ബിഗ് ബോസിൽ നിന്നും പ്രതിഫലമായി കിട്ടിയത് 11 വര്‍ഷം അഭിനയിച്ചിട്ടും കിട്ടാത്ത തുക'; തുറന്നുപറഞ്ഞ് അപ്സര
കൊച്ചി: മിനി സ്ക്രീനിൽ തിളങ്ങിയെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി അപ്സര പ്രേക്ഷക മനസിൽ ഇടം നേടിയത്. സീസൺ 6 ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. എന്നാൽ അപ്രതീക്ഷിതമായി ഫിനാലേയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ താരം പുറത്താക്കപ്പെടുകയായിരുന്നു. അതേസമയം നേരത്തേ പുറത്തായെങ്കിലും ഷോയ്ക്ക് ശേഷം തന്റെ ജീവിതം ആകെ മാറി മറിഞ്ഞെന്ന് പറയുകയാണ് ഇപ്പോൾ അപ്സര. പല നേട്ടങ്ങളും ജീവിതത്തിൽ ഉണ്ടായെന്ന് അവർ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അപ്സരയുടെ വാക്കുകളിലേക്ക്
'ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പേ ഞാന്‍ അഭിമുഖങ്ങളിലും ആൾക്കാരോടുമൊക്കെ പറയുമായിരുന്നു അവിടെ പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തടി കുറയ്ക്കുക എന്നതാണെന്ന്. തടിയുടെ പേരിൽ പലതരത്തിലുള്ള ബോഡി ഷെയിമിങ്ങിനും വിധേയമായ ആളാണ് ഞാൻ. കൂടുതൽ പ്രായം പറയും, തള്ള ലുക്കാണ് എന്നൊക്കെ.

പിന്നെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളും കുറച്ച് പക്വത ഉള്ളതായിരുന്നു. അമ്മയുടെ പ്രായമുള്ള ആന്റിമാരൊക്കെ വന്നിട്ട് ജയന്തിയേച്ചി എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ആ ക്യാരക്ടറിനോടുള്ള ഇഷ്ടം കൊണ്ടുമായിരിക്കാം.ആൾക്കാർ വിചാരിച്ചിരിക്കുന്നതും എനിക്ക് 40 വയസെങ്കിലും ഉണ്ടെന്നൊക്കെയാണ്. ബിഗ് ബോസില്‍ പോയിട്ട് കുറച്ച് കഷ്ടപ്പെട്ടാലും റിസള്‍ട്ട് കിട്ടും.
ബിഗ് ബോസില്‍ പോയത് കൊണ്ട് പല നല്ല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. എന്റെ പ്രൊഫഷനില്‍ ഒരു ബ്രേക്ക് കിട്ടി. ലുക്കിലായാലും ആളുകള്‍ക്കിടയിലെ ഇംപാക്ട് ആയാലുമൊക്കെ മാറ്റം വന്നു. ഞാന്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളാണ് മുൻപ് ചെയ്തത്. ആൾക്കാരുടെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ടായിരുന്നു. ബിഗ് ബോസിൽ പോയതോടെ ഞാൻ എന്താണെന്ന് ജനങ്ങളുടെ മുന്നിൽ തെളിയിക്കാൻ സാധിച്ചു.
പിന്നെ സാമ്പത്തികമായിട്ടും നേട്ടമാണുണ്ടായത്. പതിനൊന്ന് വര്‍ഷമായിട്ട് ഞാൻ ഈ മേഖലയില്‍ ജോലി ചെയ്യുന്നൊരാളാണ്. ഇത്രയും വര്‍ഷം കഷ്ടപ്പെട്ടാൽ കിട്ടുന്നതിനേക്കാൾ പ്രതിഫലം ബിഗ് ബോസിൽ നിന്നും 3 മാസം കൊണ്ട് കിട്ടി. പിന്നെ എന്നെ സംബന്ധിച്ച് ബിഗ് ബോസ് എന്നത് ഒരു സര്‍വൈവല്‍ ഷോ ആയിട്ടാണ് ഞാന്‍ കാണുന്നത്. ജീവിതത്തിൽ എന്ത് വന്നാലും നേരിടാൻ സാധിക്കുമെന്നൊരു ആത്മവിശ്വാസം വന്നു.
കൂടെ നിന്ന് പണി തന്നവർ ജീവിതത്തിൽ ഒരുപാട് ഉണ്ട്. ആളുകളുമായി പെട്ടെന്ന് അടുക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പലപ്പോഴും ഏറ്റവും അടുപ്പമുണ്ടെന്ന് തോന്നുന്നവരുമായി വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കാറുണ്ട് ഞാൻ. എന്നാൽ അവർ അത് മറ്റുള്ളവരോട് പോയി പറഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ ആവശ്യം കഴിഞ്ഞാൽ ജീവിത്തിൽ നിന്നും ഇറങ്ങി പോയവരും ഉണ്ടായിട്ടുണ്ട്', അപ്സര പറഞ്ഞു.
പോലീസിൽ ജോലി കിട്ടിയെന്ന വാർത്തകളോടും താരം പ്രതികരിച്ചു. 'എനിക്ക് പോലീസിൽ ജോലി കിട്ടി എന്നൊക്കെ വാർത്ത വന്നിരുന്നു. അച്ഛൻ പോലീസിലായിരുന്നു. അദ്ദേഹം സർവ്വീസിലിരിക്കെയാണ് മരിച്ചത്. അതുകൊണ്ട് ജോലിക്കായി ഞാനാണ് അപേക്ഷിച്ചത്. സർക്കാർ ഉത്തരവ് വന്നു. അടുത്തിടെ ഞാൻ ഒരു സ്കൂളിൽ പരിപാടിക്ക് പോയിരുന്നു. അവിടെ വെച്ച് കുട്ടികൾക്ക് ഒരു പ്രജോദനമാകാൻ ഞാൻ പറഞ്ഞു, നിങ്ങൾ ചെയ്യുന്ന ജോലി വളരെ അധികം ഇഷ്ടപ്പെട്ട് ചെയ്യാൻ ശ്രമിക്കണമെന്ന്. വൈകാതെ തന്നെ ഞാൻ സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്നും പറഞ്ഞു.
ഇതെടുത്ത് ഓൺലൈൻ മാധ്യമങ്ങൾ ഞാൻ അഭിനയം നിർത്തുകയാണെന്നും പോലീസിൽ ചേരുമെന്നുമൊക്കെ വാർത്ത നൽകുകയായിരുന്നു. ഇത് വന്നതോടെ നിരവധി പേർ എന്നെ വിളിച്ച് ആശംസ അറിയിച്ചു. ഞാൻ ഇതുവരേയും ജോലിക്ക് കയറിയിട്ടില്ല, സർക്കാർ ഉത്തരവ് വന്നിട്ടുണ്ട്. എന്നെങ്കിലും ഞാൻ ജോലിയിൽ കയറും, അതുപക്ഷെ പോലീസ് ആയിട്ടായിരിക്കില്ല. ക്ലറിക്കൽ പോസ്റ്റിലായിരിക്കും', അപ്സര പറഞ്ഞു.












Click it and Unblock the Notifications