ജാസ്മിൻ എന്നെ ശല്യം ചെയ്യല്ലേ.. അമ്മേ.. 'തലകറങ്ങി' വീണ് നമ്പറിറക്കി സിബിൻ, ദൈവം തരുമെന്ന് ജാസ്മിൻ
കൊച്ചി: പവർ റൂം അംഗങ്ങൾ തങ്ങളുടെ അധികാരം ഉപയോഗിച്ച് ഡെൻ റൂമിനെ പൂട്ടിയ നടപടി ബിഗ് ബോസ് ഹൗസിൽ വലിയ തർക്കത്തിനാണ് വഴിവെച്ചത്. ജാസ്മിനേയും ഗബ്രിയേയും ലക്ഷ്യം വെച്ചായിരുന്നു പവർ ടീമിന്റെ നീക്കങ്ങൾ. ഗ്രൂപ്പ് ടാസ്ക് തുടങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം.
ടാസ്കിനായി ഓരോ ടീമും തയ്യാറെടുക്കുന്നതിനിടെ തന്റെ റൂമിൽ നിൽക്കാതെ ജാസ്മിൻ ഗബ്രിയുടെ ഡെൻ ടീമിലേക്ക് പോകുകയായിരുന്നു. അവിടെയുള്ള അംഗങ്ങൾക്കൊപ്പം ജാസ്മിൻ സമയം ചെലവഴിച്ചതിന് പിന്നാലെയാണ് ബിഗ് ബോസിനോട് ആവശ്യപ്പെട്ട് പവർ ടീം ഡെൻ റൂം പൂട്ടിയത്. ഇരുവർക്കും തനിച്ച് നിന്ന് മത്സരിക്കാൻ അവസരം ഉണ്ടായിട്ടും അതിന് തയ്യാറാകാതെ വീണ്ടും ഒരുമിച്ച് നിൽക്കുകയാണ് എന്നാണ് റൂം പൂട്ടിയതിന് പിന്നാലെ പവർ റൂം അംഗങ്ങൾ പ്രേക്ഷകരോടായി വ്യക്തമാക്കിയത്.

അതേസമയം റൂം പൂട്ടിയെന്ന് മനസിലാക്കിയതോടെ ഗബ്രിയും ജാസ്മിനും പവർ റൂം അംഗങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. തനിക്ക് വാഷ് റൂമിൽ പോകണമെന്നും ഡോർ തുറക്കണമെന്നുമായിരുന്നു ഗബ്രിയുടെ ആവശ്യം. സാധിക്കില്ലെന്ന് പവർ ടീമും ക്യാപ്റ്റനും വ്യക്തമാക്കിയതോടെ ഗബ്രി ഇരുകൂട്ടരോടും മോശമായ ഭാഷയിൽ പ്രതികരിച്ചു. ഒടുവിൽ ഗബ്രി മാപ്പ് പറഞ്ഞാൽ മുറി തുറക്കാമെന്ന് പവർ റൂം അംഗങ്ങൾ വ്യക്തമാക്കിയെങ്കിലും ഗബ്രി അതിന് തയ്യാറായില്ല.
ഇതിനിടയിൽ തനിക്ക് പിരിയഡ്സ് ആണെന്നും വാതിൽ തുറക്കണമെന്നും ജാസ്മിനും ആവശ്യപ്പെട്ടു. മാനുഷിക പരിഗണനയില്ലാതെ പവർ ടീം പെരുമാറരുതെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗബ്രി എന്തുകൊണ്ട് ഈഗോ മാറ്റി വെച്ച് ജാസ്മിന് വേണ്ടിയെങ്കിലും മാപ്പ് പറയാൻ തയ്യാറാകാത്തത് എന്നായിരുന്നു പവർ ടീമിന്റെ മറു ചോദ്യം. ഗബ്രിയെ പോലെയല്ല തങ്ങളെന്നും ജാസ്മിന്റെ ആവശ്യമടക്കം പരിഗണിച്ച് റൂം തുറക്കുമെന്നും വ്യക്തമാക്കി ഒടുവിൽ പവർ ടീം റൂം തുറന്ന് നൽകി. ഇതിന് ശേഷം എല്ലാ ടീമും ടാസ്കുകൾ പെർഫോം ചെയ്യുകയും ചെയ്തു.
എന്നാൽ ടാസ്കിന് ശേഷം രാത്രിയോടെ ജാസ്മിൻ പവർ ടീമിന് അടുത്തെത്തി തന്റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ പവർ ടീം മീറ്റിങ്ങിനിടെ തന്നോട് ജിന്റോ മോശമായി പെരുമാറിയെന്നും അതിൽ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് പവർ ടീം വൈകുന്നതെന്നുമായിരുന്നു ജാസ്മിൻ ചോദിച്ചത്. ഇതിന് നാളെ നടപടി സ്വീകരിക്കാമെന്നും ടാസ്ക് കഴിഞ്ഞ ക്ഷീണത്തിലാണ് തങ്ങളെന്നും സിബിൻ മറുപടി നൽകി.
ഇന്നാണ് തീരുമാനം വേണ്ടതെന്ന് ജാസ്മിൻ ഉറച്ച് നിന്നു. എന്നാൽ അതിന് സാധിക്കില്ലെന്ന നിലപാട് സിബിൻ ആവർത്തിച്ചു. നിങ്ങൾ കാണിച്ച മെലോ ഡ്രാമ കാരണം ടാസ്ക് വൈകിപ്പോയെന്നും ഇപ്പോൾ എന്തായാലും നടപടിയെടുക്കില്ലെന്നും സിബിൻ പറഞ്ഞു. ഇത്രയും കാണിക്കരുതെന്നും ഒരൽപ്പം മനുഷ്യത്വം കാണിക്കാമെന്നുമായി ഇതോടെ ജാസ്മിൻ. എന്നാൽ നിന്നോടൊന്നും മനുഷ്യത്വം കാണിക്കേണ്ട ആവശ്യമില്ലെന്നും അതൊന്നും നീ അർഹിക്കുന്നില്ലെന്നും സിബിൻ പറഞ്ഞു.
ശല്യം ചെയ്യല്ലേ ജാസ്മിൻ പോകൂവെന്ന് സിബിൻ പറഞ്ഞെങ്കിലും ജാസ്മിൻ തന്റെ വാദങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇതോടെ ജാസ്മിനെ പരിഹസിച്ച് തമാശരൂപേണ സിബിൻ ഫ്ലോറിൽ തലകറങ്ങി വീണതായി കിടന്നു. ഇതോടെ കൂടെയുള്ളവരും ആ സംഭവത്തെ രസകരമായി കൈകാര്യം ചെയ്യുകയായിരുന്നു. എന്നെ തോളിലെടുക്കൂ പവർ റൂമിൽ കൊണ്ടുപോകൂ എന്നൊക്കെ സിബിൻ വിളിച്ച് പറയുന്നുണ്ട്. അതേസമയം ബിഗ് ബോസും ജനങ്ങളും മത്സരാർത്ഥികൾക്കും മുകളിൽ ദൈവം ഉണ്ടെന്നും മറക്കരുതെന്നും ജാസ്മിൻ സിബിനോടും മറ്റംഗങ്ങളോടുമായി മറുപടി പറയുന്നുണ്ട്.












Click it and Unblock the Notifications