ജാസ്മിനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണോ? മറുപടിയുമായി റെസ്മിൻ; 'സർപ്രൈസ് വരാനുണ്ട്'
ബിഗ് ബോസിൽ കോമണർ മത്സരാർത്ഥിയായി എത്തി പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് റെസ്മിൻ ഭായ്. ഷോ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ റെസ്മിന് സാധിച്ചിരുന്നു. ഹൗസിലെ പ്രധാന വിഷയങ്ങളിലെല്ലാം ഇടപെട്ട് തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറക്കെ സംസാരിച്ച് റെസ്മിൻ പ്രേക്ഷകരുടെ കൈയ്യടി നേടി. ഷോയിൽ 73 ദിവസത്തോളം തുടർന്നതിന് ശേഷമായിരുന്നു റെസ്മിന്റെ പുറത്താകൽ.
റെസ്മിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടത് റെസ്മമിന്റെ സൗഹൃദങ്ങളായിരുന്നു. എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ച റെസ്മിൻ സൗഹൃദങ്ങൾക്ക് വേണ്ടി ഗെയിം മറന്നുവെന്ന വിമർശനം കേട്ടിരുന്നു. ജാസ്മിനും ഗബ്രിയുമായിരുന്നു ഹൗസിലെ റെസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ജാസ്മിന്‍- ഗബ്രി കോമ്പോയ്ക്ക് ഹൗസിനകത്തും പുറത്തും ഉണ്ടായിരുന്ന പ്രീതിക്കുറവ് റെസ്മിനേയും ബാധിച്ചിരുന്നു. ഇരുവർക്കുമിടയിലെ പ്രശ്നം പരിഹരിച്ച് ഇവർക്കൊപ്പം നിന്ന റെസ്മിനെ പ്രേക്ഷകർക്കും താത്പര്യമില്ലാതായി.

എന്തായാലും ഷോ കഴിഞ്ഞും ഇരുവരുമായി അടുത്ത ബന്ധമാണ് റെസ്മിൻ കാത്ത് സൂക്ഷിക്കുന്നത്. ബിഗ് ബോസിന് ശേഷം ജാസ്മിനൊപ്പം പല വേദികളിലും റെസ്മിൻ പ്രത്യേക്ഷപ്പെട്ടിരുന്നു. ഫിനാലെ കഴിഞ്ഞതിന് ശേഷം ദിവസങ്ങളോളം താൻ ജാസ്മിന്റെ വീട്ടിലായിരുന്നുവെന്ന് റെസ്മിൻ പറഞ്ഞിട്ടുണ്ട്. ഷോ കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും റെസ്മിൻ പങ്കിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒന്നിച്ചുള്ള വീഡിയോകൾ ഇരുവരും പങ്കുവെയ്ക്കാറില്ല. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണോയെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് റെസ്മിൻ. ബിഗ് ബോസിന് ശേഷം ആരുമായും ദേഷ്യമില്ലെന്നും തങ്ങളെല്ലാവരും ഹൗസിനുള്ളിൽ ഗെയിം ഉപേക്ഷിച്ചാണ് പുറത്തേക്ക് വന്നതെന്നും റെസ്മിൻ പറയുന്നു. ജാസ്മിനൊപ്പം എന്തുകൊണ്ട് കാണുന്നില്ലെന്നും റെസ്മിൻ വ്യക്തമാക്കി.
'ബിഗ് ബോസ് കഴിഞ്ഞു. അത് മറ്റൊരു ലോകമാണ്. ഇതൊരു ഗെയിം റിയാലിറ്റി ഷോയാണ്. ഷോ കഴിഞ്ഞതോടെ ഞങ്ങളുടെ ഗെയിമും അവിടെ കഴിഞ്ഞു. പുറത്ത് എല്ലാവരും നല്ല സൗഹൃദത്തിലാണ് പോകുന്നത്. ജാസ്മിനുമായും ഗബ്രിയുമായെല്ലാം നല്ല സൗഹൃദത്തിൽ തന്നെയാണ് പോകുന്നത്. ശ്രീതുവും അർജുനുവുമായിട്ടുള്ള ട്രിപ്പ് എല്ലാവരും കാത്ത് നിൽക്കുകയാണ്. പക്ഷെ അവർ രണ്ട് പേരും നല്ല തിരക്കിലാണ്.
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം പല പല പരിപാടികളുമായി എല്ലാവരും മുന്നോട്ട് പോകുന്നു. ഞാൻ ഇപ്പോൾ ടീച്ചിങ് തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. കരിയർ ഒന്ന് കെട്ടിപടുക്കണമെന്നാണ് കരുതുന്നത്. പിഎച്ച്ഡിക്ക് അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടി കഴിഞ്ഞാൽ പിഎച്ച്ഡിക്ക് പോകും.
ജാസ്മിനുമായി അടുപ്പം കുറഞ്ഞോയെന്ന ചോദ്യത്തിന് ഞങ്ങൾ ഒരുമിച്ചുള്ള വീഡിയോകൾ പങ്കിടാത്തതിനാലാവണം അത്തരം ചർച്ച എന്ന് റെസ്മിൻ പറഞ്ഞു. ജാസ്മിൻ കൊച്ചിയിൽ എത്തും. അവൾക്ക് ഇനി കൊച്ചിയിൽ കുറച്ച് പരിപാടികൾ ഉണ്ട്. ഞങ്ങൾ ഒരുമിച്ച് തന്നെയാണ്. അവൾക്ക് കൊച്ചിയിൽ മറ്റ് ബന്ധങ്ങളൊന്നുമില്ല. ഞാൻ മാത്രമേയുള്ളൂ. അതുകൊണ്ട് അവൾ എന്റെ കൂടെ കാണും. 14 ന് ജാസ്മിന്റെ ഫാൻസ് മീറ്റപ്പാണ്. അതിന് ഞങ്ങൾ എല്ലാവരും കൂടും. ഇനിയും മീറ്റപ്പുകൾ ഉണ്ടാകും. അത് സർപ്രൈസ് ആണ്. പല കാര്യങ്ങളും വരാൻ ഉണ്ട്', റെസ്മിൻ വ്യക്തമാക്കി.












Click it and Unblock the Notifications