സിബിൻ ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്തോ? ഞെട്ടിച്ച് പുതിയ പ്രമോ;അന്തംവിട്ട് പ്രേക്ഷകർ, അപ്ഡേറ്റുമായി ആര്യ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് ഡിജെ സിബിൻ. ഒരു യഥാർത്ഥ ബിഗ് ബോസ് മെറ്റീരിയലാണ് സിബിൻ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കയറിയ രണ്ടാം ദിവസം മുതൽ ഹൗസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിബിന് സാധിച്ചിരുന്നു.
വാക് ചാതുര്യവും ഗെയിം മനസിലാക്കി ശത്രുപക്ഷത്തുള്ള മത്സരാർത്ഥികളെ കൃത്യമായി തളർത്താനുളള തന്ത്രവുമെല്ലാം സിബിനുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഈ സീസണിന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നുവരെ ആരാധകർ പ്രവചിക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരിച്ചടിയാണ് സിബിന് ഷോയിൽ ഉണ്ടായത്. ജയിൽ നോമിനേഷനിടെ ജാസ്മിന്റെ പ്രകോപനത്തിൽ വീണ സിബിൻ ജാസ്മിന് നേരെ മോശമായ ആംഗ്യം കാണിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ തന്നെ സിബിൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ നേരിട്ട് ഈ വിഷയത്തിൽ സിബിനിൽ നിന്നും വിശദീകരണം തേടി.

തെറ്റാണ് ചെയ്തതെന്നും അതിനാൽ ശിക്ഷയെന്ന നിലയിൽ പവർ റൂമിൽ നിന്നും പുറത്താക്കുകയാണെന്നും മോഹൻലാൽ അറിയിച്ചു. മാത്രമല്ല ഡയറക്ട് നോമിനേഷനിൽ ഇടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വലിയ നിരാശയിലായിരുന്നു സിബിൻ. ഇതോടെ സിബിൻ ഒതുങ്ങിപ്പോയെന്ന നിലയ്ക്കുള്ള ചർച്ചകളും ആരാധകർക്കുണ്ടായിരുന്നു.
അതിനിടയിൽ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടൊരു പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. പൊട്ടിക്കരയുന്ന സിബിനാണ് പ്രമോയിൽ കാണുന്നത്. എഴുന്നേൽക്കാൻ പോലും വയ്യാതെ കിടക്കുന്ന പൂജയും പ്രമോയിൽ ഉണ്ട്. പൂജയ്ക്ക് അനങ്ങാൻ പോലും പറ്റുന്നില്ല, പെട്ടെന്ന് എന്തെങ്കിലും ചെയ്യണം, ഭയങ്കര കരച്ചിലാണ് , ഭയങ്കര പെയിനാണ് എന്ന് ഋഷി കാമറ നോക്കി പറയുന്ന രംഗങ്ങളോടെയാണ് പ്രമോ തുടങ്ങുന്നത്. ഇതിൽ പൂജ കിടന്നിടത്ത് നിന്ന് കരയുന്നതും ശരണ്യ പൂജയെ ആശ്വസിപ്പിക്കുന്നതും കാണാം. പെട്ടെന്ന് ബിഗ് ബോസ് അണിയറപ്രവർത്തകർ വന്ന് പൂജയെ സ്ട്രച്ചറിൽ എടുത്ത് കൊണ്ടുപോകുകയാണ്.
ഇതിന് പിന്നാലെയാണ് സിബിൻ പ്രധാന വാതിലിന് അടുത്ത് ഇരുന്ന് പൊട്ടിക്കരയുന്നത് കാണുന്നത്. എന്ത് വേണമെങ്കിലും ഫേസ് ചെയ്യാൻ റെഡിയാണ് എന്നെ പുറത്തുകൊണ്ടുപോകൂ എന്ന് പറഞ്ഞ് കൊണ്ട് കൈകൂപ്പി പൊട്ടിക്കരയുകയാണ് സിബിൻ. ഇതിന് പിന്നാലെ കൺഫഷൻ റൂമിൽ വെച്ച് ഇതുവരെ അനുഭവിച്ച എല്ലാ വേദനകളും ബാഡ് ട്രോമാസും എനിക്ക് തിരിച്ചുവരികയാണെന്നും പ്ലീസ് എന്നും പറഞ്ഞ് കരയുന്നതും കാണാം.
അതേസമയം പുതിയ പ്രമോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. സിബിൻ ക്വിറ്റ് ചെയ്തോയെന്നാണ് പലർക്കും അറിയേണ്ടത്. അതിനിടയിൽ നടിയും സിബിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ആര്യ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും സിബിൻ ക്വിറ്റ് ചെയ്തോ എന്ന് ചോദിച്ച് മെസേജ് അയക്കുന്നുണ്ടെന്നും തങ്ങളും ആശങ്കയിലാണെന്നുമാണ് ആര്യ പറയുന്നത്. 'ഞങ്ങളും തകർന്നിരിക്കുകയാണ്. ഞങ്ങൾക്കും കൂടുതൽ വിവരങ്ങൾ അറിയില്ല. അവൻ ക്വിറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് മനസിലാക്കാൻ നാളത്തെ ലൈവിനായി കാത്തിരിക്കുകയാണ്. അവന് മാനസികാരോഗ്യം തിരിച്ചുകിട്ടാൻ പ്രതീക്ഷിക്കാം', എന്നാണ് ആര്യ കുറിച്ചത്.












Click it and Unblock the Notifications