ജാസ്മിന്റേയും ഗബ്രിയുടേയും പ്രതികാരമോ? മറുപടി ഇങ്ങനെ..'ജീവിതത്തിലെ ആദ്യ അനുഭവം'
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോ ആണാ ജാസ്മിനും ഗബ്രിയും. ഈ സൗഹൃദത്തിനെതിരെ വലിയ വിമർശനമാണ് ഹൗസിനകത്തും പുറത്തും ഉയർന്നത്. ബിഗ് ബോസിൽ പിടിച്ച് നിൽക്കാനുള്ള ഗെയിം മാത്രമായിരുന്നു ഇരുവരുടേയും കൂട്ടുകെട്ട് എന്നായിരുന്നു പലരും കുറ്റപ്പെടുത്തിയത്. ഷോ കഴിഞ്ഞാൽ രണ്ട് പേരും രണ്ട് വഴിക്ക് പോകുമെന്നും ചിലർ വിമർശിച്ചിരുന്നു.
എന്നാൽ ഇത്തരം വിമർശനങ്ങളെല്ലാം തള്ളി ഹൗസിന് പുറത്തും വളരെ നല്ല സൗഹൃദം പുലർത്തുകയാണ് ജാസ്മിനും ഗബ്രിയും. തങ്ങൾ പരസ്പരം വിളിക്കാറുണ്ടെന്നും സൗഹൃദം പങ്കിടാറുണ്ടെന്നും ജാസ്മിനും ഗബ്രിയും വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമായി തന്നെ ഇടപെടാറുണ്ട്.

പരസ്പരം വിളിക്കാറുണ്ടെന്ന് പറഞ്ഞപ്പോഴും എല്ലാവരും ചോദിച്ചിരുന്ന ചോദ്യം എന്തുകൊണ്ടാണ് ഷോയ്ക്ക് ശേഷം ഇരുവരും ആരാധകർക്ക് മുൻപിൽ ഒരുമിച്ച് എത്താത്തത് എന്നായിരുന്നു. ഷോ കഴിഞ്ഞ് ജാസ്മിനെ റെസ്മിനൊപ്പം മാത്രമാണ് പ്രേക്ഷകർ കണ്ടത്. ഗബ്രിയാകട്ടെ തന്റെ സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ അടിച്ചുപൊളിക്കുകയാണ്.
എന്തായാലും കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ പരിഭവം മാറ്റിയിരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന് മാത്രമല്ല പ്രേക്ഷകരോടായി മറ്റൊരു സന്തോഷ വാർത്ത പങ്കിടുകയും ചെയ്തു. തങ്ങൾ ഇരുവരും ഒരുമിച്ച് പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തുന്നുവെന്നായിരുന്നു അത്. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും താരങ്ങൾ പങ്കിട്ടു. ഇത് ആഘോഷമാക്കിയിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
ഇത്രയും നാൾ കാത്തിരുന്നത് ഈ നിമിഷത്തിനാണെന്നും രണ്ട് പേരും ഇനിയും ഒന്നിച്ച് തന്നെ മുന്നോട്ട് പോകൂവെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വിമർശകർ ഈ കൂടുച്ചേരൽ എങ്ങനെ സഹിക്കുമെന്നുള്ള കമന്റുകളും ചിലർ കുറിച്ചിരുന്നു. ചിലരുടെ ചോദ്യം ഇത് നിങ്ങളെ കുറ്റപ്പെടുത്തിയവരോടുള്ള പ്രതികാരമാണോ അതോ മറുപടിയോ എന്നായിരുന്നു. ഇതാ ഈ ചോദ്യത്തിന് ഗബ്രി തന്നെ മറുപടി നൽകുകയാണ് ഇപ്പോൾ. യുട്യൂബ് ചാനലുകളോടാണ് ഗബ്രിയുടെ പ്രതികരണം.
'ഇത് ആർക്കുമുള്ള മറുപടി അല്ല.നമ്മുക്ക് ജീവിച്ച് പോകാനുള്ള അവസരങ്ങൾ ദൈവമായിട്ട് തരുമ്പോൾ നമ്മൾ അത് വിട്ടുകളയില്ല അത്രയേ ഉള്ളൂ. നെഗറ്റീവ് പരിപാടികൾ അധികം എടുക്കാതിരിക്കുകയെന്നേ ഉള്ളൂ. എന്നെ സംബന്ധിച്ച് ഉദ്ഘാടനം എനിക്ക് പേടിയുള്ള പരിപാടിയാണ്. ജീവിതത്തിലെ ആദ്യ അനുഭവമാണ്. നോക്കാം, എങ്ങനെ പോകുന്നുവെന്ന്. നല്ല പ്രൊജക്ടുകളും അവസരങ്ങളും രണ്ട് പേർക്കും കിട്ടട്ടെ എന്നാണ് എന്റെ പ്രാർത്ഥന', താരം വ്യക്തമാക്കി. ജാസ്മിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന ചോദ്യത്തിന് ജാസ്മിൻ എന്നും എന്റെ നല്ല സുഹൃത്ത് തന്നെയായിരിക്കുമെന്ന് ഗബ്രി ആവർത്തിച്ചു.
തങ്ങളുടെ റിലേഷനിൽ ക്ലാരിറ്റി ഇല്ലെന്നായിരുന്നു ഹൗസിൽ വെച്ച് ഇരുവരും പറഞ്ഞത്. പുറത്തിറങ്ങിയാൽ ജാസ്മിനും താനും ഇക്കാര്യത്തിൽ സംസാരിക്കുമെന്നും ഒരു വ്യക്തത വരുത്തുമെന്നും ഗബ്രി മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്നു. 'ജാസ്മിനോട് ഫീലിങ്സ് ഉണ്ടായിരുന്നു. എന്നാൽ അത് പ്രണയത്തിലേക്ക് എത്താൻ ഞങ്ങൾ അനുവദിച്ചിട്ടില്ല. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ഒന്ന് അടങ്ങിയാൽ ഞങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ ഒരുമിച്ചെത്തി സംസാരിക്കും', എന്നായിരുന്നു ഗബ്രി വിശദമാക്കിയത്.












Click it and Unblock the Notifications