അർജുനെക്കുറിച്ച് മാത്രം ചോദ്യം എന്തുകൊണ്ട്? എനിക്ക് അവനോട് പ്രണയമില്ല, തുറന്ന് പറഞ്ഞ് ശ്രീതു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വിജയകരമായ ഏക കോമ്പോയായിരുന്നു അർജുന്‍-ശ്രീതു കോമ്പോ. മറുവശത്ത് ജാസ്മിന്‍-ഗബ്രി കോമ്പോ വലിയ വിമർശനങ്ങള്‍ നേരിട്ടപ്പോഴായിരുന്നു അർജുന്‍, ശ്രീതു കൂട്ടുകെട്ട് പ്രശംസിക്കപ്പെട്ടത്. കോംമ്പോ സീസണില്‍ ഇരുവർക്കും ഗുണകരമായി മാറുകയും ചെയ്തു. ഇപ്പോഴിതാ അർജുനുമായുള്ള കോമ്പോയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ശ്രീതു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അർജുനുമായുള്ള കോമ്പോയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് അർജുനെക്കുറിച്ച് മാത്രം ചോദിക്കുന്നുവെന്നായിരുന്നു ചിരിച്ചു കൊണ്ട് ശ്രീതു ചോദിച്ചത്. അർജുനുമായി മാത്രല്ല, അവിടെ നിരവധി ആളുകളുമായി നല്ല ബോണ്ട് ഉണ്ടായിരുന്നു. ശരണ്യ, റസ്മിന്‍ അതുപോലെ അർജുനും.

ഞങ്ങളുടെ കോംമ്പോ പുറത്തുള്ളവർ വലിയ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അത്തരമൊരു ബോണ്ട് ഇരുവർക്കും ഇടയിലുണ്ട്. പുറത്ത് അത് എങ്ങനെ പോകുന്നുവെന്ന് അറിയില്ലായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുകയും ചെയ്യും.
ഞാനും അർജുനും നല്ല കൂട്ടുകെട്ടുണ്ട്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അവിടെ ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ല. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതികരിക്കാറുള്ളതെന്നും ശ്രീതു വ്യക്തമാക്കുന്നത്.
ഞാനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ദേഷ്യപ്പെട്ടും അല്ലാതെയും പ്രതികരിച്ചിട്ടുണ്ട്. ഒരു പക്ഷെ ക്യാപ്റ്റന്‍സി സമയത്ത് പ്രതികരിച്ചത് മാത്രമായിരിക്കും ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ടാകുക. അല്ലാതെ തന്നെ ഞാനുമായി ബന്ധപ്പെട്ട മറ്റ് ചെറിയ വിഷയങ്ങളും അവിടെ നടന്നിട്ടുണ്ട്.
എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അമ്മയാണ് മാനസിക പിന്തുണ നല്‍കുന്ന വ്യക്തി. എന്തെങ്കിലും ഒരു നെഗറ്റീവ് വന്നാല്‍ അമ്മ വലിയ പിന്തുണ തന്നെ കൂടെ നില്‍ക്കും. അത് ഇപ്പോഴും തുടരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്ര ശക്തമായി നിലനില്‍ക്കാനും ഒരോ പടികള്‍ മുന്നോട്ട് കയറാനും സാധിക്കുന്നതെന്നും ശ്രീതു പറയുന്നു.
താരതമ്യേനെ മറ്റുള്ളവരെ ആശ്രയിച്ച് നില്‍ക്കുന്ന ഒരു പ്രകൃതം ആയിരുന്നു എന്റേത്. അതായത് ചെറിയ വിഷയങ്ങളിലൊക്കെ അമ്മയേയും മറ്റും ആശ്രയിക്കല്‍. എന്നാല്‍ ബിഗ് ബോസില്‍ പോയപ്പോള്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമായിരുന്നു. അതാണ് ബിഗ് ബോസില്‍ എനിക്കുണ്ടായ ഏറ്റവും വലിയ മാറ്റം. അമ്മക്കും അതില്‍ അഭിമാനമുണ്ട്.
97 ദിവസമാണ് ഞാന്‍ അവിടെ നിന്നത്. എന്തുകൊണ്ട് ടൈറ്റില്‍ വിന്നറായില്ലെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം എനിക്കില്ല. ഇങ്ങനെ ചെയ്താല്‍ ആളുകള്‍ക്ക് പിടിക്കും എന്നൊക്കെ അകത്തിരുന്നുകൊണ്ട് നമ്മള്‍ വിചാരിക്കും. എന്നാല്‍ ആളുകള്‍ക്ക് എന്താണ് പിടിക്കുന്നതെന്ന് പുറത്ത് വന്നാല്‍ മാത്രമേ നമുക്ക് മനസ്സിലാകുകയുള്ളു. ഇത്ര നാള്‍ അവിടെ നിന്നത് ആളുകളുടെ പിന്തുണകൊണ്ട് മാത്രമാണ്. ഞാന്‍ ചെയ്ത കാര്യങ്ങള്‍ അവർക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ അത്രയും നാള്‍ അവിടെ നിർത്തിയതെന്നും ശ്രീതു പറയുന്നു.












Click it and Unblock the Notifications