോയ്ക്ക് വിജയകരമായി പൂർത്തീകരിക്കാന്‍ സാധിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയെ തുടർന്ന് മൂന്നാം സീസണ്‍ അവസാനം ദിവസങ്ങളില്‍ നിർത്തിവെച്ചതിന് ശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്തുകയായിരുന്നു.
നിലവില്‍ ആറാം സീസണും മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ വലിയ രീതിയില്‍ കൊണ്ടാടുന്ന ഒരു മത്സരാർത്ഥി ഇല്ലെങ്കിലും കണ്ടന്റിന് കുറവൊന്നുമില്ല. അസി റോക്കി സിജോയെ ഇടിച്ചത് അടക്കമുള്ള നാടകീയ മുഹുർത്തങ്ങള്‍ ഈ സീസണില്‍ മാത്രമാണ് കണ്ടത്. ജാസ്മിന്‍, ഗബ്രി വിഷയവും വീടിന് അകത്തും പുറത്തും സജീവ ചർച്ചാ വിഷയമാണ്.

ബിഗ് ബോസ് വീടിന് അകത്തേക്ക് വൈല്‍ഡ് കാർഡുകള്‍ എത്തുന്നത് പുതുമയുള്ള കാര്യം അല്ലെങ്കിലും ആറ് വൈല്‍ഡ് കാർഡുകള്‍ ഒരുമിച്ച് എത്തുന്ന അപൂർവ്വ നിമിഷത്തിനും ആറാം സീസണാണ് സാക്ഷ്യം വഹിച്ചത്. അതേസമയം തന്നെ മത്സരാർത്ഥികളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരും പുലർത്തുന്നില്ലെന്ന വിമർശനവും ഉണ്ട്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 6 ന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയന്റ്) വ്യക്തമാക്കുന്നത്.
247 ജിആര്‍പിയാണ് കഴിഞ്ഞ ആഴ്‍ചയില്‍ ബിഗ് ബോസിനെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിലെ ചാനലിന്റെ ആകെ ജി ആർ പിയേക്കാള്‍ ഉയർന്ന ജി ആർ പിയാണ് ബിഗ് ബോസിന് ലഭിച്ചതെന്നാണ് ശ്രദ്ധേയം. ഏഷ്യാനെറ്റിലാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്.
അതേസമയം ബാർക്ക് റേറ്റിങ്ങില്‍ പതിനഞ്ചാം ആഴ്ചയും ഏഷ്യാനെറ്റിന്റെ മേധാവിത്വം തുടരുകയാണ്. 839.8 പോയിറ്റുകളാണ് ഏഷ്യാനെറ്റിന് ഈ ആഴ്ചയില്‍ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള സീ കേരളത്തിന് 215.68 പോയിന്റ് മാത്രമാണുള്ളത്. 177 പോയിന്റുമായി സൂര്യ ടിവി മൂന്നാം സ്ഥാനത്തും 176.71 പോയിന്റുമായി മഴവില്‍ മനോരമ നാലാം സ്ഥാനത്തുമാണ്. 170.13 പോയിന്റി നേടിയ ഏഷ്യാനെറ്റ് മൂവീസാണ് അഞ്ചാമത്.
ന്യൂസ് ചാനലുകളുടെ കാര്യത്തില്‍ 85.12 പോയിന്റുമായി ഏഷ്യാനെറ്റ് ആണ് ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള ട്വന്റി ഫോറിന് 63.21, മൂന്നാമതുള്ള മനോരമയ്ക്ക് 50.03, അഞ്ചാമതുള്ള മതൃഭൂമി ന്യൂസിന് 40.58 എന്നിങ്ങനെയാണ് പോയിന്റുകള്‍. കൈരളി ന്യൂസ്, ജനം ടിവി, റിപ്പോർട്ടർ ടിവി, ന്യൂസ് 18 കേരളം, മീഡിയ വണ്‍ എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ ഒമ്പത് വരേയുള്ള സ്ഥാനങ്ങളിലുള്ളത്.












Click it and Unblock the Notifications