ജാസ്മിന് ബിഗ് ബോസിൽ വെച്ച് അഭിഷേകിനോട് ക്രഷ് തോന്നിയിരുന്നോയെന്ന് സായി; ജാസ്മിന്റെ മറുപടി ഇതാ
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് സിജോ ജോൺ. ഷോയിൽ തുടക്കത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സിജോ. എന്നാൽ ഷോയിൽ വെച്ച് സഹതാരമായ റോക്കി മർദ്ദിച്ചതിനെ തുടർന്ന് താരത്തിന് ഷോയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ സിജോ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് പിന്നീട് ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. അപ്പോഴേക്കും സിജോയുടെ ബിഗ് ബോസ് ഗ്രാഫ് ഇടിഞ്ഞിരുന്നു. ഫൈനലിൽ എത്തും മുൻപ് തന്നെ താരം പുറത്താകുകയും ചെയ്തു.
ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ താരം ആദ്യം വെളിപ്പെടുത്തിയ രഹസ്യം തന്റെ പ്രണയമായിരുന്നു. സുഹൃത്തായ ലിനു എന്ന പെൺകുട്ടിയെ ആണ് താൻ പ്രണയിക്കുന്നത് എന്നായിരുന്നു സിജോ അറിയിച്ചത്. വൈകാതെ ലിനുവിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ബിഗ് ബോസ് കഴിഞ്ഞ ഉടൻ തന്റെ വിവാഹം പ്ലാൻ ചെയ്തിരുന്നതായിരുന്നുവെന്നും എന്നാൽ ബിഗ് ബോസിൽ വെച്ചുണ്ടായ തല്ലും തുടർന്നുണ്ടായ ചികിത്സയുമെല്ലാം കാരണം വിവാഹം നീട്ടിവെച്ചതായും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് സിജോ. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നിശ്ചയ ചടങ്ങിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചടങ്ങിൽ സീസൺ 6 ലെ മിക്ക താരങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിൽ സിജോയുടെ അടുത്ത സുഹൃത്തും സഹമത്സരാർത്ഥിയുമായ സായ് കൃഷ്ണ പങ്കുവെച്ച് വ്ലോഗ് ആണ് വൈറലാകുന്നത്. ചടങ്ങിന് പോകാൻ ഒരുങ്ങുന്നത് മുതലുള്ള രംഗങ്ങൾ എല്ലാം വീഡിയോയിൽ ഉണ്ട്. ജാസ്മിൻ, ഗബ്രി, സായി,സായുടെ ഭാര്യ സ്നേഹ എന്നിവരുമായിട്ടാണ് വ്ലോഗ് തുടങ്ങുന്നത് ജാസ്മിനും സ്നേഹയുമെല്ലാം ചടങ്ങിന് വേണ്ടി തയ്യാറാകുന്നത് വീഡിയോയിൽ കാണാം. ഒരുക്കത്തിന് ശേഷം എല്ലാവരും ചേർന്ന് ചടങ്ങിൽ പങ്കെടുക്കുന്നതും ആഘോഷിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. ചടങ്ങിന്റെ വേദിയിൽ വെച്ച് ബിഗ് ബോസ് താരങ്ങൾ സിജോയുമായുള്ള സൗഹൃദത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചുമെല്ലാം പങ്കിട്ടു. തനിക്ക് ബിഗ് ബോസിൽ നിന്നും ലഭിച്ച സ്പെഷ്യൽ വ്യക്തിയാണ് സിജോയെന്നായിരുന്നു താരം പറഞ്ഞത്.
'ബിഗ് ബോസിൽ പോകുന്നതിന് മുൻപ് തന്നെ സിജോയെ പരിചയമുണ്ട്. പല തവണ വിളിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം ഔദ്യോഗിക വിളികളായിരുന്നു. ബിഗ് ബോസിൽ ഹൗസിൽ വെച്ചാണ് സിജോയുമായി സൗഹൃദത്തിലാകുന്നത്. ഒരു സഹോദരനെക്കാൾ മുകളിലുള്ള ബന്ധമാണ്. ഏത് സമയത്തും വിളിക്കാം സംസാരിക്കാം അങ്ങനെയൊരു ആളാണ് സിജോ. ഹൗസിൽ എല്ലാവരുമായി അടുപ്പമുണ്ടെങ്കിലും സിജോയുമായും നന്ദനയുമായും ഒരു പ്രത്യേക ബോണ്ട് ഉണ്ട്', എന്നായിരുന്നു സായിയുടെ വാക്കുകൾ.
അതേസമയം ബിഗ് ബോസ് താരങ്ങളെല്ലാവരും തങ്ങളുടെ ഹൗസിലെ നല്ല നിമിഷങ്ങളെ കുറിച്ചെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ചടങ്ങിനെത്തിയ അഭിഷേക് ശ്രീകുമാറും ജാസ്മിനും പരസ്പരം കളിയാക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. സംസാരത്തിനടിയിൽ ജാസ്മിന് ബിഗ് ബോസിൽ വെച്ച് അഭിഷേകിനോട് ക്രഷ് ഉണ്ടായിരുന്നോവെന്ന് സായി ചോദിക്കുന്നുണ്ട്. അതിന് ജാസ്മിൻ കൊടുത്ത മറുപടി ഇങ്ങനെ
'പിന്നെ ക്രഷ് തോന്നാൻ പറ്റിയ ആള്. ഇവനോട് ആകെ തോന്നിയത് പാവം പിടിച്ച ചെക്കനാണെന്നാണ്. ടോക്സിക് എന്ന് പറഞ്ഞ് വന്നിട്ട് അമ്പോറ്റി പെൺപിള്ളേര് എന്ന് പറഞ്ഞാൽ അപ്പോൾ കിറുങ്ങി വീഴുന്ന ചെക്കനായിട്ടാണ് തോന്നിയത്', താരം പറഞ്ഞു. എന്തായാലും അടിച്ച് പൊളിച്ച് ആഘോഷിച്ചതിന് ശേഷമാണ് എല്ലാവരും മടങ്ങിയത്.












Click it and Unblock the Notifications