ജാസ്മിൻ പോലീസ് സ്റ്റേഷന് മുന്നിൽ; 'എല്ലാം തിരിച്ചുപിടിക്കുന്നു'; സംഭവിച്ചത് പറഞ്ഞ് താരം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് ജാസ്മിൻ ജാഫറിന്റേത്. ജിന്റോയാണ് കപ്പുയർത്തിയതെങ്കിലും സീസൺ 6 ജാസ്മിന്റെ പേരിലാണ് അറിയപ്പെടുകയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ഷോയിൽ മൂന്നാം സ്ഥാനമാണ് ജാസ്മിന് നേടാനായത്.
സീസൺ 6 ൽ പുറത്ത് പിആർ ഉണ്ടെന്ന ആരോപണം ഉയർന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ജാസ്മിൻ. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ റെസ്മിനടക്കം ഇത്തരത്തിലൊരു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ പിആർ ഉണ്ടായിരുന്നെങ്കിൽ മറ്റ് മത്സരാർത്ഥികളുടേത് പോലെ ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താരത്തെ പിന്തുണയ്ക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം ഉണ്ടാകില്ലേയെന്നായിരുന്നു ജാസ്മിനെ പിന്തുണയ്ക്കുന്നവർ ചോദിച്ചത്. ബിഗ് ബോസ് ഹൗസിലേക്ക് കയറുമ്പോൾ ഉള്ള ഇൻട്രോ വീഡിയോയും മറ്റ് രണ്ട് പോസ്റ്റും മാത്രമായിരുന്നു ജാസ്മിന്റെ അക്കൗണ്ടിൽ ഇതുവരെ ഉണ്ടായിരുന്നത്.

ഫിനാലേയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴും ഒരു സ്റ്റോറിയോ വീഡിയോയോ ഒന്നും തന്നെ ജാസ്മിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അക്കൗണ്ട് തന്റെ കൈയ്യിൽ ഇല്ലായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കൊണ്ട് പങ്കിട്ട വീഡിയോയിലാണ് ജാസ്മിൻ ഇക്കാര്യം പറയുന്നത്. അക്കൗണ്ട് താൻ തിരിച്ചുപിടിച്ചെന്നും ഇതുപോലെ പലതും തിരിച്ചുപിടിക്കുമെന്നും ജാസ്മിൻ വീഡിയോയിൽ പറഞ്ഞു. ജാസ്മിന്റെ വാക്കുകളിലേക്ക്
'ഇന്നലെ ഫിനാലെ കഴിഞ്ഞു, എനിക്കൊരു സ്റ്റോറി പോലും ഇടാൻ പറ്റിയിരുന്നില്ല. കാരണം എന്റെ അക്കൗണ്ട് എന്റെ കൈയ്യിൽ ഇല്ലായിരുന്നു. ഓരോന്നും ഞാൻ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ. എല്ലാം തിരിച്ചുപിടിക്കും. ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അത് പറയാൻ പറ്റാത്തതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു. എല്ലാ അപ്ഡേറ്റുകളുമായി ഞാൻ വരാം. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഞാൻ വരുന്നതായിരിക്കും. ബാക്കി നമ്മുക്ക് കണ്ടറിയാം', ജാസ്മിൻ വീഡിയോയിൽ പറഞ്ഞു.
അതേസമയം പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് കൊണ്ടുള്ള വീഡിയോ ആയതിനാൽ തന്നെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയർത്തുകയാണ് ആരാധകർ. അക്കൗണ്ട് കൈയ്യിൽ ഇല്ലായിരുന്നുവെന്നാണ് താരം പറഞ്ഞത്. അപ്പോൾ അത് ഹാക്ക് ചെയ്യപ്പെട്ടോ , മറ്റൊരാൾ കൺട്രോൾ ചെയ്യുകയായിരുന്നുവോ എന്ന ചോദ്യങ്ങളെല്ലാം ആരാധകർക്കുണ്ട്. ഇക്കാര്യത്തിലൊന്നും ജാസ്മിൻ മറുപടി നൽകിയിട്ടില്ല.
അതിനിടെ ജാസ്മിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. നേരെ വീട്ടിലേക്ക് പോകാൻ പറ്റാത്ത പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നത് ബിഗ് ബോസിൽ നീ കാണിച്ച് കൂട്ടിയത് കൊണ്ടാണ് എന്നാണ് ഒരാൾ വിമർശിച്ചത്. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലിനെ പരാമർശിച്ചുള്ള കമന്റുകളെല്ലാം വീഡിയോയ്ക്ക് താഴെയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നെഗറ്റീവ് കമന്റുകളൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ശക്തയായിത്തന്നെ തിരിച്ചുവരാൻ സാധിക്കട്ടെയെന്നുമാണ് താരത്തെ അനുകൂലിച്ചുകൊണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരുടെ കമന്റുകൾ ഉങ്ങനെ-
'നീ ആണ് ജാസ്മിൻ റിയൽ വിന്നർ . നീ നീയായി തന്നെ നിൽക്കുക. എല്ലാരേയും കണ്ണ് അടച്ചു വിശ്വസിക്കാൻ നിക്കരുത് .നിന്റെ ഉപ്പയും ഉമ്മയും നിന്നെ സപ്പോർട്ട് ചെയ്യുന്ന പോലെ ഒരാളും ഈ ലോകത് നിനക്ക് വേണ്ട മോളെ. വെറുപ്പിച്ചവരെ കൊണ്ട് ഇഷ്ട്ടം എന്ന് പറയിപ്പിച്ച കുട്ടി .നീ ഫോളോ ചെയ്യുന്നവരിൽ പലരും നിന്നെ കുറ്റം പറഞ്ഞവരാണ്, മറഞ്ഞ് നിന്ന് പോലും'.
ശക്തയായി തന്നെ മുന്നോട്ട് പോകുക, സോറി പറയേണ്ടവരോട് സോറി പറയുക. ഉത്തരം കൊടുക്കേണ്ടവർക്ക് മാത്രം ഉത്തരം കൊടുക്കുക', ഇങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications